ഫ്രാന്‍സീസ് പാപ്പായുടെ മദ്ധ്യാഹ്ന പ്രാര്‍ത്ഥനാസന്ദേശം:ഉണര്‍ന്നിരിക്കുവിന്‍ എന്നതിന്റെ വിവക്ഷ ശാരീരികമായി കണ്ണു തുറന്നിരിക്കുക എന്നല്ല, പ്രത്യുത, സ്വതന്ത്രവും നേര്‍ദിശോന്മുഖവുമായ, അതായത് ദാനം ചെയ്യുന്നതിനും സേവനത്തിനും സന്നദ്ധമായ, ഹൃദയം ഉണ്ടായിരിക്കുക എന്നാണ്.
യേശുനാഥന്റെ തിരുപ്പിറവിയാഘോഷത്തിനുള്ള അടുത്ത ഒരുക്കത്തിന്റെ സമയമായ ആഗമനകാലത്തിലെ ആദ്യ ഞായാറാഴ്ച (01/12/19), അതായത്, ഡിസമ്പര്‍ ഒന്നിന്, മദ്ധ്യാഹ്നത്തില്‍ ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ നയിച്ച ത്രികാല പ്രാര്‍ത്ഥനയില്‍ വിവിധരാജ്യാക്കാരായ നിരവധി വിശ്വാസികള്‍ പങ്കുകൊണ്ടു. ഈ ദിവസങ്ങളില്‍ റോമില്‍, മാത്രമല്ല, ഇറ്റലിയില്‍ മൊത്തത്തില്‍, കാലാവസ്ഥ മോശമാണെങ്കിലും, ഡിസമ്പര്‍ ഒന്ന് തെളിവാര്‍ന്ന ഒരു ദിനമായിരുന്നു. പ്രാദേശികസമയം 12 മണിക്ക്, ഇന്ത്യയിലെ സമയം വൈകുന്നേരം 4.30-ന്, പാപ്പാ ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിന്, പതിവുപോലെ, പേപ്പല്‍ അരമനയിലെ പതിവു ജാലകത്തിങ്കല്‍ പ്രത്യക്ഷനായപ്പോള്‍ ജനസഞ്ചയത്തിന്റെ ആനന്ദാരവങ്ങള്‍ ഉയര്‍ന്നു.
വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ ചത്വരത്തില്‍ ബസിലിക്കയ്ക്ക് അഭിമുഖമായി നില്ക്കുകയാണെങ്കില് അങ്കണത്തിന്റെ വലത്തുഭാഗത്തെ സ്തംഭാവലിക്ക് പിന്നിലായി കാണപ്പെടുന്ന അരമന കെട്ടിടസമുച്ചയത്തിന്റെ ഒരുഭാഗത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലുള്ള പത്തു ജാലകങ്ങളില്‍ വലത്തു നിന്നു രണ്ടാമത്തെതാണ് പാപ്പാ ഞായറാഴ്ചകളില്‍ ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിനായി പ്രത്യക്ഷപ്പെടുന്ന ജനല്‍. ആ ജാലകത്തിങ്കല്‍ മന്ദസ്മിതത്തോടെ കൈകള്‍ ഉയര്‍ത്തി എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് പ്രത്യക്ഷനായ പാപ്പാ ത്രികാലജപം നയിക്കുന്നതിനുമുമ്പ് വിശ്വാസികളെ സംബോധനചെയ്തു. ഈ ഞായറാഴ്ച (01/12/19) ലത്തീന്‍ റീത്തിന്റെ ആരാധനക്രമമനുസരിച്ച് വിശുദ്ധകുര്‍ബ്ബാനമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥഭാഗങ്ങളില്‍, ഏശയ്യാ പ്രവാചകന്റെ പുസ്തകം 2,2-5 വരെയും, മത്തായിയുടെ സുവിശേഷം 24,37-44 വരെയുമുള്ള വാക്യങ്ങള്‍ ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനവലംബം. ഇറ്റാലിയന്‍ ഭാഷയില്‍ ആയിരുന്ന തന്റെ പരിചിന്തനം പാപ്പാ ആരംഭിച്ചത് ഇപ്രകാരമാണ്:
പാപ്പായുടെ വിചിന്തനം:
പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം,
ആഗമനകാലത്തിലെ പ്രഥമ ഞായറാഴ്ചയായ ഇന്ന് (01/12/19) പുതിയൊരു ആരാധനാക്രമ വത്സരം ആരംഭിക്കയാണ്. ആഗമനകാലത്തിലെ നാലാഴ്ചകളില്‍ ആരാധനാക്രമം നമ്മെ യേശുവിന്റെ തിരുപ്പിറവിയാഘോഷത്തിലേക്ക് നയിക്കുകയും നമ്മുടെ ജീവിതത്തിലേക്ക് അവിടന്ന് അനുദിനം കടന്നുവരുന്നുണ്ടെന്നും യുഗാന്ത്യത്തില്‍ മഹത്വത്തോടെ വീണ്ടും വരുമെന്നും നമ്മെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. ആ ഒരു സുനിശ്ചിതത്വമാണ്, ഏശയ്യാ പ്രവാചകന് നമ്മെ ക്ഷണിക്കുന്നതു പോലെ, ഭാവിയിലേക്ക് വിശ്വാസത്തോടെ നോക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. തന്റെ പ്രചോദനദായക സ്വരത്താല്‍ ഏശയ്യാ പ്രവാചകന് നമ്മുടെ ആഗമനകാലയാത്രയില്‍ നമുക്കു തുണയായിരിക്കുന്നു.
