യുദ്ധക്കെടുതിയിലും ശിരസ്സുനമിക്കാത്ത ബാല്യത്തിന്റെ ഓര്‍മ്മയ്ക്ക്...!
1. ക്യാമറ ഒപ്പിയെടുത്ത ബാലന്റെ നൊമ്പരം
പാപ്പാ ഫ്രാന്‍സിസ് നെഞ്ചോടു ചേര്‍ത്ത ഹൃദയ ദ്രവീകരണശേഷിയുള്ള രണ്ടാം ലോകയുദ്ധത്തിലെ ഒരു ചിത്രമാണിവിടെ ചേര്‍ത്തിരിക്കുന്നത്. 1945-ല്‍ നാഗസാക്കിയില്‍ അണുബോംബു വിതച്ച വിനാശത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ചികഞ്ഞെടുത്ത തന്റെ പിഞ്ചുസഹോദരന്റെ മൃതദേഹം മാറാപ്പില്‍ ചുറ്റി മുതുകിലേറ്റി നീണ്ടദൂരം നടന്ന് ശ്മശാന കവാടത്തിലെത്തി നിരുദ്ധകണ്ഠനും നിശ്ചലനുമായി നില്ക്കുന്ന ജാപ്പനീസ് ബാലന്റെ ചിത്രം അമേരിക്കന്‍ സൈന്യത്തിനുവേണ്ടി പ്രശസ്ത ഫോട്ടോഗ്രാഫര്‍ ജോ ഒഡോണല്‍ ക്യാമറയില്‍ ഒപ്പിയെടുത്തതാണ്.
2. മുറിവേറ്റ അഭിമാനത്തിന്റെ മുഖഭാവം
യുദ്ധത്തിന്റെ കെടുതികളില്‍ ഏറ്റവുമധികം ഇരയാകുന്നവരും അനാഥത്വം അടിച്ചേല്പിക്കപ്പെടുന്നവരും കുട്ടികളാണ്. ഹിരോഷിമയിലും നാഗസാക്കിയിലും പ്രയോഗിച്ച അണുബോംബുകളിലൂടെ കീഴടക്കപ്പെട്ട ജാപ്പനീസ് ജനതയുടെ മുറിവേറ്റ അഭിമാനത്തിന്റെ പ്രതീകമാണ് ഈ ചിത്രം.
3. ജോ ഒഡോണലിന്റെ ഓര്‍മ്മക്കുറിപ്പ്
ഫോട്ടോഗ്രാഫര്‍ ജോ ഒഡോണല്‍ രേഖപ്പെടുത്തിയത് ഇങ്ങനെയാണ് : യുദ്ധത്തില്‍ മരണപ്പെട്ടവരെ ദഹിപ്പിക്കുവാനുള്ള ചിതയുടെ സമീപത്തേയ്ക്ക് നിര്‍വികാരനായി ഒരു പത്തു വയസ്സുകാരന് നടന്നടുക്കുന്നത് അയാള്‍ കണ്ടു. കുഞ്ഞുങ്ങളെ മൂത്തസഹോദരങ്ങള്‍ മുതുകിലേറ്റുന്നത് ജപ്പാനില്‍ ഒരു സാധാരണ കാഴ്ചയായിരുന്നു. എന്നാല്‍ ആ ശ്മശാന ഭൂമിയിലേയ്ക്ക് ഇളയസഹോദരനെ മുതുകിലേറ്റി ദീര്‍ഘദൂരം നടന്നതിന്റെ ക്ഷീണവും കിതപ്പും അവനില്‍ ദൃശ്യമായിരുന്നു. എന്നിട്ടും ജന്മനാടിന്റെ സൈനികചിട്ടയില് - “അറ്റന്‍ഷ”നായി (attention) – ശരീരം നിവര്‍ത്തിയും, പാദങ്ങള്‍ കൂട്ടിവച്ചും, കരങ്ങള്‍ ഉടലോടു തുറന്നു ചേര്‍ത്തുപിടിച്ചും നിശ്ചലനായിനിന്ന ബാലന്റെ രൂപം മനമലിയിക്കുന്നതായിരുന്നു.
4. നെഞ്ചോടു ചേര്‍ത്തണച്ച അനുജന്റെ പൂമേനി
സഹോദരന്റെ മൃതശരീരമാണ് പിറകിലെ തൊട്ടിയില്‍ ശരീരത്തോടു വരിഞ്ഞു മുറുക്കിവച്ചിരിക്കുന്നത്! പിന്നീടാണ് ഫോട്ടോഗ്രാഫര്‍ക്കു ഇക്കാര്യം മനസ്സിലായത്. എന്നാല്‍ ഒരു തുള്ളി കണ്ണുനീര് ചിന്താത്തവിധം മനസ്സിലെ ദുഃഖവും, മൃതനായ കുഞ്ഞനുജനെയും വഹിച്ചു ദീര്‍ഘദൂരം നടന്ന ശാരീരിക വേദനയും കടിച്ചമര്‍ത്തിയപ്പോള്‍ അവന്റെ കീഴ്ചുണ്ടില്നിന്നും ചോര പൊടിയുന്നത് ഒഡോണല്‍ ശ്രദ്ധിച്ചു.
5. ശവദാഹത്തിന്റെ നീറല്
പെട്ടന്ന് ശ്മശാനത്തില്‍നിന്നു മുഖംമൂടിയ രണ്ടുപേര്‍ വന്ന് ബാലന്റെ മുതുകിലെ മാറാപ്പ് അറുത്തെടുത്ത്, അവന്റെ കുഞ്ഞനുജനെ അവര്‍ ചിതയിലേയ്ക്ക് നിഷ്ക്കരുണം എറിഞ്ഞിട്ടപ്പോഴും അവന് കല്ലുപോലെ നോക്കിനിന്നു!
6. പ്രണാമം
യുദ്ധഭൂമിയിലെ ഈ ചിത്രവും, കരളലിയിക്കുന്ന ഇതുപോലുള്ള ധാരാളം ചിത്രങ്ങളും രേഖീകരിച്ച് യുദ്ധത്തിന്റെ ഫലം വിനാശവും മരണവുമെന്നു ലോകത്തെ ഇന്നും ഓര്‍മ്മിപ്പിക്കുന്ന അമേരിക്കന്‍ ഫോട്ടോഗ്രാഫര്‍, റോജര്‍ ജോ ഒഡോണലിന് സ്നേഹാഞ്ജലി! അദ്ദേഹം 2007-ല്‍ കാലംചെയ്തു. അമേരിക്കയില്‍ പെന്‍സില്‍വേനിയ സ്വാദേശിയാണ്.