വിശുദ്ധ കുര്‍ബാനയില്‍ഭക്ഷ്യ സുരക്ഷ ഉറപ്പാക്കണമെന്ന വിചിത്ര ഹര്‍ജി ഹൈക്കോടതി തള്ളി ::Syro Malabar News Updates വിശുദ്ധ കുര്‍ബാനയില്‍ഭക്ഷ്യ സുരക്ഷ ഉറപ്പാക്കണമെന്ന വിചിത്ര ഹര്‍ജി ഹൈക്കോടതി തള്ളി
25-January,2020

കൊച്ചി: വിശുദ്ധ കുര്‍ബാനയുടെ ഭാഗമായി ദേവാലയങ്ങളില്‍ വിതരണം ചെയ്യുന്ന തിരുവോസ്തിയും തിരുരക്തവും ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സുരക്ഷിതമാണെന്ന് ഉറപ്പാക്കണമെന്ന വിചിത്രമായ ഹര്‍ജി ഹൈക്കോടതി തള്ളി. ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് എന്ന സംഘടനയ്ക്കുവേണ്ടി പ്രസിഡന്റ് ഡോ. ഒ. ബേബി നല്‍കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍,ജസ്റ്റീസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് തള്ളിയത്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍,ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അഥോറിറ്റി, കേരള കാത്തലിക് ബിഷപ് കൗണ്‍സില്‍,വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരായിരുന്നു കേസിലെ എതിര്‍കക്ഷികള്‍. 

വിഷയത്തില്‍ ഇടപെടാന്‍ ഭക്ഷ്യ സുരക്ഷാ അഥോറിറ്റിക്ക് അധികാരമില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. കോടതി പരാമര്‍ശം ഇങ്ങനെ, കുര്‍ബാനയ്ക്കിടെ അപ്പവും വീഞ്ഞും സ്വീകരിക്കുന്നതു വിശ്വാസത്തിന്റെ ഭാഗമാണ്. ക്രിസ്തുവിന്റെ അന്ത്യഅത്താഴ വേളയിലെ ഉടമ്പടിയുടെ ഓര്‍മയ്ക്കായിട്ടാണ് ക്രിസ്ത്യാനികള്‍ അപ്പവും വീഞ്ഞും സ്വീകരിക്കുന്നത്. കത്തോലിക്ക വിശ്വാസികള്‍ കുര്‍ബാന നടത്തുമ്പോഴെല്ലാം അപ്പവും വീഞ്ഞും നല്‍കുമെങ്കിലും ചില ക്രൈസ്തവ വിഭാഗങ്ങള്‍ ചില പ്രത്യേക സമയത്തു മാത്രമാണു വിശുദ്ധ കുര്‍ബാന നല്‍കുന്നത്. ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ ഉടന്പടിയായാണു കുര്‍ബാന സ്വീകരിക്കുന്നത്. ഇക്കാരണത്താല്‍ത്തന്നെ കുര്‍ബാനയ്ക്കിടെ അപ്പവും വീഞ്ഞും വിശ്വാസികള്‍ സ്വീകരിക്കുന്നതു ഭക്ഷണമായല്ല, വിശ്വാസത്തിന്റെ ഭാഗമായാണ്. 

ഇവയുടെ വിതരണത്തില്‍ പുരോഹിതര്‍ അങ്ങേയറ്റം ജാഗ്രതയും വൃത്തിയും പാലിക്കുന്നുണ്ട്. ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിനനുസരിച്ചു വിശ്വാസങ്ങള്‍ വച്ചുപുലര്‍ത്താന്‍ വിശ്വാസികള്‍ക്ക് അവകാശമുണ്ട്. ഇതനുസരിച്ചു കുര്‍ബാനയുടെ ഭാഗമായി വിശ്വാസികള്‍ പുലര്‍ത്തുന്ന വിശ്വാസങ്ങളില്‍ ഇടപെടാന്‍ ഒരു അതോറിറ്റിക്കും അധികാരമില്ല. ഈ ആചാരവിശ്വാസങ്ങളില്‍ എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ അതിനു സഭാധികൃതര്‍ തന്നെ തീരുമാനിക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. 

പള്ളികളില്‍ ഇത്തരത്തില്‍ അപ്പവും വീഞ്ഞും വിതരണം ചെയ്യുന്നതിലൂടെ ആര്‍ക്കെങ്കിലും പകര്‍ച്ചവ്യാധി ഉണ്ടായെന്നു ഹര്‍ജിക്കാരന് ആരോപണമില്ല. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരാനുഷ്ഠാനങ്ങളിലും വിശ്വാസങ്ങളിലും കോടതി ഇടപെടുന്നില്ല. ഭരണഘടനപ്രകാരം മതപ്രചാരണത്തിനും ആചാരനുഷ്ഠാനങ്ങള്‍ക്കും വ്യക്തികള്‍ക്കു സ്വാതന്ത്ര്യമുണ്ട്. ക്രിസ്ത്യന്‍ വിശ്വാസികള്‍ക്കു ഭരണഘടനയുടെ 19 (1) എ, 21എന്നിവ പ്രകാരം വിശ്വാസത്തിനും മതാചാരപ്രകാരമുള്ള അനുഷ്ഠാനങ്ങള്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. യാതൊരു പ്രസക്തിയുമില്ലെന്ന് അറിഞ്ഞിട്ടും വിശുദ്ധ കുര്‍ബാനയെ അവഹേളിക്കുന്ന വിധത്തില്‍ പ്രചരണം നടത്താന്‍ ഹര്‍ജി ഫയല്‍ ചെയ്ത സംഘടനയ്ക്കെതിരെ നവമാധ്യമങ്ങളില്‍ പ്രതിഷേധം ഉയരുന്നുണ്ട്.


Source: Pravachavakasabdam.com

Attachments
Back to Top

Never miss an update from Syro-Malabar Church