വയനാട്ടില്‍ വര്‍ദ്ധിച്ചു വരുന്ന വന്യമൃഗ ശല്യത്തിലും രൂക്ഷമായ കടുവാ ഭീഷണിയിലും കഴിയുന്ന വയനാടന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യം ഞങ്ങള്‍ പ്രഖ്യാപിക്കുന്നു. പരിസ്ഥിതിയും വന്യമൃഗങ്ങളും സംരക്ഷിക്കപ്പെടേണ്ടതുതന്നെ. എന്നാല്‍ മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാത്ത വന്യമൃഗ സംരക്ഷണത്തെ ഞങ്ങള്‍ എതിര്‍ക്കുന്നു. ജനങ്ങള്‍ക്കും വന്യമൃഗങ്ങള്‍ക്കും സംരക്ഷണം നല്‍കത്തക്കരീതിയില്‍ വനാതിര്‍ത്തികളില്‍ മുഴുവന്‍, കരിങ്കല്‍ ഭിത്തികളും, കമ്പിവേലികളും സ്ഥാപിച്ച് കാടിനേയും നാടിനേയും സംരക്ഷിതമാക്കാന്‍ വേണ്ട കര്‍മ്മ പദ്ധതി മുഖ്യമന്ത്രിയുടെ വയനാട് സന്ദര്‍ശനാവസരത്തില്‍ പ്രഖ്യാപിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. വന്യമൃഗ ഭീഷണിക്കെതിരെ വയനാട്ടില്‍ വളര്‍ന്നു വരുന്ന കക്ഷി രാഷ്ട്രീയത്തിനതീതമായ ജനകീയ മുന്നേറ്റങ്ങള്‍ക്ക് ഞങ്ങള്‍ പിന്തുണ പ്രഖ്യാപിക്കുന്നു.
നീലഗിരി ജില്ലയിലെ ജനങ്ങളും ഇതേ പ്രശ്നം അതീവ ഗുരുതരമായി നേരിട്ടു കൊണ്ടിരിക്കുന്നെങ്കിലും തമിഴ്നാട് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നാളിതുവരെ ആശാവഹമായ നീക്കങ്ങളൊന്നും ഉണ്ടായി കാണാത്തതില്‍ ഞങ്ങള്‍ക്കുള്ള ഉത്കണ്ഠ ബന്ധപ്പെട്ടവരെ അറിയിക്കുന്നു. കേരള സര്‍ക്കാര്‍ തമിഴ്നാട് ഭരണകൂടവുമായി ബന്ധപ്പെട്ട് ഗൂഡല്ലൂരില്‍ സ്ഥിര താമസമാക്കിയ മുഴുവന്‍ കുടുംബങ്ങള്‍ക്കും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് തമിഴ്നാട്, കേരള സര്‍ക്കാരുകളോട് (ശബ്ദ വോട്ടോടെ പാസ്സാക്കിയത്) ഞങ്ങള്‍ ആവശ്യപ്പെടുന്നു.