35 വർഷം പിന്നിട്ട് പൈതലാം യേശുവേ.... പ്രശസ്തിയിൽനിന്നകന്ന് ഗാനരചയിതാവ്::Syro Malabar News Updates 35 വർഷം പിന്നിട്ട് പൈതലാം യേശുവേ.... പ്രശസ്തിയിൽനിന്നകന്ന് ഗാനരചയിതാവ്
08-January,2020

പൈതലാം യേശുവേ...
ഉമ്മവച്ചുമ്മവച്ചുണർത്തിയ.....
ക്രിസ്മസിന്‍റെ മനോഹാരിതയും ലാളിത്യവും ഹൃദയസ്പർശിയായി അവതരിപ്പിച്ച ഈ ഗാനം പുറത്തിറങ്ങിയിട്ട് 35 വർഷങ്ങൾ പിന്നിട്ടു . ഒരു താരാട്ടിന്‍റെ പശ്ചാത്തലത്തിൽ ഉണ്ണിയേശുവിനോടുള്ള സ്നേഹവും ആദരവും എല്ലാ അർത്ഥത്തിലും അനുഭവവേദ്യമാകുന്ന വരികളിലൂടെ ശ്രോതാക്കളുടെ മനസിനെ ഭക്തിസാന്ദ്രമാക്കിയ ഈ ഗാനത്തിന്‍റെ രചയിതാവിനെ കുറിച്ച് പക്ഷേ അധികമാർക്കുമറിയില്ല. നെയ്യാറ്റിൻകര രൂപതയിലെ വൈദികനായ ഫാ.ജോസഫ് പാറാങ്കുഴിയാണ് ഈ ഗാനം രചിച്ചിച്ചത്. തന്‍റെ ഗാനം സൂപ്പർഹിറ്റ് ആവുകയും ആയിരക്കണക്കിന് സ്റ്റേജുകളിൽ നിരവധി പ്രശസ്ത ഗായകർ ആലപിക്കുകയും ചെയ്തിട്ടും ഫാ. ജോസഫ് പ്രശസ്തിയുടെ വഴിയേ പോയില്ല. നെയ്യാറ്റിൻകര കാരിക്കോണം സെന്‍റ് ജോസഫ് ഇടവക വികാരിയാണ് ഇപ്പോൾ ഫാ. ജോസഫ് പാറാങ്കുഴി. ഒരു സാധാരണ വൈദികനായി പ്രശസ്തിയുടേയും അംഗീകാരത്തിന്േ‍റയുമൊക്കെ ലോകത്തിൽ നിന്ന് അകന്നുമാറിയാണ് അദ്ദേഹത്തിന്‍റെ സഞ്ചാരം. ഫാ. ജോസഫിനെ അടുത്തറിയാവുന്നവർക്കുപോലും അദ്ദേഹമാണ് ഈ ഗാനം രചിച്ചതെന്ന് അറിയില്ല. അദ്ദേഹം ആരോടും പറയാറുമില്ല.
 
 
ആലുവ കാർമൽഗിരി പൊന്തിഫിക്കൽ സെമിനാരിയിലെ വൈദിക വിദ്യാർത്ഥിയായിരിക്കേയാണ് ഫാ.ജോസഫ് ഈ ഗാനം രചിച്ചത്. യേശുദാസിന്‍റെ തരംഗിണി മ്യൂസിക് 1984ലെ ക്രിസ്മസ് കാലത്ത് പുറത്തിറക്കിയ സ്നേഹപ്രവാഹം എന്ന കാസറ്റിലൂടെയാണ് പൈതലാം യേശുവേ എന്ന ഗാനം പുറത്തുവന്നത്. ഫാ. ജസ്റ്റിൻ പനയ്ക്കലായിരുന്നു സംഗീത സംവിധാനം നിർവഹിച്ചത്. സ്നേഹപ്രവാഹം സൂപ്പർഹിറ്റായതോടെ യേശുദാസിന്‍റെ ആവശ്യപ്രകാരം 1985ൽ ഇറങ്ങിയ സ്നേഹസന്ദേശത്തിലും ഫാ.ജോസഫ് പാറാങ്കുഴി നാലു ഗാനങ്ങൾ എഴുതി. സൂപ്പർഹിറ്റ് ഗാനങ്ങളുടെ രചയിതാവായിട്ടും നെയ്യാറ്റിൻകര രൂപതിയിലെ വൈദികനെന്ന നിലയിൽ ഒതുങ്ങി കൂടുന്ന അദ്ദേഹം ചെറുതും വലുതുമായ രണ്ടായിരത്തിലധികം കാസറ്റുകൾക്ക് ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ഗാനങ്ങൾ രചിക്കുന്നതിന് തനിക്കു നൽകുന്ന പ്രതിഫലം സ്നേഹപൂർവം നിരസിക്കുന്ന അദ്ദേഹം ഇപ്പോഴും ക്രിസ്തീയ ഭക്തിഗാന ശാഖയിൽ നിശബ്ദമായി തന്‍റെ സേവനം തുടരുന്നു. പല വേദികളിലും റിയാലിറ്റി ഷോയിലുമൊക്കെ പൈതലാം .യേശുവിന്‍റെ രചയിതാവിന്‍റെ പേര് തെറ്റായി പറയാറുണ്ടെങ്കിലും അതിലൊന്നും ജോസഫ് അച്ചന് പരിഭവമില്ല.

Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church