എമിരിറ്റസ് ബനഡിക്ട് പാപ്പയും ഫ്രാൻസിസ് പാപ്പയും തീയേറ്ററുകളിലേക്ക്: ‘ദ റ്റു പോപ്പ്‌സ്’ റിലീസ് 27ന്::Syro Malabar News Updates എമിരിറ്റസ് ബനഡിക്ട് പാപ്പയും ഫ്രാൻസിസ് പാപ്പയും തീയേറ്ററുകളിലേക്ക്: ‘ദ റ്റു പോപ്പ്‌സ്’ റിലീസ് 27ന്
05-November,2019

ന്യൂയോർക്ക്: ആഗോള സഭ ചരിത്രത്തിൽ നിർണ്ണായക ശബ്ദമായി മാറിയ എമിരിറ്റസ് ബനഡിക്ട് പാപ്പയുടെയും ഫ്രാൻസിസ് പാപ്പയുടെയും ജീവിത കഥ പറയുന്ന ചലച്ചിത്രം ‘ദ റ്റു പോപ്പ്‌സ്’ ഈ മാസാവസാനം തീയേറ്ററുകളിലേക്ക്. രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ചിത്രം നവംബർ 27നാണ് തീയറ്ററുകളിലെത്തുക. 27നു അമേരിക്കയിലും 29നു യുകെയിലും ചിത്രം റിലീസ് ചെയ്യും. ഡിസംബർ 20മുതൽ ഓൺലൈൻ സ്‌ട്രീമിംഗ്‌ സേവനമായ നെറ്റ്ഫ്ലിക്സിലും ചിത്രം ലഭ്യമാകും. 

ഫ്രാൻസിസ് പാപ്പയുടെയും എമിരിറ്റസ് ബനഡിക്ട് പതിനാറാമന്റെയും ചിന്തകളും ആശയങ്ങളും പെരുമാറ്റരീതികളും ഇരുവരും തമ്മിലുള്ള സൗഹൃദവും കൂട്ടായ്മയും പരസ്പര ബഹുമാനവും ചിത്രീകരിച്ചിരിക്കുന്ന സിനിമ ചലച്ചിത്ര പ്രേമികളുടെ മനം കവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ന്യൂസിലൻഡിൽ നിന്നുള്ള നോവലിസ്റ്റും സിനിമാ നിർമ്മാതാവുമായ ആന്റണി മാക്കാർത്തൻ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം ബ്രസീലിൽ നിന്നുള്ള ഫെർണാണ്ടോ മെയ്‌റലസാണ് സംവിധാനം ചെയ്തിരിക്കുന്നത്. 

ബ്രിട്ടീഷ് നടൻ സർ ആന്റണി ഹോപ്കിൻസ് ബനഡിക്ട് പതിനാറാമൻ പാപ്പയായി അവതരിക്കുമ്പോൾ വെയിൽസ് സ്വദേശി ജൊനാഥൻ പ്രൈസ് ആണ് ഫ്രാൻസിസ് പാപ്പയുടെ വേഷമണിയുന്നത്. ഒരേസമയം രണ്ടു പാപ്പമാർ ഉണ്ടായിരിക്കുകയെന്നത് ചരിത്രപരമായ സംഭവമായതിനാൽ ചിത്രത്തിന് വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. 

നിലവിൽ പോർച്ചുഗീസ്, ഇംഗ്ലീഷ് ഭാഷകളിൽ നിർമ്മിച്ചിരിക്കുന്ന ചിത്രം സമീപഭാവിയിൽ ഇന്ത്യയിലും കടന്നുവരുമെന്നാണ് സൂചന. ഇക്കഴിഞ്ഞ ഓഗസ്റ്റ് 29നു പുറത്തിറങ്ങിയ സിനിമയുടെ ട്രെയിലർ നവമാധ്യമങ്ങളിൽ വലിയ ചലനം സൃഷ്ടിച്ചിരിന്നു.


Source: pravachakasabdam

Attachments
Back to Top

Never miss an update from Syro-Malabar Church