മാർ ജോസ് പുളിക്കൽ കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ പാലക്കാട് രൂപതയ്ക്ക് സഹായമെത്രാൻ::Syro Malabar News Updates മാർ ജോസ് പുളിക്കൽ കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ പാലക്കാട് രൂപതയ്ക്ക് സഹായമെത്രാൻ
15-January,2020

കാക്കനാട്: കാഞ്ഞിരപ്പള്ളി രൂപതയുടെ പുതിയ മെത്രാനായി മാർ ജോസ് പുളിക്കലിനെയും പാലക്കാട് രൂപതയുടെ സഹായമെത്രാനായി ഫാ. പീറ്റർ കൊച്ചുപുരയ്ക്കലിനെയും സീറോമലബാർ സഭയുടെ 28മത് സിനഡിന്റെ ആദ്യ സമ്മേളനം തെരഞ്ഞെടുത്തു. സിനഡിന്റെ തീരുമാനങ്ങൾക്ക് മാർപ്പാപ്പയുടെ അംഗീകാരം ലഭിച്ചതോടെ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പുതിയ നിയമനങ്ങളിൽ ഒപ്പുവച്ചു. ഇത് സംബന്ധിച്ച പ്രഖ്യാപനം സിനഡിന്റെ സമ്മേളനത്തിന്റെ അവസാന ദിവസമായ ജനുവരി 15 ന് ഇറ്റാലിയൻ സമയം ഉച്ചക്ക് 12 മണിക്ക് വത്തിക്കാനിലും ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 4.30ന് സീറോ മലബാർ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലും നടന്നു. അഞ്ചു ദിവസം നീണ്ടുനിന്ന സിനഡിന്റെ സമാപനത്തിലാണ് പുതിയ മെത്രാന്മാരുടെ നിയമനങ്ങൾ അറിയിച്ചത്.
സിനഡിന്റെ സമാപന ദിവസം നടത്തിയ നിയമന പ്രഖ്യാപന യോഗത്തിൽ സഭയിലെ 58 മെത്രാന്മാരും ക്ഷണിക്കപ്പെട്ട വിശിഷ്ട വ്യക്തികളും നിരവധി വൈദികരും സമർപ്പിതരും അൽമായരും പങ്കെടുത്തു. മേജർ ആർക്കിഎപ്പിസ്കോപ്പൽ ചാൻസലർ ഫാ. വിൻസെന്റ് ചെറുവത്തൂർ പുതിയ നിയമനങ്ങൾ വായിച്ചു. കാഞ്ഞിരപ്പള്ളി രൂപതയുടെ നിയുക്ത മെത്രാൻ മാർ ജോസ് പുളിക്കലിന് മേജർ ആർച്ചുബിഷപ്പും സ്ഥാനമൊഴിയുന്ന മെത്രാൻ മാർ മാത്യു അറയ്ക്കലും ചേർന്ന് പൂച്ചെണ്ട് നൽകി അഭിനന്ദിച്ചു. 
 
 
പാലക്കാട് രൂപതയുടെ സഹായമെത്രാനായി നിയമിതനായ ഫാ. പീറ്റർ കൊച്ചുപുരയ്ക്കലിനെ മേജർ ആർച്ചുബിഷപ്പും പാലക്കാട് രൂപത മെത്രാൻ മാർ ജേക്കബ് മനത്തോടത്തും ചേർന്ന് മെത്രാന്റെ സ്ഥാനചിഹ്നങ്ങളണിയിച്ചു. തുടർന്ന് നിയുക്ത മെത്രാന്മാരെ മെത്രാപ്പോലീത്തമാരും മെത്രാന്മാരും വൈദികരും സിസ്റ്റേഴ്സും വിശിഷ്ട വ്യക്തികളും തങ്ങളുടെ ആശംസകൾ അറിയിച്ചു.
 
