കർഷക പെൻഷൻ പദ്ധതി കര്യക്ഷമമായി നടപ്പിലാക്കണം: കർദിനാൾ ആലഞ്ചേരി::Syro Malabar News Updates കർഷക പെൻഷൻ പദ്ധതി കര്യക്ഷമമായി നടപ്പിലാക്കണം: കർദിനാൾ ആലഞ്ചേരി
12-November,2019

കാക്കനാട്: ഉപജീവന മാർഗമായി കൃഷിചെയ്തു ജീവിക്കുന്ന കർഷകർക്ക് പെൻഷൻ  ഉറപ്പാക്കുന്ന കർഷക ക്ഷേമനിധി നിയമം കേരളനിയമസഭ കർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന രീതിയിൽ ചർച്ച ചെയ്തു നടപ്പിലാക്കണമെന്ന് സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ  കർദിനാൾ മാർ ജോർജ് ആലഞ്ചേരി. അഞ്ച് സെന്റിലേറെയും 15 ഏക്കറിൽ താഴെയും സ്വന്തമോ പാട്ടത്തിനെടുത്തതോ ആയ ഭൂമിയുള്ള കർഷകർക്ക് പെൻഷൻ ഉറപ്പാക്കുന്ന കർഷക ക്ഷേമനിധി നിയമം നിയമസഭ സെലക്ട് കമ്മിറ്റിയുടെ അംഗീകാരത്തോടെ കൃഷിമന്ത്രി ശ്രി. വി. എസ് സുനിൽ കുമാർ നിയമസഭയിൽ  ചർച്ചയ്ക്കുവച്ച സാഹചര്യത്തിലാണ് കർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുവാൻ കാര്യക്ഷമമായ ഇടപെടലുകൾ കർദിനാൾ മാർ ആലഞ്ചേരി ആവശ്യപ്പെട്ടിരിക്കുന്നത്.
 
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിൽ വലിയ പങ്കു വഹിക്കുന്ന കർഷകർ ഇന്ന് അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ലാഭകരമല്ലാതായിത്തീർന്നിരിക്കുന്നതിനാൽ സുരക്ഷിതമായ ജീവിതോപാധിയായി കൃഷിയെ കേരളത്തിലെ ജനങ്ങൾ കാണുന്നില്ല. കാർഷിക ഉൽപ്പന്നങ്ങളുടെ വിലയില്ലായ്മയും, വന്യമൃഗശല്ല്യവും കർഷക ജീവിതത്തെ കൂടുതൽ ദുരിതപൂർണ്ണമാക്കുന്നു. ഒരു പുരുഷായുസ്സ് മുഴുവൻ അദ്ധ്വാനിച്ച് പണിയെടുക്കാനാകാത്ത പ്രായമെത്തുമ്പോൾ കർഷകർ ഉപജീവനമാർഗമില്ലാതെ പുറന്തള്ളപ്പെടുന്ന സാഹചര്യത്തിന് മാറ്റമുണ്ടാകണം. അതിനായി, കർഷകർക്ക് അർഹമായ പെൻഷൻ ലഭിക്കുമെന്ന് ഉറപ്പുവരുത്തേണ്ടത് ജനാധിപത്യ സർക്കാരാണ്. കേരളത്തിലെ ജനപ്രതിനിധികൾ ഈ നിയമം ചർച്ചയ്ക്കെടുക്കുമ്പോൾ ദുരിതവലയത്തിലായിരിക്കുന്ന കർഷകരുടെ കണ്ണുനീർ അവഗണിക്കരുതെന്നും കർദിനാൾ ആവശ്യപ്പെട്ടു.
കർഷക പെൻഷൻ നടപ്പിലാക്കുവാൻ  സർക്കാർ സ്വീകരിച്ചിരിക്കുന്ന നടപടി ആശാവഹമാണ്. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ തയ്യാറാക്കുമ്പോഴും ബോർഡ് രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കുമ്പോഴും കർഷകർക്ക് ലഭിക്കാനുള്ള അർഹമായ ആനുകൂല്യങ്ങൾ ഉദ്യോഗസ്ഥരുടെ ഫയലുകളിലെ ഊരാക്കുടുക്കുകളായി മാറാതിരിക്കാൻ ആവശ്യമായ ജാഗ്രത ബന്ധപ്പെട്ടവർ പുലർത്തണമെന്നും സീറോ മലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നിന്നുള്ള പത്രക്കുറിപ്പിൽ കർദിനാൾ ആവശ്യപ്പെട്ടു. ക്ഷേമപദ്ധതികളോട് സഹകരിച്ച് സർക്കാരിൽ നിന്ന് അർഹമായ ആനുകൂല്യങ്ങൾ നേടിയെടുക്കാനുള്ള ക്രിയാത്മകമായ കൂട്ടായ പ്രവർത്തനം കർഷകരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും പത്രക്കുറിപ്പിൽ പറയുന്നു. 
 
 
 
ഫാ. ആന്റണി തലച്ചെല്ലൂര്‍
 
സെക്രട്ടറി, സീറോ മലബാര്‍ മീഡിയ കമ്മിഷന്‍

Source: SM Media Commission

Attachments
Back to Top

Never miss an update from Syro-Malabar Church