യേശുവിന് സ്വാഗതമോതാനുള്ള സവിശേഷ വേള
ഇന്നത്തെ ഒന്നാം വായനയില്‍ ഏശയ്യാ ഇപ്രകാരം പ്രവചിക്കുന്നു: ”അവസാന നാളുകളില്‍, കര്‍ത്താവിന്റെ ആലയം സ്ഥിതിചെയ്യുന്ന പര്‍വ്വതം എല്ലാ പര്‍വ്വതങ്ങള്‍ക്കും മുകളില്‍ ഉയര്‍ന്നു നില്ക്കും. എല്ലാ ജനതകളും അതിലേക്ക് ഒഴുകും”. (ഏശയ്യാ 2,2). ജറുസലേമിലെ ദേവാലയമാണ് കേന്ദ്രസ്ഥാനവും ജനതകളുടെ സമാഗമ സ്ഥാനവുമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ദൈവപുതന്റെ മനുഷ്യാവതാരാനന്തരം യഥാര്‍ത്ഥ ആലയമായി യേശുതന്നെ സ്വയം ആവിഷ്ക്കരിക്കുന്നു. ആയതിനാല്‍, ഏശയ്യാ പ്രവാചകന്റെ വിസ്മയകരമായ വീക്ഷണം ദൈവിക വാഗ്ദാനമാണ്. അത്, തീര്‍ത്ഥാടനത്തിന്റെ, സകല ചരിത്രത്തിന്റെയും അര്‍ത്ഥവും അന്ത്യവുമായ ക്രിസ്തുവിലേക്കുള്ള യാത്രയുടെ, ഭാവം ആര്‍ജ്ജിക്കാന്‍ നമുക്ക് പ്രചോദനമേകുന്നു. നീതിക്കായി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്ന എല്ലാവര്ക്കും കര്‍ത്താവിന്റെ വഴികള്‍ പിന്‍ചെന്നുകൊണ്ട് മാത്രമെ അതു കണ്ടെത്താന്‍ സാധിക്കുകയുള്ളു. എന്നാല്‍ സംഘര്‍ഷങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും കാരണമാകുന്ന സ്വാര്‍ത്ഥ താല്പര്യങ്ങള് കാണിച്ചുതരുന്ന വഴികള്‍ പിന്ചെല്ലാന് വ്യക്തികളും സാമൂഹ്യ വിഭാഗങ്ങളും ഇഷ്ടപ്പെടുന്നു എന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്ന് തിന്മയും പാപവും ഉടലെടുക്കുന്നു. ദൈവത്തിന്റെ വഴികള്‍ നമുക്കു കാണിച്ചുതരുന്നതിന് ശാന്തിദൂതനായി എത്തുന്ന യേശുവിന്റെ വരവിനെ സ്വാഗതം ചെയ്യാനുള്ള സവിശേഷ സമയമാണ് ആഗമനകാലം.
