"സമൃദ്ധിയുടെ വിരോധാഭാസം" ::Syro Malabar News Updates "സമൃദ്ധിയുടെ വിരോധാഭാസം"
19-November,2019

“സമൃദ്ധിയുടെ വിരോധാഭാസം” എന്നത് നരകുലത്തെ തീറ്റിപ്പോറ്റുകയെന്ന പ്രശ്നം പരിഹരിക്കുന്നതിന് വിഘാതം സൃഷ്ടിക്കുന്നുവെന്ന് മാര്പ്പാപ്പാ.

റോം ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ലോക ഭഷ്യ പരിപാടിയുടെ (WFP-WORLD FOOD PROGRAMME) തിങ്കളാഴ്ച (18/11/19) ആരംഭിച്ച രണ്ടാംഘട്ട സമ്മേളനത്തിന് അന്ന് അയച്ച സന്ദേശത്തിലാണ് ഫ്രാന്സീസ് പാപ്പാ, “സമൃദ്ധിയുടെ വിരോധാഭാസം”എന്ന വിശുദ്ധ രണ്ടാം ജോണ് പോള് മാര്പ്പാപ്പായുടെ ഈ പ്രയോഗം കടമെടുത്തുകൊണ്ട് ഇപ്രകാരം പറഞ്ഞിരിക്കുന്നത്.

ഒരു വശത്ത് നമ്മുടെ സഹോദരീസഹോദരന്മാര്ക്ക് ആരോഗ്യകരമായ മതിയായ ഭക്ഷണമില്ല, മറുവശത്താകട്ടെ ഒരു വിഭാഗം ഭക്ഷണം പാഴാക്കിക്കളയുന്നു, ഇതാണ് വിശുദ്ധ രണ്ടാം ജോണ് പോള് മാര്പ്പാപ്പായുടെ വാക്കുകളില് പൂര്വ്വാപരവൈരുദ്ധ്യമെന്ന് പാപ്പാ വിശദീകരിക്കുന്നു.

ദുര്വ്യയ സംസ്കൃതിയില് അന്തര്ലീനമായിരിക്കുന്ന ഉപരിപ്ലവതയുടെയും ഉപേക്ഷയുടെയും സ്വാര്ത്ഥതയുടെയുമായ ഒരു ഘടന ഈ വൈരുദ്ധ്യത്തില് അടങ്ങിയിട്ടുണ്ടെന്നും പാപ്പാ പറയുന്നു.

ഇക്കാര്യങ്ങള് ഗ്രഹിക്കാത്ത പക്ഷം, കാലാവസ്ഥമാറ്റത്തെയും സുസ്ഥിരവികസനപരിപാടികളെയും സംബന്ധിച്ച പാരീസ് ഉടമ്പടിയുടെ സാക്ഷാത്ക്കാരം ദുഷ്ക്കരമായി ഭവിക്കുമെന്ന് പാപ്പാ മുന്നറിയിപ്പു നല്കുന്നു.

പാരീസ് ഉടമ്പടിയുടെ സാക്ഷാത്ക്കാരം അന്താരാഷ്ട്ര സംഘടനകളുടെയും സര്ക്കാരുകളുടെയും മാത്രമല്ല എല്ലാവരുടെയും കടമയാണെന്നും ഇതിനെ സംബന്ധിച്ച അവബോധം വളര്ത്തുകയും പരിശീലനം നല്കുകയും ചെയ്യുകയെന്നത് കുടുംബങ്ങളുടെയും വിദ്യാലയങ്ങളുടെയും മാദ്ധ്യമങ്ങളുടെയും സുപ്രധാനമായൊരു ദൗത്യമാണെന്നും പാപ്പാ ഓര്മ്മിപ്പിക്കുന്നു. 

അനേകരെ, വിശിഷ്യ, പാവപ്പെട്ടവരെയും സമൂഹത്തില് വേധ്യരായവരെയും അടിച്ചമര്ത്തുന്ന ഒരു സംസ്കാരത്തിനെതിരായ പോരാട്ടത്തില് നിന്ന് ആരും ഒഴിവാക്കപ്പെട്ടിട്ടില്ല എന്ന വസ്തുതയും പാപ്പാ ചൂണ്ടിക്കാട്ടുന്നു.

ലോകത്തില് നിന്ന് പട്ടിണി നിര്മ്മാര്ജനം ചെയ്യുന്നതിനാവശ്യമായ സമൂര്ത്ത സംരംഭങ്ങള് ആവിഷ്ക്കരിക്കാന് ലോകഭക്ഷ്യപരിപാടി നടത്തുന്ന ശ്രമങ്ങളെ പാപ്പാ ശ്ലാഘിക്കുന്നു.


Source: "സമൃദ്ധിയുടെ വിരോധാഭാസം"

Attachments




Back to Top

Never miss an update from Syro-Malabar Church