കൊച്ചി: കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ ചെയർമാനായി മൂവാറ്റുപുഴ ബിഷപ് യുഹാനോൻ മാർ തിയോഡോഷ്യസ് സ്ഥാനമേറ്റു. ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ കമ്മീഷൻ ചെയർമാൻ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണു പുതിയ നിയമനം.
സീറോ മലങ്കര സഭയുടെ കൂരിയ ബിഷപ്പും യൂറോപ്പ്, ഓഷ്യാനിയ എന്നിവയുടെ അപ്പസ്തോലിക് വിസിറ്റേറ്ററുമാണു മാർ തിയോഡോഷ്യസ്. പാലാരിവട്ടം പിഒസിയിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ മദ്യവിരുദ്ധ കമ്മീഷൻ സെക്രട്ടറി ഫാ. ജോണ് അരീക്കൽ ബൊക്കെ നൽകി പുതിയ ചെയർമാനെ സ്വീകരിച്ചു. കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ഭാരവാഹികളായ അഡ്വ. ചാർളി പോൾ, പ്രസാദ് കുരുവിള, യോഹന്നാൻ ആന്റണി, ആന്റണി ജേക്കബ് ചാവറ, ഫാ. പോൾ കാരാച്ചിറ, റവ.ഡോ.ദേവസി പന്തലൂക്കാരൻ, സിസ്റ്റർ റോസ്മിൻ, തോമസുകുട്ടി മണക്കുന്നേൽ, ജോസ് ചെന്പിശേരി,തങ്കച്ചൻ വെളിയിൽ, ഷിബു കാച്ചപ്പള്ളി, രാജൻ ഉറുന്പിൽ, ബെനഡിക്ട് ക്രിസോസ്റ്റം, ഫാ. ജോസ് പുത്തൻ ചിറ തുടങ്ങിവർ പ്രസംഗിച്ചു.
സമിതിയുടെ ഏകദിന ഡയറക്ടേഴ്സ് മീറ്റ് 28നു രാവിലെ 10.30മുതൽ പിഒസിയിൽ നടക്കും. ബിഷപ് യുഹാനോൻ മാർ തിയോഡോഷ്യസ് ഉദ്ഘാടനം ചെയ്യും. 32രൂപതകളിലെയും ഡയറക്ടർമാരും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും പങ്കെടുക്കണമെന്ന് കമ്മീഷൻ സെക്രട്ടറി ഫാ. ജോണ് അരീക്കൽ, സമിതി സെക്രട്ടറി അഡ്വ. ചാർളി പോൾ എന്നിവർ അറിയിച്ചു.