ജീവിതം ഒരത്ഭുതമാണ്. എന്നാല് മരണം അതിനെക്കാള് വലുതായ അത്ഭുതമാണ്. കാരണം ജീവിതം കണ്മുമ്പിലുള്ളതാണ്. പക്ഷേ മരണമാവട്ടെ അതിനപ്പുറമുള്ള ജീവിതത്തെക്കുറിച്ചുള്ള അത്ഭുതമാണ്. അവിടെ എന്താണ് സംഭവിക്കുക എന്ന് പലരും അത്ഭുതം കൂറുന്നു.
എന്നിട്ടും മരണം ക്രൈസ്തവന് മാത്രം മധുരതരമായ അനുഭവമാകുന്നു. ദൈവത്തോടൊത്തുള്ള ജീവിതത്തിന്റെ ആരംഭം കുറിക്കുന്നു എന്നതിനാലാണത്രെ അത്.
ജീവിതം കൊണ്ട് മരണത്തിന് വിലയുണ്ടാകുന്നു. എങ്ങനെ ജീവിച്ചിരുന്നു എന്നതിന്റെ അടയാളം പോലുമാകുന്നു അത്. പക്ഷേ മരണത്തില് നിന്ന് ഒഴിഞ്ഞുമാറാനാണ് നാം എല്ലാവരും ആഗ്രഹിക്കുന്നത്. മരണമില്ലായിരുന്നുവെങ്കില് എന്നാണ് മിക്കവരുടെയും പ്രാര്ത്ഥന പോലും. എന്നിട്ടും മരണത്തില് നിന്ന് ഒഴിഞ്ഞുനില്ക്കാന് നമുക്ക് കഴിയുന്നില്ല. ക്രിസ്തു പോലും മരിച്ച ഭൂമിയാണല്ലോ ഇത്?
എന്നിട്ടും എന്തുകൊണ്ടാണ് മരിച്ചവരെ ക്രിസ്തുപോലും ഉയിര്പ്പിച്ചത്? ലാസറും ജായ്റാസിന്റെ മകളും നായീനിലെ വിധവയുടെ മകനും…വിശുദ്ധ ഗ്രന്ഥം ക്രിസ്തു മരണത്തില് നിന്ന് ഉയിര്പ്പിച്ചവരുടെ ഒരുപിടി വിവരണങ്ങള് നല്കുന്നുണ്ട്.
അതിന് ഇങ്ങനെ ചില വിശദീകരണങ്ങള് നല്കാമെന്ന് വിചാരിക്കുന്നു. അപ്പം ഭക്ഷിച്ച് തൃപ്തരാകുമ്പോള് ദൈവത്തെ അന്വേഷിക്കുന്നവര് എല്ലാ കാലത്തുമുണ്ടായിരുന്നു. അത്ഭുതങ്ങളിലും അടയാളങ്ങളിലൂടെയും മാത്രം ദൈവത്തെ കണ്ടെത്താന് ശ്രമിക്കുന്നവരും. ഓരോ അത്ഭുതങ്ങളിലൂടെയും മനുഷ്യന്റെ വിശ്വാസത്തെ അളക്കുകയും ചോദ്യം ചെയ്യുകയും കൂടിയാണ് ക്രിസ്തു ചെയ്തത്.
വിശ്വസിച്ചാല് നീ ദൈവമഹത്വം ദര്ശിക്കും എന്നായിരുന്നുവല്ലോ മാര്ത്തയോടുള്ള ക്രിസ്തുവിന്റെ പ്രബോധനം തന്നെ. അതുപോലെ കടുകുമണിയോളം വിശ്വാസത്തോടെയെങ്കിലും മലകളോട് കടലില് ചെന്ന് പതിക്കാന് പറഞ്ഞാല് അപ്രകാരം സംഭവിക്കുമെന്നും ക്രിസ്തു പറയുന്നുണ്ട്.
