ദൈവ-മനുഷ്യ ഉടമ്പടിയുടെ മഹോത്സവം ദൈവമാതൃത്വം::Syro Malabar News Updates ദൈവ-മനുഷ്യ ഉടമ്പടിയുടെ മഹോത്സവം ദൈവമാതൃത്വം
05-January,2020

ദൈവമാതൃത്വ മഹോത്സവത്തില്‍ പാപ്പാ ഫ്രാന്‍സിസ് നല്കിയ വചനചിന്തകള്‍. 2020 ജനുവരി 1-Ɔο തിയതി ബുധനാഴ്ച വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിലായിരുന്നു പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തിലുള്ള ദിവ്യബലി. 1. ദൈവം മന്നില്‍ അവതരിച്ചപ്പോള്‍ കാലത്തികവി‍ല്‍ ദൈവം തന്‍റെ തിരുക്കുമാരനെ ഒരു സ്ത്രീയിലൂടെ ഈ ലോകത്തില്‍ മനുഷ്യനായി പിറക്കാന്‍ ഇടയാക്കി (ഗലാത്തി. 4, 4). അദ്ദേഹം ഒരു പൂര്‍ണ്ണകായനായിട്ടല്ല ഭൂമിയില്‍ പ്രത്യക്ഷപ്പെട്ടത്. മറിച്ച് അവിടുന്ന് ഒരു സ്ത്രീയുടെ ഉദരത്തില്‍ ഗര്‍ഭംധരിച്ചു, ശിശുവായി പിറന്നു (ലൂക്കാ 2, 21). അവിടുന്ന് മെല്ലെ മനുഷ്യത്വം അണിഞ്ഞു. അങ്ങനെ ദൈവം മനുഷ്യരൂപമെടുക്കുകയും, രണ്ടും – ദൈവത്വവും മനുഷ്യത്വവും അഭേദ്യമാംവിധം ലോകത്ത് തുടരുകയും ചെയ്യുന്നു. കാരണം തന്‍റെ അമ്മയുടെ ഉദരത്തില്‍ രൂപമെടുത്ത് ഉടലോടെ ഇന്നും ക്രിസ്തു സ്വര്‍ഗ്ഗീയ മഹത്വത്തില്‍ വാഴുന്നുവെന്നത് ക്രിസ്തീയ വിശ്വാസമാണ്. 2. മാനവികതയില്‍ മെനഞ്ഞെടുത്ത ദൈവികത ഒരു സ്ത്രീയിലൂടെ യാഥാര്‍ത്ഥ്യമായ ദൈവ-മനുഷ്യ ഉടമ്പടിയുടെ മഹോത്സവമാണ് ദൈമാതൃത്വത്തിരുനാളായി വര്‍ഷാരംഭ ദിനത്തില്‍ സഭ കൊണ്ടാടുന്നതെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. ഈ തിരുനാളിലൂടെ ദൈവത്തില്‍ മനുഷ്യത്വം ഉള്‍ച്ചേര്‍ന്നിരിക്കുന്നുവെന്നും, മറിയം ദൈവമാതാവാണെന്നുമുള്ള സത്യം പാപ്പാ ഫ്രാന്‍സിസ് അനുസ്മരിപ്പിച്ചു. നസ്രത്തിലെ മറിയം സ്ത്രീയും അമ്മയുമാണ്. മറിയത്തിലാണ് രക്ഷ പൂവണിഞ്ഞത്. ഈ സ്ത്രീയില്ലാതെ, മറിയമില്ലാതെ രക്ഷയില്ലെന്നും പാപ്പാ അടിവരയിട്ടു പ്രസ്താവിച്ചു. അതിനാല്‍ ഇന്നു തുടരുന്ന രക്ഷയുടെ പദ്ധതിയുടെ ഭാഗമായ ക്രൈസ്തവ മക്കള്‍ ഒരു പുതുവത്സരം പരിശുദ്ധ കന്യകാനാഥയുടെ ദൈവമാതൃത്വത്തിരുനാള്‍ ആചരിച്ചുകൊണ്ട് ആരംഭിക്കുന്നത് ഏറെ അര്‍ത്ഥവത്താണെന്നും, അത് വിശ്വാസപ്രഖ്യാപനമാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി. മാനവികതയില്‍ ദൈവികത നെയ്തെടുത്തവളാണ് നസ്രത്തിലെ മറിയമെന്ന് പാപ്പാ ഫ്രാന്‍സിസ് സമര്‍ത്ഥിച്ചു. 3. സ്ത്രീത്വത്തെ പങ്കിലമാക്കുന്നവര്‍ അതിനാല്‍ സ്ത്രീത്വത്തിന് എതിരായ സകല തിന്മകളും ദൈവനിന്ദയാണ്. സ്ത്രീകളെ ആദരിക്കുന്നതിനു ആനുപാതികമാണ് നമ്മുടെ മനുഷ്യത്വമെന്നും പാപ്പാ ആഹ്വാനംചെയ്തു. എന്നാല്‍ ഇന്ന് പരസ്യങ്ങളുടെയും, അശ്ലീലം കലര്‍ന്ന മാധ്യമ പരിപാടികളുടെ സ്വാധീനത്തിലും, ഉപഭോഗസംസ്കാരത്തിന്‍റെ ലാഭത്തിനായുള്ള പരക്കംപാച്ചിലിലും, സ്ത്രീത്വത്തിന്‍റെ പവിത്രത പങ്കിലമാക്കപ്പെടുന്നുണ്ട്. മാതൃത്വംപോലും തരംതാഴ്ത്തപ്പെടുന്ന കാലഘട്ടമാണിത്. ഇതിനു കാരണം യഥാര്‍ത്ഥ വളര്‍ച്ചയെന്നത് സാമ്പത്തിക വളര്‍ച്ചയായി മാത്രം കാണുന്നവരാണ് അധികവും. തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് നല്ല ഭാവി നല്കാന്‍ എന്തു ത്യാഗവും സഹിക്കുന്ന അമ്മമാരുണ്ട്. അത് സ്നേഹമുള്ള ഹൃദയമാണ്. എന്നാല്‍ ശൂന്യമായ ഹൃദയവുമായി, അല്പസ്വല്പ നേട്ടങ്ങള്‍ക്കായി തങ്ങളുടെ മക്കളെയും കുടുംബത്തെയും തള്ളിക്കളയുന്നവരുമുണ്ട്. ഇത് ഹൃദയമില്ലായ്മയും സ്നേഹമില്ലായ്മയുമാണെന്ന് പാപ്പാ ഫ്രാന്‍സിസ് വിശേഷിപ്പിച്ചു.

Source: vaticannews.va

Attachments
Back to Top

Never miss an update from Syro-Malabar Church