കൊച്ചി: ചർച്ച് ആക്ട് കാട്ടി ക്രൈസ്തവ സഭയെ വിരട്ടി വരുതിയിലാക്കാമെന്നു സ്വപ്നം കാണുന്നവർ ഇന്ത്യൻ ഭരണഘടന പഠിക്കാത്തവരാണെന്നും ഇക്കൂട്ടരുടെ ജല്പനങ്ങൾ വിശ്വാസിസമൂഹം പുച്ഛിച്ചുതള്ളുമെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സിൽ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യൻ.
ഭരണഘടനയെയും നിയമസംവിധാനങ്ങളെയും ഏറെ ബഹുമാനത്തോടെ കാണുന്നവരാണ് ഭാരതത്തിലെ ക്രൈസ്തവസമൂഹം. ഭരണഘടനാവിരുദ്ധമായ പ്രവർത്തനങ്ങൾ ക്രൈസ്തവരുടെ ഭാഗത്തുനിന്ന് ഉണ്ടായാൽ നടപടിയെടുക്കാനുള്ള സംവിധാനങ്ങളും നിയമവ്യവസ്ഥകളും രാജ്യത്തുണ്ട്.
സഭയുടെ സ്വത്തുക്കൾ രാജ്യത്തെ നിയമങ്ങൾക്ക് വിധേയപ്പെട്ട് വിശ്വാസികൾ ആർജിച്ചതാണ്. ദേവസ്വം, വഖഫ് ബോർഡുപോലെ സർക്കാർ ഖജനാവിൽനിന്നു പണംമുടക്കി നേടിയ പൊതുസ്വത്തല്ല. ദേവസ്വം ബോർഡും വഖഫ് ബോർഡും രാജാക്കന്മാരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ക്ഷേത്രങ്ങളും മോസ്കുകളും മാത്രം കൈകാര്യം ചെയ്യാൻ ഉണ്ടാക്കിയ സംവിധാനമാണ്.
അനേകായിരം ക്ഷേത്രങ്ങളും മോസ്കുകളും സർക്കാരിന് യാതൊരു നിയന്ത്രണവുമില്ലാതെ പ്രവർത്തിക്കുന്പോൾ ഇവർക്കുവേണ്ടി നിയമം സൃഷ്ടിക്കാനുള്ള ആർജവം സംസ്ഥാന സർക്കാരിനുണ്ടോ? ലോകമെന്പാടുമായി പ്രവർത്തനനിരതവും ആഗോളജനസംഖ്യയിലെ ബഹൂഭൂരിപക്ഷവുമായ ക്രൈസ്തവസമൂഹത്തെ കേരളത്തിലിരുന്നു നിർവീര്യമാക്കാമെന്നു കരുതുന്നത് വിഡ്ഢിത്തമാണെന്നും വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.