മുട്ടുചിറയില്‍ സെന്റ് അല്‍ഫോന്‍സാ സ്പിരിച്വാലിറ്റി സെന്റര്‍ ഉദ്ഘാടനം ഇന്ന് ::Syro Malabar News Updates മുട്ടുചിറയില്‍ സെന്റ് അല്‍ഫോന്‍സാ സ്പിരിച്വാലിറ്റി സെന്റര്‍ ഉദ്ഘാടനം ഇന്ന്
28-November,2012

 

കടുത്തുരുത്തി: മുട്ടുചിറ സെന്റ് അല്‍ഫോന്‍സാ സ്പിരിച്വാലിറ്റി സെന്ററിന്റെയും സെന്റ് അല്‍ഫോന്‍സാ മ്യൂസിയത്തിന്റെയും ചാപ്പലിന്റെയും വെഞ്ചരിപ്പും ഉദ്ഘാടനവും പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഇന്നു നിര്‍വഹിക്കും. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന തിരുകര്‍മങ്ങളില്‍ ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍, സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, രൂപത വികാരി ജനറാള്‍മാര്‍, മുട്ടുചിറ റൂഹാദകുദിശ ഫൊറോന പള്ളി ഫാ.സെബാസ്റ്യന്‍ മുണ്ടുമൂഴിക്കര എന്നിവര്‍ സംബന്ധിക്കും. വിശുദ്ധ അല്‍ഫോന്‍സാമ്മ ബാല്യ-കൌമാരങ്ങള്‍ ചെലവഴിച്ച മുട്ടുചിറ മുരിക്കന്‍ തറവാട് ആണ് പഴമയും തനിമയും നിലനിര്‍ത്തി അല്‍ഫോന്‍സാ മ്യൂസിയമാക്കിയിരിക്കുന്നത്. 
 
അല്‍ഫോന്‍സാമ്മ ഉപയോഗിച്ചിരുന്ന കട്ടില്‍, തൊട്ടില്‍, പാത്രങ്ങള്‍, ഗൃഹോപകരണങ്ങള്‍, പ്രാര്‍ഥനാമുറി, വിവാഹത്തില്‍നിന്നു രക്ഷപെടുന്നതിനായി കാല്‍ പൊള്ളിക്കാന്‍ ഉപയോഗിച്ച ചാരക്കുഴി തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നതാണു മ്യൂസിയം. മ്യൂസിയത്തിന്റെ തൊട്ടു പിന്നിലായി അല്‍ഫോന്‍സാമ്മ വെള്ളം കോരി ഉപയോഗിച്ചിരുന്ന കിണറും ഇതിനോടനുബന്ധിച്ചു മെഡിറ്റേഷന്‍ സെന്ററും പൂര്‍ത്തിയാക്കിയിട്ടുണ്ട്. 120 പേര്‍ക്കു ഒരുമിച്ചുകൂടി പ്രാര്‍ഥിക്കാന്‍ കഴിയുന്ന അതിമനോഹരമായ ചാപ്പലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. 
 
ചാപ്പലിനോടു ചേര്‍ന്നു 60 പേര്‍ക്ക് ഒരുമിച്ചു താമസിക്കാന്‍ കഴിയുന്ന കോണ്‍വന്റ് മന്ദിരവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. കോഴ്സുകള്‍ക്കും സെമിനാറുകള്‍ക്കും പരിശീലനങ്ങള്‍ക്കും ധ്യാനങ്ങള്‍ നടത്തുന്നതിനുമുള്ള സൌകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. 120 പേര്‍ക്ക് ഒരുമിച്ചു കൂടാന്‍ കഴിയുന്ന ഹാളും കോണ്‍വെന്റ് മന്ദിരത്തിന്റെ മുകള്‍ നിലയില്‍ പൂര്‍ത്തിയാക്കി. മുട്ടുചിറ-കാപ്പുന്തല റോഡരികില്‍ സ്ഥിതി ചെയ്യുന്ന അല്‍ഫോന്‍സാ മ്യൂസിയത്തില്‍ പ്രവേശിക്കുന്നവര്‍ക്കു താഴെ സ്ഥിതി ചെയ്യുന്ന കോണ്‍വെന്റിലേക്കും ചാപ്പലിലേക്കും എത്തുന്നതിന് കരിങ്കല്‍ പാകിയ വഴിയും തീര്‍ത്തിട്ടുണ്ട്. 1.25 ഏക്കര്‍ സ്ഥലത്താണ് പാര്‍ക്കിംഗ് ഉള്‍പ്പെടെയുള്ള അതിവിശാലമായ സൌകര്യങ്ങളോടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. 
 
പാലാ എഫ്സിസി കോണ്‍ഗ്രിഗേഷന്‍ 2009-ലാണ് മുരിക്കന്‍ കുടുംബത്തിന്റെ പക്കല്‍നിന്ന് അല്‍ഫോന്‍സാമ്മ വളര്‍ന്ന മുരിക്കന്‍ തറവാട് ഏറ്റെടുത്തത്. 2011 ല്‍ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സ്പിരിച്വല്‍ സെന്ററിന്റെയും ചാപ്പലിന്റെയും കോണ്‍വന്റിന്റെയും ശിലാസ്ഥാപനം നിര്‍വഹിച്ചു. എഫ്സിസി കോണ്‍ഗ്രിഗേഷന്‍ പ്രോവിന്‍ഷ്യല്‍ സുപ്പിരിയര്‍ സിസ്റര്‍ പൌളിനോസ് മരിയ, അസിസ്റന്റ് പ്രോവിന്‍ഷ്യല്‍ സിസ്റര്‍ ലിസ മാര്‍ട്ടിന്‍, മുട്ടുചിറ അല്‍ഫോന്‍സാ ഭവന്‍ മദര്‍ സുപ്പീരിയര്‍ സിസ്റര്‍ ക്ളാരിസ് മേരി എന്നിവരുടെ നേതൃത്വത്തിലാണ് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പേരിലുള്ള തീര്‍ഥാടന കേന്ദ്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായത്. 

Source: deepika

Attachments
Back to Top

Never miss an update from Syro-Malabar Church