ദൈവത്തിന്റെ കരുണയെ കാണിക്കുന്ന മലമുകള് ::Syro Malabar News Updates ദൈവത്തിന്റെ കരുണയെ കാണിക്കുന്ന മലമുകള്
27-November,2019

സുവിശേഷത്തിലെ മലയിലെ പ്രസംഗഭാഗത്തെ വിശദീകരിച്ച പാപ്പാ, ബൈബിൾ പ്രകാരം  മലമുകൾ  എന്നത് ദൈവം തന്നെത്തന്നെ വെളിപ്പെടുത്തുന്ന ഇടമാണെന്നും മോശയെ ദൈവം തന്റെയടുത്തേക്ക് ക്ഷണിച്ചതു പോലെ നമ്മെയും അനുഗമിക്കാൻ ക്ഷണിക്കുന്ന വഴിയുടെ മനോഹാരിത വിവരിക്കുന്ന ഭാഗമാണിതെന്നും പറഞ്ഞു. എന്നാൽ ഈ മലമുകളിൽ എത്തുക ആശകൊണ്ടോ  ഉദ്യോഗതൃഷ്ണ കൊണ്ടോ  അല്ല മറിച്ച് നമ്മുടെ യാത്രയുടെ നാൽക്കവലകളിൽ ശ്രദ്ധയോടും, ക്ഷമയോടും,സൂക്ഷ്മതയോടും കൂടെ  ഗുരുവിനെ ശ്രവിക്കുന്നതിലൂടെ മാത്രമാണെന്നും പാപ്പാ അറിയിച്ചു.  അപ്പോൾ ആ മുകൾപ്പരപ്പ് നമുക്ക് പിതാവിന്റെ കരുണാ കേന്ദ്രീകൃതമായ ഒരു പുത്തൻ കാഴ്ചപ്പാടിലൂടെ സകലതും നോക്കാൻ ഇടവരുത്തും.

സ്വാതന്ത്ര്യത്തിന്റെ പുതുജീവൻ

യേശുവിൽ മനുഷ്യൻ എന്നതിന്റെ അർത്ഥപൂർത്തീകരണം കാണാം, അവൻ അറിവുകൾക്കപ്പുറമുള്ള പൂർണ്ണതയിലേക്കുള്ള വഴി കാണിക്കുന്നു, അവനിൽ നാം സ്നേഹിക്കപ്പെടുന്ന മക്കളാണെന്ന അറിവ് നല്കുന്ന സ്വാതന്ത്ര്യത്തിന്റെ പുതുജീവൻ കണ്ടെത്തുന്നു. എന്നാൽ ആകാംക്ഷയും മാൽസര്യവും, ഉൽപ്പാദനവും ഉപഭോഗത്വവും മാത്രം നമ്മുടെ തിരഞ്ഞെടുപ്പുകൾക്കോ നമ്മളാരെന്നും, നമ്മുടെ വിലയെന്തെന്നും നിർവ്വചിക്കാനോ അടിസ്ഥാനമാക്കുമ്പോൾ  ഈ സ്വാതന്ത്ര്യത്തെ ശ്വാസം മുട്ടിക്കുന്നു എന്ന് നമ്മൾ മനസ്സിലാക്കുന്നു. എല്ലാം ഉൽപ്പാദിപ്പിക്കാം,എല്ലാം കീഴടക്കാം, എല്ലാം നിയന്ത്രിക്കാമെന്ന് വിശ്വസിക്കാൻ എത്ര മാത്രം ആത്മാവ് പ്രയത്നിക്കുന്നു എന്ന് പാപ്പാ അൽഭുതപ്പെട്ടു.