കാഞ്ഞിരപ്പള്ളി രൂപതയുടെ മൂന്നാമത്തെ മെത്രാനായിരുന്ന മാർ മാത്യു അറയ്ക്കൽ 2019 ഡിസംബർ 10ന് 75 വയസ്സ് പൂർത്തിയാക്കി സഭാനിയമപ്രകാരം രാജി സമർപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് ആവശ്യമായ കാനോനിക നടപടികൾ പൂർത്തിയാക്കി മാർ ജോസ് പുളിക്കലിനെ പുതിയ മെത്രാനായി സിനഡ് തെരഞ്ഞെടുത്തത്. 2001 ്രെബഫുവരി 9 നാണ് മാർ മാത്യു അറയ്ക്കൽ കാഞ്ഞിരപ്പള്ളി മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടത്. 18 വർഷങ്ങൾ കാഞ്ഞിരപ്പള്ളി രൂപതയെ വളർച്ചയുടെയും വികസനത്തിന്റെയും വഴികളിലൂടെ നയിച്ചതിനു ശേഷമാണ് മാർ മാത്യു  അറയ്ക്കൽ പിതാവ് വിരമിക്കുന്നത്. പാലക്കാട് രൂപത ഭരണ നിർവ്വഹണത്തിൽ സഹായമെത്രാൻ വേണമെന്ന രൂപതാദ്ധ്യക്ഷന്റെ ആവശ്യപ്രകാരമാണ് പാലക്കാട് രൂപതയ്ക്ക് സഹായമെത്രാനെ സിനഡ് തെരഞ്ഞെടുത്തത്. മാർ ജോസ് പുളിക്കൽ കാഞ്ഞിരപ്പള്ളിയുടെ മെത്രാനായി സ്ഥാനമേറ്റെടുക്കുന്ന തീയതിയും ഫാ. പീറ്റർ കൊച്ചുപുരയ്ക്കലിന്റെ മെത്രാഭിഷേക തീയതിയും പിന്നീട് അറിയിക്കുന്നതാണ്.
1964 മാർച്ച് 3 ന് ഇഞ്ചിയാനി പുളിക്കൽ ആന്റണിയുടെയും മറിയാമ്മയുടെയും ഏക മകനായി ജനിച്ച മാർ ജോസ് പുളിക്കൽ ഹൈസ്കൂൾ വിദ്യാഭ്യാസവും പ്രിഡിഗ്രിയും പൂർത്തിയാക്കിയ ശേഷം കാഞ്ഞിരപ്പള്ളി രൂപത മൈനർ സെമിനാരിയിൽ വൈദിക പരിശീലനം അരംഭിച്ചു. വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ നിന്ന് വൈദിക പരിശീലനം പൂർത്തിയാക്കിയ അദ്ദേഹം 1991 ജനുവരി ഒന്നാം തീയതി അന്നത്തെ കാഞ്ഞിരപ്പള്ളി മെത്രാൻ മാർ മാത്യു വട്ടക്കുഴിയിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. ഏതാനും വർഷത്തെ അജപാലന പ്രവർത്തനങ്ങൾക്കുശേഷം ബാംഗ്ളൂർ ധർമ്മാരാം വിദ്യാക്ഷേത്രത്തിൽ നിന്ന് ബൈബിൾ വിജ്ഞാനീയത്തിൽ ഡോക്ടേറേറ്റ് കരസ്ഥമാക്കി. വെട്ടുകാട് സ്നേഹാശ്രമം, രൂപത വിശ്വാസ പരിശീലന ഡയറക്ടർ, മിഷൻലീഗ് ഡയറക്ടർ, പത്തനംതിട്ട ഫൊറോന വികാരി, റാന്നി-പത്തനംതിട്ട റീജിയന്റെ പ്രത്യേക ചുമതലയുള്ള സിഞ്ചെലൂസ് എന്നീ നിലകളിൽ സേവനം ചെയ്തു. 
 
