മറിയവും യൗസേപ്പും യേശുവും-തിരുക്കുടുംബത്തിരുന്നാള്‍!::Syro Malabar News Updates മറിയവും യൗസേപ്പും യേശുവും-തിരുക്കുടുംബത്തിരുന്നാള്‍!
05-January,2020

ദൈവഹിതം നിറവേറ്റുക -പാപ്പായുടെ തിരുക്കുടുംബത്തിരുന്നാള്‍ ത്രികാലപ്രാര്‍ത്ഥനാ സന്ദേശം തിരുപ്പിറവിത്തിരുന്നാള്‍ കഴിഞ്ഞുള്ള പ്രഥമ ഞായാറാഴ്ച (29/12/19) തിരുസഭ തിരുക്കുടുംബത്തിരുന്നാള്‍ ആചരിച്ചു. സൂര്യകിരണങ്ങള്‍ നിര്‍ല്ലോഭം ചൊരിയപ്പെട്ടെങ്കിലും അതിശൈത്യം പിടിമുറുക്കിയ ഒരുദിനമായിരുന്ന ഇക്കഴിഞ്ഞ ഞായാറാഴ്ച, മദ്ധ്യാഹ്നത്തില്‍, പതിവുപോലെ, ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ നയിച്ച ത്രികാല പ്രാര്‍ത്ഥനയില്‍ വിവിധരാജ്യക്കാരായ നിരവധി വിശ്വാസികള്‍ പങ്കുകൊണ്ടു. ത്രികാലജപം നയിക്കുന്നതിനായി പാപ്പാ, പേപ്പല്‍ അരമനയിലെ പതിവു ജാലകത്തിങ്കല്‍, പ്രാദേശികസമയം 12 മണിക്ക്, ഇന്ത്യയിലെ സമയം വൈകുന്നേരം 4.30-ന്, പ്രത്യക്ഷനായപ്പോള്‍ ജനസഞ്ചയത്തിന്‍റെ ആനന്ദാരവങ്ങള്‍ ഉയര്‍ന്നു. വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ ബസിലിക്കയ്ക്ക് അഭിമുഖമായി നില്ക്കുകയാണെങ്കില്‍ അങ്കണത്തിന്‍റെ വലത്തുഭാഗത്തെ സ്തംഭാവലിക്ക് പിന്നിലായി കാണപ്പെടുന്ന അരമന കെട്ടിടസമുച്ചയത്തിന്‍റെ ഒരുഭാഗത്തിന്‍റെ ഏറ്റവും മുകളിലത്തെ നിലയിലുള്ള പത്തു ജാലകങ്ങളില്‍ വലത്തു നിന്നു രണ്ടാമത്തെതാണ് പാപ്പാ ഞായറാഴ്ചകളില്‍ ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിനായി പ്രത്യക്ഷപ്പെടുന്ന ജനല്‍. ആ ജാലകത്തിങ്കല്‍ മന്ദസ്മിതത്തോടെ കൈകള്‍ ഉയര്‍ത്തി എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് പ്രത്യക്ഷനായ പാപ്പാ ത്രികാലജപം നയിക്കുന്നതിനുമുമ്പ് വിശ്വാസികളെ സംബോധനചെയ്തു. ഈ ഞായറാഴ്ച (29/12/19) തിരുക്കുടുംബത്തിന്‍റെ തിരുന്നാള്‍ ആയിരുന്നതിനാല്‍ നസ്രത്തിലെ ആ കുടുംബത്തിലെ അംഗങ്ങളായ മറിയത്തെയും യൗസേപ്പിനെയും യേശുവിനെയും കുറിച്ചുള്ള ചിന്തകളായിരുന്നു പാപ്പാ പങ്കുവച്ചത്. പാപ്പാ ഇറ്റാലിയന്‍ ഭാഷയില്‍ നല്കിയ സന്ദേശത്തിന്‍റെ പരിഭാഷ: പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം, തീര്‍ത്തും സുന്ദരമായ ഒരു ദിനമാണിന്ന്. ഇന്ന് നമ്മള്‍ നസ്രത്തിലെ തിരുക്കുടുംബത്തിന്‍റെ തിരുന്നാള്‍ ആഘോഷിക്കുന്നു. “വിശുദ്ധി” എന്ന പദം ഈ കുടുംബത്തെ ദൈവിക ദാനമായ വിശുദ്ധിയുടെ ചക്രവാളത്തില്‍ സന്ധാനം ചെയ്യുന്നു. ഒപ്പംതന്നെ, അത് ദൈവിക പദ്ധതിയോടുള്ള സ്വതന്ത്രവും ഉത്തരവാദിത്വപൂര്‍ണ്ണവുമായ പങ്കുചേരലുമാണ്. നസ്രത്തിലെ കുടുംബം ചെയ്തത് അതാണ്. പ്രസ്തുത കുടുംബം ദൈവഹിതത്തോടു പൂര്‍ണ്ണ വിധേയത്വം പുലര്‍ത്തി. ദൈവേഷ്ടം നിറവേറ്റുന്ന മറിയം ഉദാഹരണമായി, മിശിഹായുടെ അമ്മയാകണമെന്ന് ആവശ്യപ്പെടുന്ന പരിശുദ്ധാരൂപിയുടെ പ്രവര്‍ത്തനത്തോടുള്ള മറിയത്തിന്‍റെ വിധേയത്വത്തില്‍ എങ്ങനെ വിസ്മയംകൊള്ളാതിരിക്കും? കാരണം, മറിയം, അക്കാലത്തെ എല്ലാ യുവതികളെയും പോലെതന്നെ, സ്വന്തം ജീവിതപദ്ധതി സാക്ഷാത്ക്കരിക്കാനിരിക്കയായിരുന്നു, അതായത്, അവള്‍ യൗസേപ്പിനെ വിവാഹം ചെയ്യാന്‍ ഒരുങ്ങിയിരിക്കയായിരുന്നു. എന്നാല്‍ ഒരു സവിശേഷ ദൗത്യത്തിനായി ദൈവം തന്നെ വിളിക്കുന്നുവെന്ന് മനസ്സിലായപ്പോള്‍, താന്‍ ദാസിയാണെന്ന് അവള്‍ അസന്ദിഗ്ദ്ധമായി ഉദ്ഘോഷിക്കുന്നു. (ലൂക്കാ 1,38) യേശു അവളുടെ മഹത്വം ഉയര്‍ത്തിപ്പിടിക്കുന്നത് അവള്‍ അമ്മയായതിനല്ല, അതിലുപരി, ദൈവത്തോടുള്ള അവളുടെ അനുസരണത്താലാണ്. മറിയം ചെയ്തതുപോലെ, യേശുവിന്‍റെ വാക്കുകളില്‍, “ദൈവവചനം കേട്ട് അതു പാലിക്കുന്നവര്‍ കൂടുതല്‍ ഭാഗ്യവാന്മാര്‍”. (ലൂക്കാ 11, 28). താനുമായി ബന്ധപ്പെട്ട സംഭങ്ങളുടെ പൊരുള്‍ പൂര്‍ണ്ണമായി ഗ്രഹിക്കാനായില്ലെങ്കിലും, മറിയം, മൗനമായി അതെക്കുറിച്ചു ചിന്തിക്കുകയും ധ്യാനിക്കുകയും ദൈവിക സംരംഭത്തെ ആദരിക്കുകയും ചെയ്യുന്നു. കുരിശിന്‍ ചുവട്ടില്‍ അവളുടെ സാന്നിധ്യം ഈ സമ്പൂര്‍ണ്ണ സന്നദ്ധതയെ പവിത്രീകരിക്കുന്നു. യൗസേപ്പില്‍ വിളങ്ങുന്ന മൗനത്തിന്‍റെ വാചാലത ഇനി, യൗസേപ്പിനെക്കുറിച്ചു പറയുകയാണെങ്കില്‍, യൗസേപ്പ് മൊഴിഞ്ഞതായ ഒരു വാക്കുപോലും സുവിശേഷം നല്കുന്നില്ല. യൗസേപ്പ് സംസാരിക്കുന്നില്ല, എന്നാല്‍ വിധേയത്വത്തോടുകൂടി പ്രവര്‍ത്തിക്കുന്നു. അദ്ദേഹം മൗനത്തിന്‍റെ മനുഷ്യനാണ്, അനുസരണയുടെ മനുഷ്യനാണ്. നീതിമാനായ യൗസേപ്പിന്‍റെ ഈ അനുസരണയെക്കുറിച്ച് ഇന്നത്തെ സുവിശേഷം (മത്തായി 2,13-15. 19-23) ഈജിപ്തില്‍ നിന്നുള്ള പലായനവും ഇസ്രായേലിലേക്കുള്ള മടക്കയാത്രയുമായി ബന്ധപ്പെട്ട്, മൂന്നു പ്രാവശ്യം പരാമര്‍ശിക്കുന്നുണ്ട്. ദൈവദൂതന്‍ മുഖേന, ദൈവത്തിന്‍റെ നിര്‍ദ്ദേശാനുസരണം, യൗസേപ്പ് സ്വന്തം കുടുംബത്തെ ഹേറൊദോസിന്‍റെ ഭീഷണിയില്‍ നിന്ന് അകറ്റി രക്ഷിക്കുന്നു. അങ്ങനെ, തിരുക്കുടുംബം, പ്രവാസത്തിലായിരിക്കാന്‍ നിര്‍ബന്ധിതമായ, ലോകമെങ്ങുമുള്ള, സകല കുടുംബങ്ങളോടും ഐക്യംപുലര്‍ത്തുന്നു, അടിച്ചമര്‍ത്തലും അതിക്രമവും യുദ്ധവും മൂലം സ്വന്തം നാടുവിട്ടു പോകാന്‍ നിര്‍ബന്ധിതരായ സകലരോടും ഐക്യദാര്‍ഢ്യം പുലര്‍ത്തുന്നു. ദൈവത്തിന്‍റെ "ഹിതം"ആയ യേശു അവസാനമായി, തിരുക്കുടുംബത്തിലെ മൂന്നാമത്തെയാളായ യേശു. അവിടന്ന് ദൈവത്തിന്‍റെ ഹിതം ആണ്: വിശുദ്ധ പൗലോസ് പറയുന്നു: യേശു, “അതെയും” “അല്ലയും” ആയിരുന്നില്ല, മറിച്ച്, “അതെ” മാത്രമാണ്. (2കോറിന്തോസ് 1,19) ഇത് അവിടത്തെ ഐഹിക ജീവിതത്തിലെ നിരവധി വേളകളില്‍ ആവിഷ്കൃതമായിട്ടുണ്ട്. ഉദാഹരണമായി, മാതാപിതാക്കള്‍ ഉല്‍ക്കണ്ഠയോടെ തന്നെ അന്വേഷിച്ച് ദേവാലയത്തിലെത്തിയ വേളയില്‍ യേശു അവരോടു ചോദിക്കുന്നു: “ഞാന്‍ പിതാവിന്‍റെ കാര്യങ്ങളില്‍ വ്യാപൃതനായിരിക്കേണ്ടതാണെന്ന് നിങ്ങള്‍ അറിയുന്നില്ലേ?”. അവിടന്ന് ഈ ആശയം ആവര്‍ത്തിക്കുന്നുണ്ട്: “എന്നെ അയച്ചവന്‍റെ ഹിതം നിറവേറ്റുകയാണ് എന്‍റെ ഭക്ഷണം" (യോഹന്നാന്‍ 4,34). ഒലിവു തോട്ടത്തില്‍ വച്ച് അവിടന്ന് പ്രാര്‍ത്ഥിക്കുന്നു: “എന്‍റെ പിതാവേ, ഞാന്‍ കുടിക്കാതെ ഈ പാനപാത്രം കടന്നുപോകയില്ലെങ്കില്‍ അങ്ങയുടെ ഹിതം നിറവേറട്ടെ” (മത്തായി 26,42). ഈ സംഭവങ്ങളൊക്കെയും ക്രിസ്തുവിന്‍റെ ഈ വാക്കുകളുടെ സമ്പൂര്‍ണ്ണ സാക്ഷാത്ക്കാരമാണ്, അതായത് “ബലികളും കാഴ്ചകളും അവിന്ന് ആഗ്രഹിച്ചില്ല..... അപ്പോള്‍ ഞാന്‍ പറഞ്ഞു: ഓ ദൈവമേ, അവിടത്തെ ഹിതം നിറവേറ്റാന്‍, ഇതാ, ഞാന്‍ വന്നിരിക്കുന്നു” (ഹെബ്രായര്‍ 10,5-7; സങ്കീര്‍ത്തനം 40,7-9). തിരുക്കുടുംബം- ദൈവഹിതത്തോടുള്ള ഏകയോഗമായ ഉത്തരം മറിയവും യൗസേപ്പും യേശുവും: പിതാവിന്‍റെ ഹിതത്തോടുള്ള ഏകയോഗമായ ഉത്തരത്തെ പ്രതിനിധാനം ചെയ്യുന്ന നസ്രത്തിലെ തിരുക്കുടുംബം. ഈ കുടുംബത്തിലെ മൂന്നംഗങ്ങളും ദൈവിക പദ്ധതി കണ്ടെത്തുന്നതിന് പരസ്പരം സഹായിക്കുന്നു. അവര്‍ പ്രാര്‍ത്ഥിക്കുന്നു, ജോലിചെയ്യുന്നു, വിനിമയം ചെയ്യുന്നു. ഞാന്‍ ചോദിക്കുകയാണ്: നിനക്ക് നിന്‍റെ കുടുംബത്തില്‍, വിനിമയം ചെയ്യാന്‍ അറിയാമോ? അതോ, ഭക്ഷണമേശയില്‍ ഒരോരുത്തരും സ്വന്തം സെല്‍ഫോണുപയോഗിച്ച്, സല്ലപിക്കുന്ന ആ കുട്ടികളെ പോലെയാണോ നീയും? ആ മേശയ്ക്കു ചുറ്റും ഉളവാകുന്നത് വിശുദ്ധ കുര്‍ബ്ബാനയുടെ വേളയിലുള്ള ഒരു നിശബ്ദതയാണെന്ന പ്രതീതിയാണ്. പരസ്പര വിനിമയം അവിടെ നടക്കുന്നില്ല. കുടുംബത്തില്‍ സംഭാഷണം നാം വീണ്ടെടുക്കേണ്ടിയിരിക്കുന്നു: മാതാപിതാക്കുളും മക്കളും മുത്തശ്ശീമുത്തശ്ശന്മാരും സഹോദരങ്ങളും പരസ്പരം വിനിമയം ചെയ്യണം. ഇത് ഇന്ന്, തിരുക്കുടുംബത്തിന്‍റെ ദിനത്തില്‍, നിര്‍വ്വഹിക്കേണ്ട ഒരു ദൗത്യമാണ്. തിരുക്കുടുംബം നമ്മുടെ കുടുംബങ്ങളുടെ മാതൃകയായി ഭവിക്കട്ടെ. അങ്ങനെ മാതാപിതാക്കളും മക്കളും കുടുംബത്തിന്‍റെ വിശുദ്ധിയുടെ അടിത്തറയായ സുവിശേഷ സ്വജീവിതത്തില്‍ പകര്‍ത്താന്‍ പരസ്പരം സഹായിക്കട്ടെ. കുടുംബങ്ങളെ പരിശുദ്ധ മറിയത്തിനു സമര്‍പ്പിക്കാം ലോകത്തിലെ സകല കുടുംബങ്ങളെയും, പ്രത്യേകിച്ച്, യാതനകളും ദുരിതങ്ങളും മൂലം പരീക്ഷിക്കപ്പെടുന്ന കുടുംബങ്ങളെ, നമുക്ക് കുടുംബത്തിന്‍റെ രാജ്ഞിയായ മറിയത്തിന് സമര്‍പ്പിക്കുകയും കുടുംബങ്ങള്‍ക്ക് അവളുടെ മാതൃസന്നിഭ സംരക്ഷണം ഉണ്ടാകുന്നതിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യാം. ഈ വാക്കുകളില്‍ തന്‍റെ സന്ദേശം ഉപസംഹരിച്ച