“ദി അഡ്വെന്റ് ഫീസ്റ്റ് അറ്റ്ദി ബസിലിക്ക”: യൂറോപ്പിലെ ഏറ്റവും മനോഹരമായ ക്രിസ്തുമസ് മാര്ക്കറ്റ് ::Syro Malabar News Updates “ദി അഡ്വെന്റ് ഫീസ്റ്റ് അറ്റ്ദി ബസിലിക്ക”: യൂറോപ്പിലെ ഏറ്റവും മനോഹരമായ ക്രിസ്തുമസ് മാര്ക്കറ്റ്
14-December,2019

ബുഡാപെസ്റ്റ്: യൂറോപ്പില് ക്രിസ്തുമസിനോട് അനുബന്ധിച്ച് ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലെ സെന്റ് സ്റ്റീഫന്സ് സ്ക്വയറില് സംഘടിപ്പിച്ചിട്ടുള്ള “ദി അഡ്വെന്റ് ഫീസ്റ്റ് അറ്റ് ദി ബസിലിക്ക” ഭൂഖണ്ഡത്തിലെ ഇത്തവണത്തെ ഏറ്റവും മനോഹര ക്രിസ്തുമസ് മാര്ക്കറ്റായി തെരെഞ്ഞെടുക്കപ്പെട്ടു. ‘യൂറോപ്പ്യന് ബെസ്റ്റ് ഡെസ്റ്റിനേഷന്സ്’ നടത്തിയ വോട്ടെടുപ്പിലാണ് ‘ദി അഡ്വെന്റ് ഫീസ്റ്റ് അറ്റ് ദി ബസലിക്ക’ ഈ പദവിക്ക് അര്ഹമായത്. യൂറോപ്പിലെ ഏറ്റവും നല്ല സന്ദര്ശന കേന്ദ്രമായും ബുഡാപെസ്റ്റ് തന്നെയാണ് തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. 

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ‘യൂറോപ്പ്യന് ബെസ്റ്റ് ഡെസ്റ്റിനേഷന്സ്’ (EBD) ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്. ലോകമെങ്ങുമുള്ള വിനോദ സഞ്ചാരികള് നടത്തിയ വോട്ടിംഗിലൂടെയാണ് സ്ഥലം തെരെഞ്ഞെടുത്തത്. 116രാജ്യങ്ങളില് നിന്നുള്ള 2,89,714സഞ്ചാരികളാണ് ഇത്തവണത്തെ വോട്ടിംഗില് പങ്കെടുത്തത്. കഴിഞ്ഞ വര്ഷത്തെ മികച്ച മാര്ക്കറ്റായ ‘സഗരെബിലെ ക്രിസ്തുമസ്സ് ചന്തകള്’ക്ക് 38,830വോട്ടുകളായിരുന്നു ലഭിച്ചത്. ഇക്കൊല്ലം ബുഡാപെസ്റ്റ് ബസലിക്കയിലെ ക്രിസ്തുമസ്സ് മാര്ക്കറ്റിന് ലഭിച്ചതാകട്ടെ 39,448വോട്ടുകളും രണ്ടാം സ്ഥാനം ഓസ്ട്രിയയിലെ വിയന്നക്കും, മൂന്നാം സ്ഥാനം പോളണ്ടിലെ ഗ്ഡാന്സ്കിനുമാണ് ലഭിച്ചത്. ക്രൈസ്തവ വിശ്വാസത്തെ കേന്ദ്രീകരിച്ചു ഭരണം നടത്തുന്ന രാഷ്ട്രമാണ് സമ്മാനര്ഹമായ ഹംഗറി. 

ആദ്യ മൂന്നു സ്ഥാനങ്ങള്ക്ക് പുറമേ, ബെല്ജിയത്തിലെ ബ്രസ്സല്സ്, ഫ്രാന്സിലെ മോണ്ട്ബെലിയാര്ഡ്, സ്വിറ്റ്സര്ലന്ഡിലെ ബാസല്, ഫ്രാന്സിലെ മെറ്റ്സ്, റൊമാനിയയിലെ ക്ലജ് നാപോക്ക, നെതര്ലന്ഡ്സിലെ വാല്ക്കന്ബര്ഗ്, സെര്ബിയയിലെ നോവിസാഡ്, ജര്മ്മനിയിലെ ട്രയര്, ചെക്ക് റിപ്പബ്ലിക്കിലെ പ്രേഗ്, ഇറ്റലിയിലെ ഗൊവോണെ, യു.കെയിലെ വിഞ്ചെസ്റ്റര്, ഫ്രാന്സിലെ അമിയന്സ്, ജര്മ്മനിയിലെ റോത്തന്ബര്ഗ്, ജര്മ്മനിയിലെ കൊളോണ് തുടങ്ങിയ സ്ഥലങ്ങളും യൂറോപ്പിലെ ഏറ്റവും മനോഹരമായ ക്രിസ്തുമസ് മാര്ക്കറ്റുകളുടെ പട്ടികയില് ഇടംപിടിച്ചിട്ടുണ്ട്.

 


Source: Pravachavakasabdam.com

Attachments
Back to Top

Never miss an update from Syro-Malabar Church