ജീവന്റെയും സാഹോദര്യത്തിന്യും ലോകം (കാൻതെയി ഗ്രേറ്റ് ഹാളിൽ ഭരണാധികാരികളും നയതന്ത്രജ്ഞരുമായുള്ള കൂടിക്കാഴ്ചയിൽ പാപ്പാ നടത്തിയ പ്രഭാഷണം) ::Syro Malabar News Updates ജീവന്റെയും സാഹോദര്യത്തിന്യും ലോകം (കാൻതെയി ഗ്രേറ്റ് ഹാളിൽ ഭരണാധികാരികളും നയതന്ത്രജ്ഞരുമായുള്ള കൂടിക്കാഴ്ചയിൽ പാപ്പാ നടത്തിയ പ്രഭാഷണം)
27-November,2019

എല്ലാ ജീവന്റെയും സംരക്ഷണം ,പരിശുദ്ധ സിംഹാസനവും ജപ്പാനുമായി പുരാതന കാലം മുതൽക്കേയുള്ള ബന്ധത്തെക്കുറിച്ചും ചരിത്രപരമായി ആ ബന്ധത്തിലുള്ള സാംസ്കാരികവും നയതന്ത്രപരവുമായ വശങ്ങൾ പല ബുദ്ധിമുട്ടുകളെയും സമ്മർദ്ദങ്ങളെയും തരണം ചെയ്യാൻ സഹായിച്ചിട്ടുണ്ടെന്നും ഇവയെല്ലാം ഇവിടെ എത്തിയ ആദ്യ മിഷനറിമാരിൽ നിന്ന് ലഭിച്ച  മതിപ്പിലും ബഹുമാനത്തിലും അധിഷ്ഠിതമായ താണെന്നും പാപ്പാ ഓർമ്മിച്ചു. ജപ്പാനിലെ കത്തോലിക്കരെ വിശ്വാസത്തിൽ സ്ഥൈര്യപ്പെടുത്താനാണ് തന്റെ വരവെന്നും, ഉപവിയിൽ ദരിദ്രരുടെ നേർക്കുള്ള അവരുടെ പ്രതിബദ്ധതയിലും രാജ്യത്തിന് അവർ നൽകുന്ന സേവനത്തിലും അഭിമാനം കൊള്ളുന്നവരാണെന്നും പാപ്പാ പറഞ്ഞു. "എല്ലാത്തരം ജീവന്റെയും സംരക്ഷണം" എന്ന തന്റെ സന്ദർശനത്തിന്റെ ആപ്ത വാക്യം  ഓർമ്മിപ്പിച്ച പാപ്പാ ജീവന്റെ അന്തസ്സും അവശ്യക്കാർക്ക് സഹാനുഭാവവും പിൻതുണയും ഉറപ്പാക്കണമെന്നും ആഹ്വാനം ചെയ്തു. തന്റെ മുൻഗാമികളെപ്പോലെ ഇനിയും ലോകത്തിൽ ഹിരോഷിമയും നാഗസാക്കിയും പോലുള്ള അണുബോംബാക്രമണ നശീകരണങ്ങൾ ഉണ്ടാകാതിരിക്കാൻ ദൈവത്തോടു പ്രാർത്ഥിക്കുന്നതോടൊപ്പം എല്ലാ നല്ല മനസ്കരോടും ഇക്കാര്യത്തിനായി മദ്ധ്യസ്ഥരാകാൻ പാപ്പാ ആവശ്യപ്പെട്ടു.

സാഹോദര്യത്തിന്റെ ലോകം

ജനതകളം,  രാജ്യങ്ങളുമായുള്ള ഏറ്റം ഗുരുതരമായ സംഘർഷങ്ങൾക്ക് പോലും പരിഹാരം ചർച്ചകളാണെന്നും അതു മാത്രമാണ് നിലനില്ക്കുന്ന സമാധാനത്തിന് മനുഷ്യനുചേർന്ന ഒരേ ഒരായുധം എന്നും പാപ്പാ അറിയിച്ചു. വിവേകം  സ്വഭാവമാക്കിയ, വിശാല ചക്രവാളം ദർശനമാക്കിയ,  കൂടിക്കാഴ്ചയുടെയും ചർച്ചയുടേയും സംസ്കാരം കൂടുതൽ നീതിപൂർവ്വകവും സാഹോദര്യവുമാർന്ന ലോകം കെട്ടിപ്പടുക്കുവാൻ ആവശ്യമാണ് എന്ന് പറഞ്ഞ പാപ്പാ അടുത്ത് ജപ്പാനിൽ നടക്കാൻ പോകുന്ന ഒളിമ്പിക്സ്, പാരാ ഒളിമ്പിക്സ് മൽസരങ്ങൾ നല്കുന്ന വൈരാഗ്യമില്ലാത്ത മാത്സര്യം  രാജ്യത്തിന്റെയും പ്രാദേശികതയുടെയും അതിർവരമ്പുകൾ വിട്ട് മുഴുവൻ മനുഷ്യകുലത്തിനും നന്മയാകട്ടെ എന്ന് ആശംസിച്ചു. ഈ ദിവസങ്ങളിൽ താൻ ജപ്പാന്റെ സാംസ്കാരിക പൈതൃകം വീണ്ടും വിലമതിക്കുകയായിരുന്നെന്ന് അറിയിച്ച ഫ്രാൻസിസ് പാപ്പാ, പുരാതന സംസ്കാരത്തിന്റെ മത സദാചാര നന്മകൾ നിലനിറുത്താനും, വികസിപ്പിക്കാനും അവർക്ക് സാധിച്ചതിനെ അഭിനന്ദിച്ചു. സമാധാനപരമായ ഭാവിക്ക് മാത്രമല്ല ഇന്നത്തെയും ഇനി വരാനിരിക്കുന്ന തലമുറയ്ക്കും ശരിയായ ഒരു മനുഷ്യസമൂഹത്തിന്റെ അടിത്തറ നല്കാൻ വിവിധമതങ്ങൾ തമ്മിലുള്ള നല്ല ബന്ധം ആവശ്യമാണ് എന്ന് പറഞ്ഞ് അൽ- അസ്സാറിലെ വലിയ ഇമാമുമായി താൻ ഒപ്പുവച്ച മനുഷ്യ സാഹോദര്യത്തിന്റെ പ്രമാണത്തെ ഉദ്ധരിച്ച പാപ്പാ സംവാദത്തിന്റെ സംസ്കാരം വഴിയായും, പൊതുസഹകരണം പെരുമാറ്റ രീതിയായും പരസ്പരമുള്ള അറിവ് മുറയും മാനദണ്ഡവുമാക്കാനും ആഹ്വാനം ചെയ്തു.

