ചങ്ങനാശേരി: അവഗണിക്കപ്പെട്ടവര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും പകര്‍ന്നു നല്‍കാനാണ് ദൈവം മനുഷ്യന്റെ ഉള്ളില്‍ കരുണയും സ്നേഹവും നിറച്ചിരിക്കുന്നതെന്ന് ഇന്റര്‍ ചര്‍ച്ച് കൌണ്‍സില്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പവ്വത്തില്‍. കനിവിന്റെ ഉറവകള്‍ ആവശ്യമുള്ളവരിലേക്കു തുറന്നുവിടുമ്പോള്‍ മനുഷ്യത്വം ആത്മീയതിലേക്ക് ഉയരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാനസിക വൈകല്യമുള്ളവരുടെ ദിനത്തോടനുബന്ധിച്ച് ദീപിക ബാലസഖ്യം സംഘടിപ്പിക്കുന്ന സ്പെഷല്‍ സ്കൂള്‍ സൌഹാര്‍ദ സംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
നാലു പതിറ്റാണ്ടുകള്‍ക്കുമുമ്പു ബുദ്ധിന്യൂനതയുള്ള മക്കളെ വീടുകളുടെ ഉള്‍മുറികളില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. അവര്‍ എല്ലാവര്‍ക്കും ദുരിതവും അപമാനവുമായിരുന്നു. എന്നാല്‍, അങ്ങനെയുള്ള കുട്ടികളിലും വ്യത്യസ്തമായ കഴിവുകളുണ്െടന്നും നല്ല പരിശീലനം നല്‍കിയാല്‍ ആ കഴിവുകള്‍ വളര്‍ത്താമെന്നുമുള്ള ബോധ്യമാണു 40 വര്‍ഷം മുമ്പ് ഇത്തിത്താനം ആശാഭവന്‍ സ്പെഷല്‍ സ്കൂളിന്റെ സ്ഥാപനത്തിനു കാരണമായത്. ഇക്കാര്യത്തില്‍ ഫാ. ഫെലിക്സ് സിഎംഐയും സിസ്റര്‍ എലൈറ്റ് സിഎംസിയുമെല്ലാം സഹായിച്ചു. കേരളത്തിലെതന്നെ ആദ്യത്തെ സ്പെഷല്‍ സ്കൂളുകളിലൊന്നായ ആശാഭവന്റെ സ്ഥാപകനായ മാര്‍ പവ്വത്തില്‍ അനുസ്മരിച്ചു. ഇന്നു കുട്ടികള്‍ മറ്റുള്ളവരുടെ ദുഃഖമറിയുന്നില്ല. എല്ലാവരും സ്വകാര്യമായ നേട്ടങ്ങളാണ് ലക്ഷ്യമിടുന്നത്. ഈ സാഹചര്യത്തില്‍ സ്പെഷല്‍ സ്കൂളുകളിലെ കുട്ടികളിലേക്ക് സാധാരണ സ്കൂള്‍ വിദ്യാര്‍ഥികള്‍ കടന്നുവരുന്ന സൌഹാര്‍ദസംഗമം പരിപാടി ഏറെ ശ്ളാഘനീയമാണ്. ഈ പരിപാടി സംഘടിപ്പിച്ച ഡിസിഎല്‍ അഭിനന്ദനമര്‍ഹിക്കുന്നു.
മാനസിക വൈകല്യമുള്ള കുട്ടികളുടെ ഉന്നമനത്തിനായി എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ടതാണ്. ഈ ലക്ഷ്യത്തിനായി ഡിസിഎല്‍ നല്ല നേതൃത്വമാണ് നല്‍കുന്നതെന്നും ഇതു കേരളത്തിലെ വിദ്യാര്‍ഥികളില്‍ മനുഷ്യത്വത്തിന്റെ മൂല്യങ്ങള്‍ ഉണര്‍ത്തുമെന്നും മാര്‍ പവ്വത്തില്‍ ചൂണ്ടിക്കാട്ടി.
സി.എഫ്. തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. കേരളത്തില്‍ വിദ്യാര്‍ഥികളില്‍ മനുഷ്യനന്മയുടെ കെടാവിളക്കാണു ദീപിക ബാലസഖ്യമെന്ന് അദ്ദേഹം പറഞ്ഞു. ദീപികയും ദീപിക ബാലസഖ്യവും പതിറ്റാണ്ടുകളായി കേരളത്തില്‍ ധാര്‍മ്മികവും മാനവികവുമായ മൂല്യബോധം പകരുവാന്‍ നൂതനവും ക്രിയാത്മകവുമായ പരിപാടികളാണ് നടപ്പിലാക്കുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടര്‍ സുരേഷ് ജോസഫ് വിശിഷ്ടാതിഥിയായിരുന്നു. രാഷ്ട്രദീപിക ഡയറക്ടര്‍ബോര്‍ഡംഗം ഫാ. ജോസഫ് പുതുപ്പറമ്പില്‍, റസിഡന്റ് മാനേജര്‍ ഫാ. ജോര്‍ജ് കൊച്ചുപറമ്പില്‍, ആശാഭവന്‍ ഡയറക്ടര്‍ ഫാ. മാത്യു ഓടലാനി, കൊച്ചേട്ടന്‍ ഫാ. റോയി കണ്ണന്‍ചിറ സിഎംഐ, മാടപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിന്റ് റോസമ്മ ജയിംസ് മണമേല്‍, കോട്ടയം ജില്ലാ സ്പെഷല്‍ സ്കൂള്‍ അസോസിയേഷന്‍ പ്രസിഡന്റ് ബ്രദര്‍ അഗസ്റിന്‍ പോളപ്രയില്‍, ഡിസിഎല്‍ സംസ്ഥാന ഓര്‍ഗനൈസേഴ്സ് സെക്രട്ടറി വര്‍ഗീസ് കൊച്ചുകുന്നേല്‍, കൊല്ലം പ്രവിശ്യാ കോ-ഓര്‍ഡിനേറ്റര്‍ എസ്. അബ്ദുള്‍ഖാദര്‍കുഞ്ഞ്, വാര്‍ഡ് മെംബര്‍ കെ.ജെ.ജോസഫ് കിഴക്കേപറമ്പില്‍, സിസ്റര്‍ എലൈറ്റ് സി.എം.സി. പ്രിന്‍സിപ്പല്‍ സിസ്റര്‍ പ്രശാന്തി സിഎംസി, വൈഎംസിഎ ബോധിനിലയം സ്പെഷല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഷീബ കെ.ജെ., ഡിസിഎല്‍ കേന്ദ്രസമിതിയംഗം അന്നക്കുട്ടി സെബാസ്റ്യന്‍, സംസ്ഥാന ട്രഷറര്‍ പി.എന്‍. ഫാത്തിമ, മേഖലാ ഓര്‍ഗനൈസര്‍ സിസ്റര്‍ ലിസി കണിയാംപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ചെത്തിപ്പുഴ പ്ളാസിഡ് വിദ്യാവിഹാര്‍, ളായിക്കാട് മേരിറാണി പബ്ളിക് സ്കൂള്‍, മോര്‍ക്കുളങ്ങര എകെഎം പബ്ളിക് സ്കൂള്‍, ചങ്ങനാശേരി എസ്എച്ച് ഇംഗ്ളീഷ് മീഡിയം സ്കൂള്‍ എന്നിവിടങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളാണ് സൌഹാര്‍ദസംഗമത്തില്‍ പങ്കെടുത്തത്.