യേശുവിന്റെ വചനം സൗഖ്യലേപനമാണ്

വളരെ  വികസിതവും സമ്പന്നവുമായ ജപ്പാനിൽ  ജീവിതത്തിന്റെ അർത്ഥം മനസ്സിലാക്കാൻ കഴിയാതെ,പാർശ്വവൽക്കരിക്കപ്പെട്ടവർ കുറച്ചൊന്നുമല്ല എന്ന് ഇവിടത്തെ യുവജനങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിൽ അവർ തനിക്ക് ചൂണ്ടിക്കാണിച്ചുവെന്ന് പറഞ്ഞ പാപ്പാ ലാഭവും നൈപുണ്യതയും തേടിയുള്ള അമിതമായ മൽസരത്തിൽ വീടും, വിദ്യാലയവും സമൂഹവും അധഃപതനത്തിന്റെ പാതയിലാണെന്ന് ഓർമ്മിപ്പിച്ചു. പ്രക്ഷോഭിതരാകാതെ നമ്മിൽ വിശ്വസിക്കാനും, നമ്മുടെ ജീവിതത്തിന്റെ നാളെയെക്കുറിച്ച് ആകുലപ്പെടാതിരിക്കാനുമുള്ള യേശുവിന്റെ വചനങ്ങൾ നമുക്ക് സൗഖ്യലേപനമാണ്. എന്നാൽ ഇത് നമുക്ക് ചുറ്റും നടക്കുന്നവയെ അവഗണിക്കാനോ അനുദിന ജോലികളെയും ഉത്തരവാദിത്വങ്ങളെയും കുറിച്ച് അശ്രദ്ധരാകാനോ അല്ല മറിച്ച് അത് നമ്മുടെ മുൻഗണനകളെ കുറെക്കൂടി വിശാലമായ ചക്രവാളങ്ങളിലേക്ക് തുറന്നു വയ്ക്കാനുള്ള പ്രകോപനമാണ്. നമ്മൾ നല്കേണ്ട മുൻഗണന: "നിങ്ങള് ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്ക്കു ലഭിക്കും." (മത്തായി 6 : 33)

അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണവും വസ്ത്രവും പ്രാധാനമല്ല എന്നല്ല നമ്മുടെ അനുദിന തിരഞ്ഞെടുപ്പുകളിൽ നമ്മെ അടിമകളാക്കി തീർത്തും സന്തോഷമില്ലാത്തവരാക്കുന്ന, മനുഷ്യ സമൂഹത്തിന്റെ വളർച്ചയെ തടയുന്ന, ലൗകീക മനോഭാവങ്ങളെ തിരിച്ചറിയാനുള്ള ക്ഷണമാണ് എന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു.

"ഞാൻ" എന്ന മനോഭാവത്തില് നിന്ന് "നമ്മൾ" എന്ന് മാറണം

ഒറ്റപ്പെട്ട,ശ്വാസം മുട്ടിക്കുന്ന   "ഞാൻ" എന്നതിന് വിപരീതമായി പങ്കു വയ്ക്കുന്ന, ആഘോഷിക്കുന്ന,സമ്പർക്കം പുലർത്തുന്ന  "നമ്മൾ" എന്ന മനോഭാവത്തിലേക്ക് മാറണം. നമ്മുടെ അനുദിന യാഥാർത്ഥ്യങ്ങൾ ഒരു ദാനഫലമാണെന്നും, നമ്മുടെ സ്വാതന്ത്ര്യം ഒരു കൃപയാണെന്നും അംഗീകരിക്കാൻ തന്റെതായവ തന്റെ തനിമയാലും, സ്വാതന്ത്ര്യത്താലുമാണെന്ന് കരുതുന്ന ഇന്നത്തെ ലോകത്തിന്  ബുദ്ധിമുട്ടാണെന്ന് പറഞ്ഞ പാപ്പാ ആദ്യ വായനയിലെ "താന് സൃഷ്ടിച്ചതെല്ലാം വളരെ നന്നായിരിക്കുന്നുവെന്നു ദൈവം കണ്ടു" (ഉല്പത്തി.1:31) എന്ന വചനം ഉദ്ധരിച്ച് സൗന്ദര്യവും നന്മയും നല്കിയത് സ്രഷ്ടാവിന്റെ സ്വപ്നത്തിൽ പങ്കുകാരായി മറ്റുള്ളവരുമായി പങ്കുവയ്ക്കാനും നല്കാനുമാണെന്നും, ഇത്തരത്തിൽ ക്രിസ്തീയ സമൂഹം എന്ന നിലയിൽ നമ്മൾ ക്ഷണിക്കപ്പെട്ടിരിക്കുന്നത് എല്ലാ ജീവനേയും സംരക്ഷിക്കാനും വിവേകത്തോടും ധൈര്യത്തോടും കൂടെ കരുണയോടും, ഔദാര്യത്തോടും ജീവനെ അതായിരിക്കുന്നതു പോലെ സ്വീകരിക്കാനുമാണെന്നും ഒരു സമൂഹമായി നൽകലിന്റെ ഒരു ബോധ്യം വികസിപ്പിച്ചെടുക്കാനുമാണെന്നും ഫ്രാൻസിസ് പാപ്പാ ഉദ്ബോധിപ്പിച്ചു.

ബലഹീനനായവന് സ്നേഹത്തിന് യോഗ്യനല്ലേ?

വികലാംഗനായ ബലഹീനനായ ഒരാൾ സ്നേഹത്തിന് യോഗ്യനല്ലേ എന്ന് ചോദിച്ച പാപ്പാ പരിപൂർണ്ണമല്ലാത്തതിനാലും, ശുദ്ധിയില്ലാത്തതിനാലും ഒരിക്കലും സ്നേഹത്തിന് അർഹമല്ലാത്തതിനാൽ അവയെ സ്വാഗതം ചെയ്യണമെന്നും, വിദേശിയായതിനാലും, തെറ്റുകാരനായതിനാലും, രോഗിയായതിനാലും, തടവിലായതിനാലും സ്നേഹത്തിനാരെങ്കിലും അയോഗ്യനാവുമോ എന്നും കൂട്ടിച്ചേർത്തു.  കുഷ്ഠരോഗിയെയും,കുരുടനേയും, തളർവാദരോഗിയെയും പുണർന്ന, ഫരിസേയനേയും, പാപിയേയും, കുരിശിൽ കിടന്ന കള്ളനെയും പുണർന്ന,  തന്നെ കുരിശിൽ തറച്ചവരോടും പൊറുത്ത യേശുവിന്റെ ചെയ്തികളെ നിരത്തി ജീവന്റെ സുവിശേഷ പ്രഘോഷണം ഒരു സമൂഹമെന്ന നിലയിൽ  നമ്മെ പ്രേരിപ്പിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്നത് മുറിവുകൾ ചികിൽസിക്കുന്ന എപ്പോഴും അനുരഞ്ജനത്തിന്റെയും ക്ഷമയുടേയും വഴി കാണിക്കുന്ന സഞ്ചരിക്കുന്ന ആശുപത്രിയാകാനാണ് എന്നും ഒരു ക്രിസ്ത്യാനിക്ക് ഒരാളെയും സാഹചര്യങ്ങളെയും  വിധിക്കാൻ കഴിയുന്ന മാനദണ്ഡം ദൈവപിതാവിന് തന്റെ എല്ലാ മക്കളോടു നേർക്കുള്ള കരുണ മാത്രമാണ് എന്ന് പാപ്പാ അറിയിച്ചു.

കർത്താവിനോടു ചേർന്നു നിന്ന് സന്മനസ്സുള്ള എല്ലാ സ്ത്രീ പുരുഷന്മാരോടും വിവിധ മതവിശ്വാസികളോടും സഹകരിച്ച് നമുക്ക് നമ്മെത്തന്നെ എല്ലാ ജീവനേയും കൂടുതൽ കൂടുതൽ സംരക്ഷിക്കികയും സൂക്ഷിക്കുകയും ചെയ്യുന്ന  സമൂഹത്തിന്റെ പ്രവാചക പുളിമാവാക്കി രൂപാന്തരപ്പെടുത്താം എന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് പാപ്പാ തന്റെ വചനപ്രഘോഷണം ഉപസംഹരിച്ചത്.


Source: Vaticannews

Attachments
Back to Top

Never miss an update from Syro-Malabar Church