തിരുപ്പിറവി ദേവാലയത്തിലേക്ക് തീര്ത്ഥാടക പ്രവാഹം: സന്ദര്ശന സമയം കൂട്ടി ::Syro Malabar News Updates തിരുപ്പിറവി ദേവാലയത്തിലേക്ക് തീര്ത്ഥാടക പ്രവാഹം: സന്ദര്ശന സമയം കൂട്ടി
15-November,2019

ബെത്ലഹേം: യേശുവിന്റെ ജനനം കൊണ്ട് പ്രസിദ്ധമായ പാലസ്തീന് നഗരമായ ബെത്ലഹേമിലേക്കുള്ള സന്ദര്ശകരുടെ എണ്ണത്തില് വന് വര്ദ്ധനവ് ഉണ്ടായതിനെ തുടര്ന്നു സന്ദര്ശക സമയം നീട്ടി. നോമ്പ് കാലത്തിനും, ക്രിസ്തുമസ്സിനും മുന്നോടിയായി തിരുപ്പിറവി ദേവാലയത്തിലെ സന്ദര്ശക സമയം മൂന്നു മണിക്കൂറാണ് നീട്ടിയിരിക്കുന്നത്. ഇക്കഴിഞ്ഞ നവംബര് 11-ന് പലസ്തീനിലെ പ്രസിഡന്ഷ്യല് കമ്മിറ്റി ഓഫ് ചര്ച്ചസ് ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പുതിയ തീരുമാന പ്രകാരം ഇനിമുതല് തിരുപ്പിറവി ദേവാലയത്തിലെ സന്ദര്ശക സമയം രാവിലെ 5മുതല് വൈകിട്ട് 8വരെയായിരിക്കും.

ഓരോ വര്ഷം കഴിയും തോറും തിരുപ്പിറവി ദേവാലയം സന്ദര്ശിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. പ്രാദേശിക, അന്താരാഷ്ട്ര തീര്ത്ഥാടകരുടേയും വിനോദ സഞ്ചാരികളുടേയും എണ്ണത്തിലുള്ള ക്രമാതീതമായ വര്ദ്ധനവ് നിമിത്തം 45മിനിറ്റ് മുതല് 2മണിക്കൂര് വരെ ക്യൂവില് നിന്നാല് മാത്രമേ യേശു ജനിച്ച സ്ഥലമെന്ന് പരമ്പരാഗതമായി വിശ്വസിച്ചുവരുന്ന ‘ഗ്രോട്ടോ’ ഒരു നോക്ക് കാണുവാന് സാധിക്കുകയുള്ളുവെന്ന് കമ്മിറ്റിയുടെ പ്രസിഡന്റായ റാംസി ഖൂറി വെളിപ്പെടുത്തി. 2012മുതല് ദേവാലയത്തില് നടന്നുവരുന്ന അറ്റകുറ്റപ്പണികളും കാല താമസത്തിന് കാരണമാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.  

സെപ്റ്റംബറില് പലസ്തീന് സെന്ട്രല് ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സും ടൂറിസം ആന്ഡ് ആന്റിക്വിറ്റി മന്ത്രാലയവും പുറത്തുവിട്ട വാര്ത്താക്കുറിപ്പ് പ്രകാരം 2019പകുതിയായപ്പോഴേക്കും 17,26,560പേരാണ് വെസ്റ്റ് ബാങ്കിലെ വിശുദ്ധ സ്ഥലങ്ങള് സന്ദര്ശിച്ചത്. കഴിഞ്ഞ വര്ഷത്തെ അപേക്ഷിച്ച് 17%വര്ദ്ധനവാണിത്. ഇരുപത്തിയഞ്ചു നോമ്പു കാലത്ത് ഏറ്റവും അധികം തീര്ത്ഥാടകര് സന്ദര്ശിക്കുന്നത് തിരുപ്പിറവി ദേവാലയമാണ്. അതിര്ത്തി രാഷ്ട്രീയപരമായ സംഘട്ടനങ്ങള് മേഖലയെ കീറിമുറിക്കുന്നതിനിടയിലും വിശുദ്ധ നാട് കാണുവാന് വരുന്ന തീര്ത്ഥാടകരുടെ എണ്ണത്തിലുള്ള വര്ദ്ധനവ് ലോകത്തിന്റെ ആത്മീയ ത്വരയെയാണ് എടുത്തുക്കാണിക്കുന്നതെന്ന് നിരീക്ഷകര് പറയുന്നു. 

 


Source: Pravachavakasabdam.com

Attachments
Back to Top

Never miss an update from Syro-Malabar Church