എനിക്ക് ചെയ്യാന് സാധിക്കുന്നതെല്ലാം നിങ്ങള്ക്കും ചെയ്യാന് സാധിക്കുമെന്നും ക്രിസ്തു ഉറപ്പുനല്കുന്നുണ്ട്.
ഉത്തമമായ പ്രേഷിതത്വത്തിന്റെ ഉത്തരവാദിത്തങ്ങളായി രോഗികളെ സൗഖ്യമാക്കുന്നതും പിശാചിനെ പുറത്താക്കുന്നതും മരിച്ചവരെ ഉയിര്പ്പിക്കുന്നതുമാണെന്നും ക്രിസ്തു പറഞ്ഞേല്പിക്കുന്നുണ്ട്. അപ്പസ്തോലപ്രവര്ത്തനം 9;40, 20;12എന്നീ ഭാഗങ്ങളില് പത്രോസും പൗലോസും മരിച്ചവരെ ഉയിര്പ്പിച്ചതായ വിവരണങ്ങള് നാം വായിക്കുന്നുമുണ്ട്
ക്രിസ്തുവില് നിന്ന് അപ്പസ്തോലന്മാര് വഴി പകര്ന്നുകിട്ടിയ ഈ അഭിഷേകത്തിന്റെ തുടര്ച്ച എല്ലാ ദൈവമനുഷ്യരുടെയും അവകാശവും അടയാളവുമാണ്.
സെയ്ന്റ് വൂ റെയ്സഡ് ദ ഡെഡ് എന്ന കൃതിയില് ഫാ. ആല്ബര്ട്ട് ജെ ഹെര്ബര്ട്ട് വിശുദ്ധരുടെ ജീവിതത്തില് മരിച്ചവരെ ഉയിര്പ്പിച്ച നാനൂറ് സംഭവങ്ങള് വിവരിക്കുന്നുണ്ട്.
ദൈവികകൃപയാല് മരണത്തില് നിന്ന് ജീവിതത്തിലേക്ക് അനേകരെ കൂട്ടിക്കൊണ്ടുവരുവാന് ഈ വിശുദ്ധരെ പ്രേരിപ്പിച്ചത് എന്താവും? വിശുദ്ധരെ സംബന്ധിച്ചിടത്തോളം അത് അനേകരെ ക്രിസ്തുവിന് വേണ്ടി നേടുവാനുള്ള ഒരു മാര്ഗ്ഗമായിരുന്നു. മുകളില് എഴുതിയതുപോലെ അത്ഭുതങ്ങളും അടയാളങ്ങളും കണ്ടാല് മാത്രം ദൈവത്തെ വിശ്വസിക്കുന്ന സാധാരണക്കാരും അന്യമതവിശ്വാസികളും നിരീശ്വരവാദികളുമായ ഒരു സമൂഹത്തില് ക്രിസ്തീയവിശ്വാസം ആഴത്തില് വേരോടിക്കണമെങ്കില് അവിടെ തീര്ച്ചയായും മരണത്തില് നിന്ന് ഉയിര്പ്പിക്കപ്പെടുന്നതുപോലെയുള്ള ചില അത്ഭുതങ്ങള് സംഭവിച്ചിരിക്കണം.
ആ അനുഭവങ്ങള് അവരുടെ വിശ്വാസത്തിന്റെ കണ്ണ് തുറപ്പിക്കണം..അവര് ക്രിസ്തുവിനെ ദൈവവും രാജാവും ആയി ഏറ്റുപറയണം.
അങ്ങനെ ക്രിസ്തുവിനെ സ്നേഹിക്കുന്നവരുടെ, ആരാധിക്കുന്നവരുടെ എണ്ണം ഈ മണ്ണില് വര്ദ്ധിക്കണം. അതായിരിക്കണം വിശുദ്ധര് മരിച്ചവരെ ഉയിര്പ്പിക്കാന് കാരണം.