ഉണര്‍ന്നിരിക്കുവിന്‍
തന്റെ ആഗമനത്തിന് ഒരുക്കമുള്ളവരായിരിക്കാന്‍ യേശു ഇന്നത്തെ സുവിശേഷത്തില്‍ നമ്മെ അനുശാസിക്കുന്നു: “നിങ്ങളുടെ കര്‍ത്താവ് ഏതു ദിവസം വരുമെന്ന് അറിയാത്തതുകൊണ്ട് നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍” (മത്തായി 24,42). ഉണര്‍ന്നിരിക്കുവിന്‍ എന്നതിന്റെ വിവക്ഷ ശാരീരികമായി കണ്ണു തുറന്നിരിക്കുക എന്നല്ല, പ്രത്യുത, സ്വതന്ത്രവും നേര്‍ദിശോന്മുഖവുമായ, അതായത് ദാനം ചെയ്യുന്നതിനും സേവനത്തിനും സന്നദ്ധമായ, ഹൃദയം ഉണ്ടായിരിക്കുക എന്നാണ്. ഇതാണ് ഉണര്‍ന്നിരിക്കല്‍. നിസ്സംഗത, പൊങ്ങച്ചം യഥാര്‍ത്ഥ മാനുഷിക ബന്ധങ്ങള്‍ സ്ഥാപിക്കാനുള്ള അപ്രാപ്തി, ഏകനും പരിത്യക്തനും രോഗിയുമായ സഹോദരന്റെ കാര്യത്തില്‍ കരുതല്‍ ഇല്ലാതിരിക്കല്‍ എന്നിവയുടെ സമന്വയമാണ് നാം ഉണരേണ്ട ഉറക്കം. ആഗതനാകുന്ന യേശുവിനായുള്ള കാത്തിരിപ്പ് ജാഗരൂഗരായിരിക്കാനുള്ള പരിശ്രമത്തിന്റെ മൂര്ത്തരൂപമെടുക്കണം. ഇതിനര്‍ത്ഥം, സര്‍വ്വോപരി, ദൈവത്തിന്റെ പ്രവര്‍ത്തനത്തിനു മുന്നില്‍, അവിടത്തെ വിസ്മയ ചെയ്തികള്‍ക്കു മുന്നില്‍ അത്ഭുതം കൂറുകയും, അവിടത്തേക്ക് പ്രാഥമ്യം കല്പിക്കുകയും ചെയ്യുക എന്നതാണ്. ഉണര്‍ന്നിരിക്കുക എന്നതിന് മറ്റൊരര്‍ത്ഥം കൂടിയുണ്ട്, അതാത്, ക്ലേശിതനായ അയല്ക്കാരന്റെ കാര്യത്തില്‍ ശ്രദ്ധ ചെലുത്തുകയും അവനൊ, അവളൊ, സഹായം അഭ്യര്‍ത്ഥിക്കുന്നതു കാത്തു നില്ക്കാതെതന്നെ, ദൈവം സദാ നമ്മോടു ചെയ്യുന്നതു പോലെ, അവന്റെ ആവശ്യങ്ങള്‍ മുന്‍കൂട്ടി കണ്ടറിയുകയും നിറവേറ്റിക്കൊടുക്കുകയും വേണം.
പരിശുദ്ധ അമ്മ
സകലമനുഷ്യരെയും ജനതകളെയും തന്നിലേക്കാകര്‍ഷിക്കുന്ന യേശുക്രിസ്തുവിന്റെ പ്രതീകമായ “കര്‍ത്താവിന്റെ മലയിലേക്ക്” നോക്കാന്‍ നമ്മെ സഹായിച്ചുകൊണ്ട്, ഉണര്‍ന്നിരിക്കുന്ന കന്യകയും പ്രത്യാശയുടെ അമ്മയുമായ മറിയം ഈ യാത്രയില്‍ നമ്മെ നയിക്കട്ടെ.
ഈ വാക്കുകളില്‍ തന്റെ സന്ദേശം ഉപസംഹരിച്ച പാപ്പാ തുടര്‍ന്ന് കര്‍ത്താവിന്റെ മാലാഖ എന്ന പ്രാര്‍ത്ഥന നയിക്കുകയും ആശീര്‍വാദം നല്‍കുകയും ചെയ്തു.
ഇറാക്കിലെ ജനങ്ങള്‍ക്കായി........
ആശീര്‍വ്വാദാനന്തരം ഫ്രാന്‍സീസ് പാപ്പാ ഇറാക്കിലെ അവസ്ഥയെക്കുറിച്ച് വേദനയോടെ അനുസ്മരിച്ചു.
ഇറാക്കിലെ അവസ്ഥ ആശങ്കയോടെയാണ് ഞാന്‍ നിരീക്ഷിക്കുന്നത്. കഴിഞ്ഞ ദിനങ്ങളില്‍ അവിടെ നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്ക് കടുത്തരീതിയിലുള്ള പ്രതികരണമാണുണ്ടായതെന്നും ഈ പ്രതികരണങ്ങള്‍ക്ക് അനേകര്‍ ഇരകളായി എന്നും ഞാന്‍ വേദനയോടെ മനസ്സിലാക്കുന്നു. ഈ പ്രകടനത്തിടെ മരണമടഞ്ഞവര്‍ക്കും മുറിവേറ്റവര്‍ക്കും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. സമാധാനത്തിനും ഐക്യത്തിനും വേണ്ടി ദൈവത്തോടു പ്രാര്‍ത്ഥിച്ചുകൊണ്ട് ഞാന്‍ അവരുടെ കുടുംബാംഗങ്ങളുടെയും ഇറാക്കിലെ അഖില ജനത്തിന്റെയും ചാരെയുണ്ട്.
