“പാപമോചനത്തിനുള്ള ജ്ഞാനസ്നാനം” വിശുദ്ധിയുടെ വ്യക്തമായ ആഹ്വാനം::Syro Malabar News Updates “പാപമോചനത്തിനുള്ള ജ്ഞാനസ്നാനം” വിശുദ്ധിയുടെ വ്യക്തമായ ആഹ്വാനം
18-January,2020

ജനുവരി പതിനേഴാം തിയതി വത്തിക്കാനില്‍ ഫിന്‍ലാന്‍റിലെ ലൂഥറൻ സഭയുടെ എക്യൂമെനിക്കല്‍ പ്രതിനിധി സംഘവുമായി കൂടികാഴ്ച്ച നടത്തിയവസരത്തില്‍ പാപ്പാ നല്‍കിയ സന്ദേശം.
 
Photo:ഫിന്‍ലാന്‍റിലെ ലൂഥറൻ സഭയുടെ എക്യൂമെനിക്കല്‍ പ്രതിനിധി സംഘവുമായി പാപ്പാ  (Vatican Media)
 
ഇന്നത്തെ പല തെറ്റ്ദ്ധാരണകൾക്കിടയിലും പരസ്പര ധാരണയിലേക്ക് കടന്നുവരാന്‍  ക്ഷണിച്ച ബിഷപ്പ് ടീമുവിന്‍റെ വാക്കുകൾക്ക് നന്ദി പറഞ്ഞ പാപ്പാ, വിശുദ്ധ ഹെൻ‌റിക്കിന്‍റെ തിരുന്നാളോടനുബന്ധിച്ച് എക്യുമെനിക്കൽ തീർത്ഥാടനത്തിനായി അവര്‍ റോമിലെത്തിയതിനെ അനുസ്മരിക്കുകയും ചെയ്തു. കഴിഞ്ഞ ഞായറാഴ്ച യേശുവിന്‍റെ ജ്ഞാനസ്നാനതിരുന്നാൾ ആഘോഷിച്ചതിനെ അനുസ്മരിച്ച പാപ്പാ നിസെൻ-കോൺസ്റ്റാന്‍റിനോ പൊളിറ്റൻ വിശ്വാസപ്രമാണത്തിൽ നാം പ്രഖ്യാപിക്കുന്ന “പാപമോചനത്തിനുള്ള ജ്ഞാനസ്നാനം”  എന്നത് വിശുദ്ധിയുടെ വ്യക്തമായ ആഹ്വാനമാണന്ന് ചൂണ്ടികാണിച്ചു.
 
"സഭയുടെ ജീവിതത്തിൽ നീതീകരണം"(Justification in the Life of the Church) എന്ന തലക്കെട്ടിൽ സ്വീഡനും ഫിൻലാൻഡിനുമുള്ള കത്തോലിക്കാ-ലൂഥറൻ സംവാദത്തിനായുള്ള സമൂഹത്തിന്‍റെ റിപ്പോർട്ട്,  സ്നാനമേറ്റവർ അവരുടെ സഹോദരീ സഹോദരന്മാർക്കൊപ്പം ചേർന്ന് ക്രിസ്തുവില്‍ നിന്നും വരുന്ന പൊതു നീതികരണത്തിലൂടെ വിശുദ്ധിയിലേക്കുള്ള അവസരങ്ങളെ വികസിപ്പിക്കാൻ കഴിയുമെന്ന് ശരിയായി നിരീക്ഷിക്കുന്നതായി പാപ്പാ വെളിപ്പെടുത്തി.
 
