പശ്ചിമഘട്ടത്തിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ നിലനില്‍പ്പിനും അതിജീവനത്തിനും വെല്ലുവിളിയുയര്‍ത്തുന്ന മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ ജനവിരുദ്ധ നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാ പാസ്ററല്‍ കൌണ്‍സില്‍ പ്രമേയത്തിലൂടെ അഭ്യര്‍ത്ഥിച്ചു. മരങ്ങള്‍ നടുകയും മണ്ണില്‍ പണിയെടുക്കുകയും ചെയ്യുന്നത് കര്‍ഷകരാണ്. പരിസ്ഥിതി സംരക്ഷിക്കപ്പെടുന്നതോടൊപ്പം പശ്ചിമഘട്ടത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ഉത്തരവാദിത്വം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ട്. ഒരു ജനസമൂഹത്തെ മുഴുവന്‍ ഒന്നടങ്കം തെരുവിലേയ്ക്കു വലിച്ചെറിയുവാന്‍ ആരെയും അനുവദിക്കുകയില്ലെന്ന് പ്രമേയത്തില്‍ സൂചിപ്പിച്ചു.
ജീവന്റെ സംരക്ഷണം ക്രൈസ്തവ സഭയുടെ ദൌത്യമാണ്. എന്തുവിലകൊടുത്തും എക്കാലവും ആ ദൌത്യം സഭ നിര്‍വ്വഹിക്കുമെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍ സ്വീകരിച്ച് പ്രായോഗിക നടത്തിപ്പിനായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ചതും 2013 ഫെബ്രുവരി 16ന് കാലാവധി കഴിയുന്നതുമായ ഡോ.കസ്തൂരിരംഗന്‍ സമിതി പശ്ചിമഘട്ടമേഖലയിലെ ജനങ്ങളുമായി കൂടിക്കാഴ്ച നടത്തുവാന്‍ തയ്യാറാകണമെന്നും പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ സമര്‍പ്പിക്കാനാണു തങ്ങളോട് ആവശ്യപ്പെട്ടതെന്നും അവിടത്തെ മനുഷ്യരുടെ കാര്യം തങ്ങളുടെ പരിഗണനാവിഷയമായിരുന്നില്ലെന്നുമുള്ള ഗാഡ്ഗില്‍ സമിതിയുടെ വിശദീകരണം പിന്‍വലിക്കണമെന്നും സമ്മേളനം അഭ്യര്‍ത്ഥിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ന്യൂനപക്ഷക്ഷേമപദ്ധതികളില്‍ എല്ലാ ന്യൂനപക്ഷവിഭാഗങ്ങള്‍ക്കും ജനസംഖ്യാനുപാതികമായി തുല്യനീതി ലഭിക്കണമെന്നും പാസ്ററല്‍ കൌണ്‍സില്‍ സംസ്ഥാനസര്‍ക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.