കൊച്ചി: ക്രൈസ്തവ ജീവിതം സുവിശേഷവത്കരണമാണെന്നും അതിന്റെ വികാസമാണു പ്രേഷിതപ്രവർത്തനമെന്നും സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. വിവിധ സീറോ മലബാർ രൂപതകളുടെയും സമർപ്പിത സമൂഹങ്ങളുടെയും അല്മായപ്രേഷിത മുന്നേറ്റങ്ങളുടെയും പ്രതിനിധികൾക്കായി സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന മിഷൻ കോണ്‍ഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെട്ടിക്കിടക്കാതെ പുറത്തേയ്ക്കൊഴുകുന്ന ജലം കടന്നുപോകുന്ന വഴികളെ ഫലഭൂയിഷ്ഠമാക്കി ജീവൻ നൽകുന്നതുപോലെ സഭ പ്രേഷിതയാകുന്പോഴാണു വിശ്വാസത്തിന്റെ ഫലങ്ങൾ പുറപ്പെടുവിക്കുകയെന്നും കർദിനാൾ ഓർമിപ്പിച്ചു. സുവിശേഷവത്കരണത്തിനും പ്രവാസികളുടെ അജപാലന ശുശ്രൂഷയ്ക്കും വേണ്ടിയുള്ള സഭയുടെ മേജർ ആർക്കി എപ്പിസ്കോപ്പൽ കമ്മീഷനും സീറോ മലബാർ മിഷൻ ഓഫീസും സംയുക്തമായി സംഘടിപ്പിച്ച മിഷൻ കോണ്‍ഫറൻസിൽ 250ഓളം പ്രതിനിധികൾ പങ്കെടുത്തു.
സീറോ മലബാർ സഭയുടെ സമഗ്ര പ്രേഷിതവളർച്ചയ്ക്കു സഹായകരമായ പങ്കുവയ്ക്കലുകളും ചർച്ചകളും സമ്മേളനത്തിൽ നടന്നു. സഭയുടെ പുതിയ പ്രേഷിത സാധ്യതകളെക്കുറിച്ചു കമ്മീഷൻ ചെയർമാൻ ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യപ്രഭാഷണം നടത്തി. കമ്മീഷൻ എപ്പിസ്കോപ്പൽ അംഗം ബിഷപ് മാർ ജോസഫ് പണ്ടാരശേരിൽ, കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, കമ്മീഷൻ സെക്രട്ടറി റവ. ഡോ. സെബാസ്റ്റ്യൻ മുട്ടംതൊട്ടിൽ, സീറോ മലബാർ മിഷൻ സെക്രട്ടറി ഫാ. സിജു അഴകത്ത്,ഓഫീസ് സെക്രട്ടറിമാരായ സിസ്റ്റർ റോസ്മിൻ, സിസ്റ്റർ നമ്രത,വിവിധ അല്മായപ്രേഷിത മുന്നേറ്റങ്ങളുടെ പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.