കാഞ്ഞിരപ്പള്ളി രൂപതയുടെ സഹായമെത്രാനായി നിയമിതനായ അദ്ദേഹം 2016 ഫെബ്രുവരി 4-ാം തീയതി അദ്ദേഹം അഭിഷേകം ചെയ്യപ്പെട്ടു. അറിയപ്പെടുന്ന ധ്യാനഗുരുവും വാഗ്മിയും ഗ്രന്ഥകാരനുമാണ് മാർ ജോസ് പുളിക്കൽ. കുടുംബത്തിലെ ഏകമകനായ അദ്ദേഹം മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾത്തന്നെ സ്വന്തം വീടും സ്ഥലവും സ്നേഹാശ്രമം എന്ന പേരിൽ കുട്ടികളുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി വിട്ടുകൊടുത്തിരുന്നു. 1977 ൽ സ്ഥാപിതമായ കാഞ്ഞിരപ്പള്ളി രൂപതയുടെ നാലാമത്തെ മെത്രാനായാണ് മാർ ജോസ് പുളിയ്ക്കൽ സ്ഥാനമേൽക്കുന്നത്.
 
പാലക്കാട് രൂപതയുടെ സഹായമെത്രാനായി തെരഞ്ഞെടുക്കപ്പെട്ട ഫാ. പീറ്റർ കൊച്ചുപുരയ്ക്കൽ 1964 ൽ പാലാ രൂപതയിലെ മരങ്ങോലിയിലാണ് ജനിച്ചത്. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം വൈദിക പരിശീലനത്തിനായി പാലക്കാട് രൂപത മൈനർ സെമിനാരിയിൽ ചേർന്നു. ആലുവ പൊന്തിഫിക്കൽ സെമിനാരിയിൽ നിന്ന് വൈദിക പരിശീലനം പൂർത്തിയാക്കിയ അദ്ദേഹം മാർ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവിൽ നിന്ന് വൈദിക പട്ടം സ്വീകരിച്ചു. പൗരോഹിത്യ സ്വീകരണത്തിനു ശേഷം രൂപതയിലെ വിവിധ ഇടവകകളിലും സ്ഥാപനങ്ങളിലും അദ്ദേഹം ശുശ്രൂഷ ചെയ്തു. റോമിലെ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സഭാ നിയമത്തിൽ അദ്ദേഹം ഡോക്ടറേറ്റ് നേടി.
ഉപരിപഠനത്തിനു ശേഷം വിവിധ ഇടവകകളിൽ വികാരിയായും രൂപതാ മൈനർ സെമിനാരി റെക്ടറായും ജുഡീഷ്യൽ വികാരിയായും സേവനം ചെയ്തു. നിലവിൽ ഫാ. പീറ്റർ കൊച്ചുപുരയ്ക്കൽ രൂപതാ ചാൻസലർ   സെമിനാരിക്കാരുടെയും സമർപ്പിതരുടെയും പ്രത്യേക ഉത്തരവാദിത്തമുള്ള സിഞ്ചെലൂസ് എന്നി നിലകളിൽ പ്രവർത്തിച്ചുവരുമ്പോഴാണ് രൂപതയുടെ സഹായമെത്രാനായി നിമിതനാകുന്നത്. 1974 ൽ സ്ഥാപിതമായ പാലക്കാട് രൂപതയുടെ പ്രഥമ സഹായമെത്രാനായാണ് അദ്ദേഹം അഭിഷിക്തനാകുന്നത്. സഭാ നിയമപണ്ഡിതൻ പ്രഭാഷകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന നിയുക്ത മെത്രാൻ ഇംഗ്ലീഷിനു പുറമേ ഇറ്റാലിയൻ ജർമ്മൻ എന്നീ ഭാഷകളും അനായാസം കൈകാര്യം ചെയ്യുന്ന വ്യക്തിയാണ്.
 
 
ബിഷപ്പ് ജോസഫ് പാംപ്ലാനി
 
ചെയർമാൻ, സീറോ മലബാർ മീഡിയാ കമ്മീഷൻ

Source: SM Media Commission

Attachments
Back to Top

Never miss an update from Syro-Malabar Church