ന്യൂനപക്ഷക്ഷേമ പദ്ധതികളിലെ വിവേചനം അവസാനിപ്പിക്കണം: സീറോ മലബാർ സഭാ സിനഡ് ::Syro Malabar News Updates ന്യൂനപക്ഷക്ഷേമ പദ്ധതികളിലെ വിവേചനം അവസാനിപ്പിക്കണം: സീറോ മലബാർ സഭാ സിനഡ്
15-January,2020

കാക്കനാട്:  ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനായി സർക്കാർതലത്തിൽ നടപ്പിലാക്കുന്ന പദ്ധതികളിൽ ക്രൈസ്തവർ വിവേചനം അനുഭവിക്കുന്നതായി സീറോ മലബാർ സഭാ സിനഡ് വിലയിരുത്തി. നിയമപരമായി തന്നെ ന്യൂനപക്ഷക്ഷേമ വകുപ്പ് ചിലവിടുന്ന തുകയുടെ 80% ഒരു ന്യൂനപക്ഷ വിഭാഗത്തിനു മാത്രമായി സംവരണം ചെയ്തിരിക്കുകയാണ്. ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് നിയമിച്ച പാലോളി മുഹമ്മദ്കുട്ടി കമ്മിറ്റിയുടെ കണ്ടെത്തൽ പ്രകാരം സാമ്പത്തിക അവശത ഈ വിഭാഗത്തിന് മാത്രമാണെന്ന തെറ്റായ നിഗമനത്തിൽ നിന്നാണ് 80% സഹായം ഈ വിഭാഗത്തിനും 20% ന്യൂനപക്ഷങ്ങളിലെ മറ്റ് അഞ്ച് വിഭാഗങ്ങൾക്കുമെന്ന ഫോർമുല നിർണ്ണയിക്കപ്പെട്ടത്. ഈ നടപടി ജനാധിപത്യവിരുദ്ധവും മതേതരത്വ മൂല്യങ്ങൾക്ക് നിരക്കാത്തതുമാകയാൽ നീതി നടപ്പിലാക്കണമെന്ന് സിനഡ് സർക്കാരിനോട് ആവശ്യപ്പെട്ടു. ന്യൂനപക്ഷ ആനുകൂല്യങ്ങൾ ജനസംഖ്യാനുപാതികമായി ലഭ്യമാക്കാനുള്ള ക്രമീകരണം സർക്കാർ സത്വരമായി നടപ്പിലാക്കണം.
 
പി.എസ്.സി, യു.പി.എസ്.സി, ബാങ്ക്, റെയിൽവേ തുടങ്ങിയ മത്സര പരീക്ഷകൾക്കായി സൗജന്യ കോച്ചിംഗ് സെന്ററുകൾ സർക്കാർ ചിലവിൽ ന്യൂനപക്ഷ വകുപ്പിന് കീഴിൽ നടത്തുന്ന കേരളത്തിലെ 45-ൽ അധികം വരുന്ന കേന്ദ്രങ്ങൾ എല്ലാം തന്നെ ഒരു വിഭാഗത്തിനു മാത്രമായി നൽകിയിരിക്കുന്നതും സാമൂഹ്യ നീതിക്കു നിരക്കാത്തതാണ്. കൂടാതെ, ജില്ലാതല ന്യൂനപക്ഷ കോർഡിനേഷൻ കമ്മിറ്റികളിൽ ഇപ്പോൾ കേരളത്തിൽ നിലവിലുള്ള 39 കമ്മിറ്റി അംഗങ്ങളിൽ മുപ്പതു പേരും ഒരേ സമുദായത്തിൽ നിന്നായത് നീതിപൂർവ്വമാണോ എന്നു വിലയിരുത്തേത് സർക്കാരാണ് എന്നും സിനഡ് വിലയിരുത്തി.
 
 
ബിഷപ്പ് ജോസഫ് പാംപ്ലാനി
 
ചെയർമാൻ,സീറോ മലബാർ മീഡിയാ കമ്മീഷൻ

Source: SM Media Commission

Attachments
Back to Top

Never miss an update from Syro-Malabar Church