വയനാടന്‍ ജനത കടുത്ത വന്യമൃഗ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പൌരന്റെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പു വരുത്താനാവശ്യമായ കര്‍മ്മപദ്ധതികള്‍ പ്രഖ്യാപിക്കണമെന്ന് മാനന്തവാടി രൂപതാ വൈദിക സമ്മേളനം ആവശ്യപ്പെട്ടു. ദ്വാരകയില്‍ നടന്ന യോഗത്തില്‍ വയനാട്, കണ്ണൂര്‍, മലപ്പുറം, നീലഗിരി ജില്ലകളില്‍ ജോലി ചെയ്യുന്ന ഇരുന്നൂറോളം വൈദികര്‍ സംബന്ധിച്ചു.
വയനാട്ടിലും നീലഗിരി ജില്ലയിലും വര്‍ദ്ധിച്ചു വരുന്ന വന്യമൃഗ ശല്യത്തിലും രൂക്ഷമായ കടുവാ ഭീഷണിയിലും ഭീതിയില്‍ കഴിയുന്ന ജനങ്ങളോട് സമ്മേളനം ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചു. മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാത്ത പരിസ്ഥിതി സംരക്ഷണത്തോട് സമ്മേളനം പാസ്സാക്കിയ പ്രമേയം വിയോജിപ്പ് പ്രകടിപ്പിച്ചു.
മൃഗങ്ങള്‍ക്കും ജനങ്ങള്‍ക്കും സംരക്ഷണം നല്കത്തക്ക രീതിയില്‍ വനാതിര്‍ത്തികളില്‍ മുഴുവന്‍ കരിങ്കല്‍ ഭിത്തികളും കമ്പിവേലികളും സ്ഥാപിച്ച് കാടിനേയും നാടിനേയും സംരക്ഷിക്കാന്‍ വേണ്ട വ്യക്തമായ പദ്ധതികളാണ് മുഖ്യമന്ത്രിയില്‍നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. നീലഗിരി ജില്ലയില്‍ ജനങ്ങള്‍ നേരിടുന്ന വന്യമൃഗ ഭീഷണിക്കെതിരെ കേരള - തമിഴ്നാട് സര്‍ക്കാരുകളുടെ അടിയന്തിര ഇടപെടലുകള്‍ വേണമെന്നും യോഗം ആവശ്യപ്പെട്ടു.
വന്യമൃഗ ഭീഷണിക്കെതിരെ വയനാട്ടില്‍ വളര്‍ന്നു വരുന്ന കക്ഷി രാഷ്ട്രീയത്തിനധീതമായ ജനകീയ മുന്നേറ്റങ്ങള്‍ക്ക് വൈദിക സമ്മേളനം പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു.
മാനന്തവാടി ബിഷപ് മാര്‍ ജോസ് പൊരുന്നേടം അദ്ധ്യക്ഷം വഹിച്ചു. രൂപതാ പി.ആര്‍.ഒ. ഡോ. ഫാ. തോമസ് ജോസഫ് തേരകം, കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. റോബിന്‍ വടക്കുംചേരി, കത്തീഡ്രല്‍ വികാരി ഫാ. ജോര്‍ജ്ജ് മൈലാടൂര്‍, കെ.സി.വൈ.എം. ഡയറക്ടര്‍ ഫാ. ലാല്‍ ജേക്കബ്, കല്ലോടി ഫൊറോന വികാരി ഫാ. ജോര്‍ജ്ജ് മാമ്പള്ളി, സി.സി.എസ്.എസ്. ജില്ലാ സെക്രട്ടറി ഫാ. ബാബു മാപ്ളശ്ശേരി, കല്പറ്റ ഫൊറോന വികാരി ഫാ. ജോസ് കൊച്ചറയ്ക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ മാത്യു മാടപ്പള്ളിക്കുന്നേല്‍ സ്വാഗതവും രൂപതാ ചാന്‍സലര്‍ ഫാ. ജോസഫ് പരുവുമ്മേല്‍ നന്ദിയും പറഞ്ഞു.