യുവജന അന്താരാഷ്ട്ര ഉപദേശക സമിതി
ഈ വാക്കുകളെ തുടര്‍ന്ന് പാപ്പാ യുവജനത്തിന്റെ അന്താരാഷ്ട്ര ഉപദേശകസമതി എന്ന പുതിയൊരു സംഘടനയ്ക്ക് അല്മായര്ക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള റോമന്‍കൂരിയാ വിഭാഗം രൂപം നല്‍കിയത് അനുസ്മരിച്ചു.
ഭൂമിശാസ്ത്രപരമായും സഭാപരമായും വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള 20 യുവജന പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന ഈ സംവിധാനം യുവജനത്തെ അധികരിച്ചു സംഘടിപ്പിക്കപ്പെട്ട മെത്രാന്മാരുടെ സിനഡുസമ്മേളനത്തിന്റെ ആവശ്യങ്ങള്‍ക്കുള്ള സമൂര്‍ത്തമായ ഒരു ഉത്തരമാണെന്നും പാപ്പാ പറഞ്ഞു. യുവജന അജപാലനത്തിനുള്ള മുന്‍ഗണനയെയും പൊതു താല്പര്യമുള്ള ഇതര വിഷയങ്ങളെയും അധികരിച്ചുള്ള യുവജനങ്ങളുടെ വീക്ഷണം മനസ്സിലാക്കാന്‍ സഹായിക്കുകയാണ് ഈ പുതിയ സംഘടനയുടെ ദൗത്യമെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു.
ഈ സംഘടനയ്ക്കുവേണ്ടി പ്രാര്‍ത്ഥനയും പാപ്പാ അഭ്യര്‍ത്ഥിച്ചു.
തുടര്‍ന്ന് ഇറ്റലിക്കാരും മറ്റുരാജ്യാക്കാരുമടങ്ങുന്ന വിശ്വാസികളെയും തീര്‍ത്ഥാടകരെയും പാപ്പാ അഭിവാദ്യം ചെയ്തു.
ഗ്രേച്ചൊ സന്ദര്‍ശനത്തെക്കുറിച്ച്
ആദ്യ പുല്‍ക്കൂട് വിശുദ്ധ ഫ്രാന്‍സീസ് അസ്സീസി നിര്‍മ്മിച്ച ഇടമായ ഗ്രേച്ചൊ എന്ന സ്ഥലം താന്‍ ഞായറാഴ്ച (01/12/19) വൈകുന്നേരം സന്ദര്‍ശിക്കുകയും അവിടെ വച്ച് പുല്‍ക്കൂടിന്റെ പൊരുളും മൂല്യവും അവതരിപ്പിക്കുന്ന ഒരു കത്ത് താന്‍ ഒപ്പുവയ്ക്കുകയും ചെയ്യുന്നതിനെക്കുറിച്ചും പാപ്പാ സൂചിപ്പിച്ചു.
പുല്‍ക്കൂട് ക്രിസ്തീയ വിശ്വാസത്തിന്റെ ലളിതവും വിസ്മയകരവുമായ അടയാളമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. തിരുപ്പിറവിയാഘോഷത്തിനുള്ള ഒരുക്കത്തിന് സഹായകരമാകും താന്‍ നല്കുന്ന ചെറുകത്ത് എന്നും പാപ്പാ പറഞ്ഞു.
തദ്ദനന്തരം പാപ്പാ എല്ലാവര്ക്കും ശുഭ ഞായറും നല്ലൊരു ആഗമനകാലയാത്രയും ആശംസിക്കുകയും, തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുതെന്ന പതിവഭ്യര്‍ത്ഥന നവീകരിക്കുകയും ചെയ്തു. അതിനുശേഷം, എല്ലാവര്ക്കും നല്ല ഉച്ചവിരുന്നു നേര്‍ന്ന മാര്‍പ്പാപ്പാ വീണ്ടും കാണാം, “അരിവെദേര്‍ച്ചി" (arrivederci) എന്ന് ഇറ്റാലിയന്‍ ഭാഷയില്‍ പറഞ്ഞുകൊണ്ട് സുസ്മേരവദനനായി കൈകള്‍ വീശി ജാലകത്തിങ്കല്‍ നിന്ന് പിന്‍വാങ്ങി