പാപ്പാ തുടര്‍ന്ന് കര്‍ത്താവിന്‍റെ മാലാഖ എന്ന പ്രാര്‍ത്ഥന നയിക്കുകയും ആശീര്‍വാദം നല്കുകയും ചെയ്തു. മൊഗദിഷുവിലെ ബോംബു സ്ഫോടന ദുരന്തത്തില്‍ പാപ്പായുടെ വേദനയും പ്രാര്‍ത്ഥനയും ആശീര്‍വ്വാദാനന്തരം ഫ്രാന്‍സീസ് പാപ്പാ സൊമാലിയായുടെ തലസ്ഥാനമായ മൊഗദിഷുവില്‍ ശനിയാഴ്ച (28/12/19) ട്രക്ക് ബോംബ് സ്ഫോടന ദുരന്തത്തില്‍ മരണമടഞ്ഞവരെ പ്രത്യേകം അനുസ്മരിച്ചു. ദാരുണമായ ഭീകരാക്രമണത്തിന് ഇരകളായവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പാപ്പാ എല്ലാവരെയും ക്ഷണിച്ചു.. ഈ വാഹനബോംബാക്രമണത്തില്‍ എഴുപതിലേറെപ്പേര്‍ മരിച്ചത് അനുസ്മരിച്ച പാപ്പാ അവരുടെ കുടുംബങ്ങളുടെയും ഈ ദുരന്തം മൂലം കേഴുന്നവരുടെയും ചാരെ താനുണ്ടെന്ന് ഉറപ്പുനല്കി. തുടര്‍ന്ന് പാപ്പാ നന്മനിറഞ്ഞ മറിയമെ എന്ന പ്രാര്‍ത്ഥന നയിച്ചു. പ്രാര്‍ത്ഥനാനന്തരം വിവധ സംഘങ്ങളെയും തീര്‍ത്ഥാടകരെയും സംഘടനകളെയും മറ്റും അഭിവാദ്യം ചെയ്ത പാപ്പാ കുടുംബം അമൂല്യ നിധിയാണെന്ന് പ്രസ്താവിക്കുകയും ആ നിധി കാത്തുസൂക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പാപ്പാ എല്ലാവര്‍ക്കും ശുഭ ഞായറും നല്ലൊരു വര്‍ഷാന്ത്യവും ആശംസിച്ചു. സമാധാനത്തോടും, ഹൃദയശാന്തിയോടുംകൂടി, കുടുംബത്തില്‍ പര്സപരബന്ധം പുലര്‍ത്തിക്കൊണ്ട് വര്‍ഷം അവസാനിപ്പിക്കാന്‍ നമുക്കു സാധിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു. തനിക്കേകിയ ആശംസകള്‍ക്കും പ്രാര്‍ത്ഥനാസഹായങ്ങള്‍ക്കും നന്ദിപ്രകാശിപ്പിച്ച പാപ്പാ തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുതെന്ന പതിവഭ്യര്‍ത്ഥന നവീകരിച്ചു. തുടര്‍ന്ന് പാപ്പാ, എല്ലാവര്‍ക്കും നല്ല ഉച്ചവിരുന്നു നേരുകയും വീണ്ടും കാണാം, “അരിവെദേര്‍ച്ചി" (arrivederci) എന്ന് ഇറ്റാലിയന്‍ ഭാഷയില്‍ പറയുകയും ചെയ്തുകൊണ്ട് സുസ്മേരവദനനായി കൈകള്‍ വീശി ജാലകത്തിങ്കല്‍ നിന്ന് പിന്‍വാങ്ങി.

Source: vaticannews.va

Attachments
Back to Top

Never miss an update from Syro-Malabar Church