ആലപ്പുഴ: കർഷകർക്ക് ആത്മവീര്യം പകുന്ന പദ്ധതികളാണു നടപ്പിലാക്കേണ്ടതെന്നു ചങ്ങനാശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം.
കാർഷികരംഗത്തോടു വിടപറയേണ്ട അവസ്ഥയിലാണ് കുട്ടനാട്ടിലേതടക്കമുള്ള കർഷകർ. അധ്വാനം നിഷ്ഫലമാകുന്ന അവസ്ഥയിൽ പിറന്നതും വളർന്നതുമായ മണ്ണിനെ ഉപേക്ഷിക്കേണ്ട ഗതികേടിലേക്ക് ഇവരെ കൊണ്ടെത്തിക്കരുതെന്നും അദ്ദേഹം സർക്കാരുകളോട് ആവശ്യപ്പെട്ടു. കർഷക അവഗണനയ്ക്കെതിരെ ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിൽ ആലപ്പുഴ നഗരത്തിൽ നടത്തിയ കർഷക രക്ഷാസംഗമവും കളക്ടറേറ്റ് മാർച്ചും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അളമുട്ടിയാൽ ചേരയും കടിക്കും. കർഷകരുടെ അവസ്ഥയും ഇതുപോലെയാണ്. വർഷങ്ങളായി സ്വന്തം ജീവിതം പണയം വച്ചു കൃഷിഭൂമിയിലേക്കിറങ്ങിയവരാണിവർ. പ്രതിസന്ധികളെ അതിജീവിച്ചവർ. സാംസ്കാരിക അടിത്തറയുമുണ്ടാക്കിയെടുത്തു. ഭൂമിയെ പറുദീസയ്ക്കു സമാനമാക്കി. എന്നിട്ടും ഇവരോട് അവഗണന മാത്രം. ന്യായമായ കാര്യങ്ങൾ ചെയ്തുകൊടുക്കുകതന്നെ വേണം. വിശാലമായ കുട്ടനാട് അഥോറിറ്റിക്കു രൂപം നല്കി കുട്ടനാടൻ കർഷകരെ സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എ.സി. കനാൽ തുറക്കുക, കുട്ടനാട്ടുകാർക്ക് ശുദ്ധജലമെത്തിക്കുക,എ.സി. റോഡിന്റെ ഉയരം കൂട്ടി ജലാശയങ്ങളെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും അദ്ദേഹം ഉന്നയിച്ചു.