ക്രിസ്തുവിന്‍റെ  മൗതീക ശരീരത്തിലെ അംഗങ്ങളെന്ന നിലയിൽ, ക്രിസ്ത്യാനികൾ പരസ്പരം ബന്ധിതരാണ്. അവർ പരസ്പരം ഭാരം വഹിക്കേണ്ടവരാണ്. ലോകത്തെ വീണ്ടെടുക്കാൻ ക്രിസ്തു ലോകത്തിലേക്ക് കടന്നു വന്നതിനാൽ നമ്മുടെ അനുദിന ജീവിത സാഹചര്യങ്ങള്‍ക്കിടയിൽ സുവിശേഷത്തിന് സാക്ഷ്യം വഹിക്കണമെന്നത് സഭയുടെയും, ഓരോ അൽമായ വ്യക്തിയുടെയും, അഭിഷിക്തന്‍റെയും ദൗത്യമാണ്. ജ്ഞാനസ്നാനം സ്വീകരിച്ച എല്ലാ സമൂഹവും പരസ്പരം അന്യോനമായോ, എതിരായോ നില്‍ക്കാതെ ഒരുമിച്ചു നിൽക്കണമെന്ന് ആഹ്വാനം ചെയ്ത പാപ്പാ ആത്മീയ എക്യുമെനിസവും, എക്യുമെനിക്കൽ സംവാദവും ഒരുമിച്ച് നിൽക്കുന്നതിനെ  കൂടുതൽ ആഴത്തിലാക്കാൻ സഹായിക്കുന്നുവെന്നും ഈ യോജിപ്പ് ഫിൻ‌ലാൻഡിൽ വളരുകയും അഭിവൃദ്ധി പ്രാപിക്കുകയും ഫലം നല്‍കുകയും ചെയ്യട്ടെ എന്നാശംസിക്കുകയും ചെയ്തു.
 
ജനുവരി പതിനെട്ടിന് ആരംഭിക്കുന്ന ക്രിസ്തീയ ഐക്യത്തിനായുള്ള പ്രാർത്ഥന വാരം ഈ എക്യുമെനിക്കലിന്‍റെ നന്മയെ നമുക്ക് കാണിച്ചുതരുന്നതോടൊപ്പം പ്രേഷിത യാത്രയുടെ സമയത്തിൽ കപ്പൽ തകര്‍ന്നപ്പോൾ മാള്‍ട്ടാ നിവാസികൾ തകർന്ന കപ്പലിലുണ്ടായിരുന്ന നൂറുകണക്കിൽ വരുന്ന വ്യക്തികളെ സ്വീകരിച്ച് ആതിഥ്യമര്യാദ നൽകി “അവർ ഞങ്ങൾക്ക് അസാധാരണമായ ദയ കാണിച്ചു” (അപ്പോ.28:2) എന്ന് പൗലോസ് അപ്പോസ്തലൻ വ്യക്തമാക്കുന്നത് പോലെ നമ്മോടും ശുപാർശ ചെയ്യുന്നതായും പാപ്പാ വെളിപ്പെടുത്തി.
 
മാമ്മോദീസാ സ്വീകരിച്ച ക്രിസ്ത്യാനികളെന്ന നിലയിൽ, ജീവിതമാകുന്ന കപ്പൽ തകർന്നവരുടെ ജീവിതത്തിലൂടെ ക്രിസ്തു നമ്മെ കണ്ടുമുട്ടാൻ ആഗ്രഹിക്കുന്നുവെന്നും  ആതിഥ്യം കാണിക്കുന്നവർ ദരിദ്രരല്ല, ധനികരാണെന്നും, നൽകുന്നവർക്ക് പ്രതിഫലമായി ലഭിക്കുമെന്നും, നാം മറ്റുള്ളവരോടു കാണിക്കുന്ന മനുഷ്യത്വം നിറഞ്ഞ പ്രവർത്തി  മനുഷ്യനായി അവതരിച്ച ദൈവത്തിന്‍റെ നന്മയിൽ നിഗൂഡമായ ഒരു രീതിയില്‍ നമ്മെ  പങ്കാളികളാക്കുന്നുവെന്നും പാപ്പാ തന്‍റെ സന്ദേശത്തില്‍ വ്യക്തമാക്കി.   

Source: vaticannews.va

Attachments
Back to Top

Never miss an update from Syro-Malabar Church