അവകാശങ്ങൾ നേടിയെടുക്കാൻ കര്‍ഷകര്‍ സംഘടിക്കണം: കർദിനാൾ മാർ ആലഞ്ചേരി::Syro Malabar News Updates അവകാശങ്ങൾ നേടിയെടുക്കാൻ കര്‍ഷകര്‍ സംഘടിക്കണം: കർദിനാൾ മാർ ആലഞ്ചേരി
08-November,2019

കാക്കനാട്: കേരളത്തിലെ കർഷകരും സാധാരണക്കാരും നേരിടുന്ന പ്രതിസന്ധികളിൽ സഭ കാഴ്ചക്കാരായി നിൽക്കില്ലെന്നും അവരോട് പൂർണമായും പക്ഷം ചേരുന്നു എന്നും സീറോ മലബാർ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി  സീറോ മലബാർ സഭാ അസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ  കുടുംബ-അൽമായ-ജീവൻ കാര്യങ്ങൾക്കായുള്ള കമ്മീഷൻ വിളിച്ച് ചേർത്ത രൂപതാ പ്രതിനിധികളുടെ യോ​ഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  കമ്മീഷൻ ചെയർമാൻ മാർ ജോസഫ് കല്ലറങ്ങാട്ട് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിലെ ചർച്ചകൾക്ക് മാർ ജോസ് പുളിക്കൽ മോഡറേറ്ററായിരുന്നു. സീറോ മലബാർ സഭ കർഷക കമ്മീഷൻ ആരംഭിക്കണമെന്ന് കേരളത്തിലെ എല്ലാ സീറോ മലബാർ രൂപതകളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്ത യോ​ഗം സിനഡിനോട് അഭ്യർത്ഥിച്ചു. കാർഷിക ഉൽപന്നങ്ങൾക്ക് ന്യായമായ വില ഉറപ്പാക്കുക, കർഷകർക്ക് പെൻഷൻ ഏർപ്പെടുത്തുക, കർഷക സൗഹാർദ്ദമായ നയങ്ങൾ രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ യോ​ഗം സർക്കാരിനെ അറിയിച്ചു.  അന്നം വിളയിക്കാൻ കഷ്ടപ്പെടുന്നവരെ കയ്യേറ്റക്കാരാക്കരുതെന്നും കർഷകരുടെ പ്രശ്നങ്ങൾ നിസ്സാരമായി കാണരുതെന്നും യോ​ഗം ആവശ്യപ്പെട്ടു.  ആവശ്യമെങ്കിൽ സംയുക്ത പ്രക്ഷോഭം ആരംഭിക്കുമെന്നും യോ​ഗം മുന്നറിയിപ്പ് നൽകി. കാർഷിക മേഖലയിലെ നവരീതികളും സാധ്യതകളും യുതലമുറയെ പരിശീലിപ്പിക്കുവാൻ ട്രെയിനിം​ഗ് ഇൻസ്റ്റിസ്റ്റ്യൂട്ടുകൾ ആരഭിക്കുന്നതിനുള്ള തീരുമാനത്തിന്റെ തുടർപ്രവർത്തനങ്ങൾക്ക് രൂപം നൽകാൻ ശ്രീ. പി.സി. സിറിയക്ക് ഐ.എ.എസ്. ന്റെ നേതൃത്വത്തിൽ 11 പേരടങ്ങുന്ന സമിതിക്ക് യോ​ഗം രൂപം നൽകി. കൂരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ പി.സി. സിറിയക് ഐ.എ.എസ്., മോൺ. ആന്റണി കൊഴുവനാൽ, എ.കെ.സി.സി. പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം, ‍‍ഡോ. ആന്റണി മൂലയിൽ എന്നിവർ പ്രംസംഗിച്ചു.
 
ഫാ. ആന്റണി തലച്ചെല്ലൂർ
സെക്രട്ടറി, സീറോ മലബാർ മീഡിയാ കമ്മീഷൻ

Source: SM Media Commission

Attachments
Back to Top

Never miss an update from Syro-Malabar Church