പൊതു ഭവനമായ ഭൂമിയുടെ സംരക്ഷണം

ജപ്പാനിലെ പ്രകൃതി സൗന്ദര്യത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ടാണ് പാപ്പാ നമ്മുടെ പൊതു ഭവനമായ ഭൂമിയെ മനുഷ്യന്റെ ആർത്തിയും, ചൂഷണവും കൊണ്ട് നശിപ്പിക്കപ്പെട്ട് ദുർബ്ബലമാക്കുന്നതിനെക്കുറിച്ച് പറഞ്ഞു വന്നത്.  സൃഷ്ടിയെ സംരക്ഷിക്കാൻ അന്തർദ്ദേശീയ സമൂഹം അതിന്റെ പ്രതിബദ്ധതയിൽ പുറകോട്ട് പോകുമ്പോൾ യുവജനങ്ങൾ ധൈര്യമാർന്ന തീരുമാനങ്ങൾക്കായി മുറവിളി കൂട്ടുന്നുവെന്നും അവർക്ക് നമ്മൾ ശരിയായ ഉത്തരം കൊടുക്കാൻ കടപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ അറിയിച്ചു. നമ്മുടെ പൊതുഭവനത്തിന്റെ സമഗ്രമായ സംരക്ഷണത്തിൽ മാനുഷീക പരിസ്ഥിതിയും പരിഗണിക്കണം എന്നും  പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള വിടവ് വളർന്നു വരുന്നതിനെതിരെ മനുഷ്യന്റെ അന്തസ്സായിരിക്കണം എല്ലാ സാമൂഹിക, സാമ്പത്തീക, രാഷ്ട്രീയ പ്രവർത്തനങ്ങളുടേയും കേന്ദ്രമെന്നും തലമുറകൾ തമ്മിലുള്ള സഹാനുഭൂതി പ്രോൽസാഹിപ്പിക്കണമെന്നും ഒഴിവാക്കപ്പെടുന്നവർക്കു നേരെയും, സമൂഹം മറന്നു കളയുന്നവർക്കു നേരെയും പരിഗണന വേണമെന്നും പാപ്പാ ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ സംസ്കാരം സാമ്പത്തിക ശക്തിയല്ല

വളർച്ചയുടെ മുന്നിൽ പലപ്പോഴും അടിച്ചമർത്തപ്പെടലുകൾ അനുഭവിക്കുന്ന യുവജനങ്ങളെയും ഒറ്റപ്പെടുത്തലുകളനനുഭവിക്കുന്ന പ്രായാധിക്യം ചെന്നവരേയും അനുസ്മരിച്ച ഫ്രാൻസിസ് പാപ്പാ, ഒരു രാജ്യത്തിന്റെ സംസ്കാരം അതിന്റെ സാമ്പത്തിക ശക്തി വച്ചല്ല അളക്കുക മറിച്ച് ദരിദ്രരരോടുള്ള  പ്രത്യേക ശ്രദ്ധയും ജീവന്റെ അഭിവൃദ്ധിയും നോക്കിയാണ് എന്ന് ഉദ്ബോധിപ്പിച്ചു. ജപ്പാനിലെ തന്റെ സന്ദർശനം അവസാനത്തോടടുക്കുമ്പോൾ തന്നെ ക്ഷണിച്ചതിനും തന്നോടു കാണിച്ച ആതിഥേയ മര്യാദകൾക്കും, ഈ സന്ദർശനത്തിന്റെ സന്തോഷപൂർവ്വമായ പര്യവസാനത്തിന് പരിശ്രമിച്ച എല്ലാവർക്കും പാപ്പാ നന്ദിയർപ്പിച്ചു. തന്റെ ചിന്തകൾ പങ്കവയ്ക്കുകവഴി ജീവനെ സംരക്ഷിക്കുവാനും, മനുഷ്യാന്തസ്സിനെയും അവകാശങ്ങളെയും കൂടുതൽ ബഹുമാനിക്കുന്ന  ഒരു സാമൂഹീക സംവിധാനം തീർക്കാൻ അവരെ പ്രോൽസാഹിക്കുന്നു എന്ന് പറഞ്ഞ് അവർക്കും അവരുടെ കുടുംബങ്ങൾക്കും അവർ സേവനം ചെയ്യുന്നവർക്കും ദൈവാനുഗ്രഹം  ലഭിക്കട്ടെയെന്ന് പ്രാർത്ഥിച്ച് കൊണ്ട് പാപ്പാ തന്റെ സന്ദേശം അവസാനിപ്പിച്ചു.


Source: Vaticannews

Attachments
Back to Top

Never miss an update from Syro-Malabar Church