വിളക്കന്നൂരില്‍യേശുവിന്റെ തിരുമുഖം പതിഞ്ഞ തിരുവോസ്തി റോമിലേക്ക് . ::Syro Malabar News Updates വിളക്കന്നൂരില്‍യേശുവിന്റെ തിരുമുഖം പതിഞ്ഞ തിരുവോസ്തി റോമിലേക്ക് .
15-January,2020

വിളക്കന്നൂര്‍: തലശ്ശേരി അതിരൂപതയ്ക്കു കീഴിലുള്ള വിളക്കന്നൂര്‍ ദേവാലയത്തില്‍ ഈശോയുടെ തിരുമുഖം പ്രത്യക്ഷപ്പെട്ട തിരുവോസ്തി കൂടുതല്‍ ശാസ്ത്രീയ പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കുമായി റോമിലേക്ക്. ഇത് സംബന്ധിച്ച നടപടികളുടെ ഭാഗമായി തിരുവോസ്തി സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട് എത്തിച്ചു. സീറോ മലബാര്‍ സിനഡ് നാളെ സമാപിക്കുവാനിരിക്കെ കൊച്ചിയില്‍ എത്തുന്ന ഭാരതത്തിന്റെ അപ്പസ്തോലിക ന്യൂണ്‍ഷോ ആർച്ച് ബിഷപ്പ് ഗിയാംബാറ്റിസ്റ്റ ദിക്വാത്രൊയ്ക്കു തിരുവോസ്തി കൈമാറും. ഇടവക വികാരി ഫാ. മാത്യു വേങ്ങക്കുന്നേലിന്റെ നേതൃത്വത്തില്‍ നാലുപേരടങ്ങുന്ന സംഘമാണ് പ്രാര്‍ത്ഥനയുടെ അകമ്പടിയോടെ തിരുവോസ്തി കാക്കനാടെത്തിച്ചത്. 

2013നവംബർ 15നു വിളക്കന്നൂര്‍ ക്രിസ്തുരാജ ദേവാലയത്തില്‍ ഫാ. തോമസ് പതിക്കൽ അര്‍പ്പിച്ച ദിവ്യബലി മദ്ധ്യേ തിരുവോസ്തിയില്‍ ഈശോയുടെ തിരുമുഖത്തിന്റെ ഛായ പ്രത്യക്ഷപ്പെടുകയായിരിന്നു. പിന്നീട് തിരുവോസ്തി വത്തിക്കാന്‍ മാര്‍ഗ്ഗരേഖ അനുശാസിക്കുന്നത് പ്രകാരം അതിരൂപതാ കാര്യാലയത്തിലേക്ക് മാറ്റി. നാലുവര്‍ഷത്തിലധികമായി അതിരൂപതാകേന്ദ്രത്തില്‍ സൂക്ഷിച്ചിരിന്ന തിരുവോസ്തിക്ക് യാതൊരു മാറ്റവും ഇല്ലാത്തതിനാല്‍ ദിവ്യകാരുണ്യം 2018സെപ്റ്റംബര്‍ 20നു വിളക്കന്നൂര്‍ ക്രിസ്തുരാജ ദേവാലയത്തിലെത്തിച്ചു. തുടര്‍ന്നു നാളിതു വരെ പരസ്യ വണക്കത്തിനായി ദേവാലയത്തില്‍ സൂക്ഷിച്ചിരിക്കുകയായിരിന്നു.

ദിവ്യകാരുണ്യ അത്ഭുതമായി സഭ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും തിരുവോസ്തി പരസ്യവണക്കത്തിനായി സൂക്ഷിക്കാമെന്നും വിശ്വാസികൾക്ക് തിരുവോസ്തിക്ക് മുന്നിൽ പ്രാർത്ഥിക്കാവുന്നതാണെന്നും മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട് നേരത്തെ സര്‍ക്കുലറില്‍ വ്യക്തമാക്കിയിരിന്നു. അതേസമയം വിളക്കന്നൂര്‍ സംഭവത്തെക്കുറിച്ച് സീറോ മലബാർ സഭയുടെ ദൈവശാസ്ത്ര കമ്മീഷൻ വിശദമായ പഠനം നടത്തുകയും പ്രസ്തുത സംഭവം ഒരു ദിവ്യകാരുണ്യ അത്ഭുതം ആയി ഉയര്‍ത്തപ്പെടാനുള്ള സാധ്യത ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. റോമില്‍ നടക്കുന്ന നീണ്ട പഠനത്തിന് ശേഷം അന്തിമ തീരുമാനം വത്തിക്കാനാണ് എടുക്കുക. നേരത്തെ ദിവ്യകാരുണ്യം എറണാകുളത്തേക്ക് കൊണ്ടുപോകുന്നതിനു മുന്നോടിയായി വിളക്കന്നൂര്‍ ദേവാലയത്തില്‍ നടത്തിയ പ്രാര്‍ത്ഥനയില്‍ പങ്കുചേരാന്‍ 

നിരവധി വിശ്വാസികള്‍ എത്തിചേര്‍ന്നിരിന്നു.


Source: Pravachavakasabdam.com

Attachments
Back to Top

Never miss an update from Syro-Malabar Church