സുവിശേഷത്തിന്‍റെ സാംസ്ക്കാരികാനുരൂപണം അനിവാര്യം-പാപ്പാ!::Syro Malabar News Updates സുവിശേഷത്തിന്‍റെ സാംസ്ക്കാരികാനുരൂപണം അനിവാര്യം-പാപ്പാ!
18-October,2019

തങ്ങളുടെ മണ്ണിനെ പരിചരിച്ചും ജലം സംരക്ഷിച്ചുംകൊണ്ട് പ്രശാന്തവും സന്തോഷപ്രദവുമായ ഒരു ജീവിതം നയിക്കാന്‍ തങ്ങള്‍ക്കു കഴിയുന്നതിന് ആമസോണ്‍ തദ്ദേശജനതയുടെ പ്രതിനിധികള്‍ ഫ്രാന്‍സീസ് പാപ്പായുടെ സഹായം അഭ്യര്‍ത്ഥിച്ചു.
 
 
ആമസോണ്‍ തദ്ദേശവാസികളുടെ ഒരു സംഘവുമായി മാര്‍പ്പാപ്പാ വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി.
 
ആമസോണ്‍ പ്രദേശത്തെയും പ്രാദേശികസഭയയുടെ പ്രവര്‍ത്തനങ്ങളെയും അധികരിച്ച് ചര്‍ച്ച ചെയ്യുന്നതിനു വത്തിക്കാനില്‍ ചേര്‍ന്നിരിക്കുന്ന മെത്രാന്മാരുടെ സിനഡിന്‍റെ  അസാധാരണ സമ്മേളനത്തിലും അതിനോടനുബന്ധിച്ചു റോമില്‍ നടന്നുവരുന്ന മറ്റു പരിപാടികളിലും പങ്കെടുക്കുന്ന ഈ തദ്ദേശവാസികളുടെ നാല്പതോളം പേരടങ്ങിയ സംഘവുമായിട്ടാണ് ഫ്രാന്‍സീസ് പാപ്പാ വ്യാഴാഴ്ച (17/10/2019) വൈകുന്നേരം ഈ പ്രത്യേക കൂടിക്കാഴ്ച നടത്തിയത്.
 
ഈ മാസം 6-ന് ആരംഭിച്ചതും 27 വരെ (6-27/10/2019) നീളുന്നതുമായ സിനഡുസമ്മേളനം വിളിച്ചുകൂട്ടിയതിന് ആമസോണ്‍ തദ്ദേശജനതയുടെ രണ്ടു പ്രതിനിധികള്‍, ഒരു സ്ത്രീയും ഒരു പുരുഷനും  ഈ കൂടിക്കാഴ്ചയുടെ ആരംഭത്തില്‍ പാപ്പായ്ക്ക് നന്ദി പ്രകാശിപ്പിച്ചു.
 
തങ്ങളുടെ ഭാവിതലമുറയ്ക്കുവേണ്ടി തങ്ങളുടെ മണ്ണിനെ പരിചരിച്ചും ജലം സംരക്ഷിച്ചുംകൊണ്ട് പ്രശാന്തവും സന്തോഷപ്രദവുമായ ഒരു ജീവിതം നയിക്കാന്‍ കഴിയണമെന്ന തങ്ങളുടെ അഭിലാഷം സഫലീകരിക്കാന്‍ കഴിയുന്നതിനു ഫ്രാന്‍സീസ് പാപ്പായുടെ സഹായവും അവര്‍ അഭ്യര്‍ത്ഥിച്ചു.
 
സുവിശേഷവിത്ത് അതു വീഴുന്ന നിലത്തു ആ മണ്ണിന്‍റെ സവിശേഷതകളോടെ വളര്‍ന്നു  വരുന്നതിനെക്കുറിച്ച് പാപ്പാ അവരോടു പറഞ്ഞു.
 
യഹൂദ ലോകത്തില്‍ പിറവിയെടുത്ത ക്രിസ്തുമതം ലോകത്തിന്‍റെ ഇതര ഭാഗങ്ങളിലേക്കു വ്യാപിച്ചതിനെക്കുറിച്ചു പരാമര്‍ശിച്ച പാപ്പാ ഓരോ ജനതയ്ക്കും സ്വന്തം സംസ്ക്കാരത്തില്‍ യേശുവിനെക്കുറിച്ചുള്ള വിളംബംരം ലഭിക്കണമെന്നും സുവിശേഷത്തിന്‍റെ സാംസ്ക്കാരികാനുരൂപണം, അതായത്, ഒരോ സംസ്ക്കാരത്തിനും അനുയോജ്യമാം വിധം സുവിശേഷം അവതരിപ്പിക്കപ്പെടേണ്ടത്, ആവശ്യമാണെന്നും വ്യക്തമാക്കി.  
 
ആമസോണ്‍ പ്രദേശത്തെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് പാപ്പാ കോളണിവാഴ്ചയുടെ, അഥവാ, അധിനിവേശത്തിന്‍റെ നൂതന രൂപങ്ങളുടെ അപകടത്തെക്കുറിച്ചു മുന്നറിയിപ്പു നല്കുകയും ചെയ്തു. 
 
പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താവിതരണ കാര്യാലയം (പ്രസ്സ് ഓഫീസ്) ആണ് ഈ വിവരങ്ങള്‍ നല്കിയത്.
 

Source: vaticannews.va

Attachments
Back to Top

Never miss an update from Syro-Malabar Church