കർദിനാൾ സേറയുടെ പ്രവാചകശബ്ദം::Syro Malabar News Updates കർദിനാൾ സേറയുടെ പ്രവാചകശബ്ദം
18-October,2019

ആരാധനയ്ക്കും, കൂദാശകൾക്കുമായുള്ള തിരുസംഘത്തിന്റെ തലവൻ കർദിനാൾ റോബർട്ട് സേറ, ഫ്രഞ്ച് എഴുത്തുകാരനായ നിക്കോളാസ് ഡയറ്റുമായി ചേർന്നെഴുതിയ “ദി ഡേ ഈസ് നൗ ഫാർ സ്പെൻഡ്” എന്ന പുസ്തകം ഇഗ്നേഷ്യസ് പ്രസ്സ് സെപ്റ്റംബർ ഒന്നാം തീയതിയാണ് ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചത്. ആമസോൺ വിൽപ്പനയിൽ “ദി ഡേ ഈസ് നൗ ഫാർ സ്പെൻഡ്” എന്ന പുസ്തകം ഒന്നാംസ്ഥാനത്തേക്ക് കുതിച്ചു കയറിയത് വളരെ കുറച്ചു ദിവസങ്ങൾക്കുള്ളിലാണ്.
 
ഇന്നത്തെ ലോകം അഭിമുഖീകരിക്കുന്ന ആത്മീയ, സാമൂഹിക, രാഷ്ട്രീയ പ്രശ്നങ്ങളെ കത്തോലിക്കാ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ കർദ്ദിനാൾ സേറ വിശദീകരിക്കുന്നു. സാറയുടെ പുസ്തകം വായിക്കുമ്പോൾ ഒരു പഴയ നിയമ പ്രവാചകനെ പുസ്തകത്തിലെ ഓരോ വരികളിലൂടെയും കണ്ടുമുട്ടിയ പ്രതീതിയാണ് അനുഭവപ്പെടുന്നതെന്ന് അമേരിക്കൻ വൈദികനായ പോൾ സ്കാലിയ പറയുന്നു. ഓർമ്മപ്പെടുത്തലിന്റെ ശബ്ദം മാത്രമല്ല കർദിനാൾ സാറയിൽ നിന്നുമുണ്ടാകുന്നത്. മറിച്ച്, മുന്നറിയിപ്പിന്റെ ഒരു ശബ്ദം കൂടി നമുക്ക് അദ്ദേഹത്തിന്റെ വാക്കുകളിൽനിന്ന് മനസ്സിലാക്കുവാൻ സാധിക്കും. ഇതുതന്നെയായിരുന്നു പ്രവാചക പഴയനിയമത്തിലെ പ്രവാചകരും ചെയ്തിരുന്നത്.
 
ഇതിനുമുമ്പ് കർദിനാൾ സേറയുടെതായി പുറത്തിറങ്ങിയ രണ്ടു പുസ്തകങ്ങളും, ക്രിസ്തു കേന്ദ്രീകൃതമായി, സുവിശേഷവത്കരണം ഊർജ്ജസ്വലമായ നടത്തേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റിയുള്ളതായിരുന്നു. സുവിശേഷവത്കരണം ഓരോ ക്രൈസ്തവന്റെയും ദൗത്യമാണെന്ന് കുറച്ചുനാളുകൾക്കു മുമ്പ് ഒരു കത്തോലിക്കാ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സാറ ഓർമ്മപ്പെടുത്തി. രക്ഷനേടുവാനുള്ള ഒരേ ഒരു മാർഗം ക്രിസ്തുവായതിനാൽ, എല്ലാ മനുഷ്യർക്കും ക്രിസ്തുവിനെ പങ്കുവെച്ച് അത് നിറവേറ്റണമെന്നും പ്രസ്തുത അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
 
ആഫ്രിക്കയിലെ ഗിനിയയിൽ, 1945 ജൂൺ പതിനഞ്ചാം തീയതിയാണ് കർദിനാൾ സേറ ജനിക്കുന്നത്. ഒരു ഒറ്റമുറി വീട് മാത്രമായിരുന്നു സേറയുടെ  കുടുംബത്തിന് സ്വന്തമായി ഉണ്ടായിരുന്നത്. ക്രിസ്തുവിനെ മനുഷ്യർക്ക് പകർന്നു കൊടുക്കാനുള്ള ദാഹത്താൽ സേറ പൗരോഹിത്യം സ്വീകരിച്ചു. അദ്ദേഹത്തിന്റെ വിശ്വാസ തീക്ഷ്ണതയും, തീരുമാനങ്ങളെടുക്കാനുള്ള കഴിവും ജോൺ പോൾ മാർപാപ്പയുടെ ശ്രദ്ധയിൽപ്പെടുകയും, വെറും 34 വയസ്സു മാത്രമുണ്ടായിരുന്ന സമയത്ത് മാർപാപ്പ അദ്ദേഹത്തെ മെത്രാനായി നിയമിക്കുകയും ചെയ്തു.
 
സെക്കു ടൂറേ എന്ന മാർക്സിസ്റ്റ് ഭരണാധികാരിയായിരുന്നു ആ കാലഘട്ടത്തിലെ രാജ്യം ഭരിച്ചിരുന്നത്. കത്തോലിക്കാ വിശ്വാസങ്ങൾ ഉയർത്തിപ്പിടിച്ച് സേറ നടത്തിയ പോരാട്ടങ്ങൾ സെക്കു ടൂറേയെ ചൊടിപ്പിച്ചു. 1984ൽ സെക്കു ടൂറേ മരിക്കുമ്പോൾ, അദ്ദേഹത്തിന്റെ പക്കൽ നിന്നും ഒരു ‘ഹിറ്റ് ലിസ്റ്റ്’ ലഭിച്ചു. ആ പട്ടികയിലെ ആദ്യ പേരുകാരൻ സേറയായിരുന്നു. ഈ നാളുകളിലെല്ലാം, രണ്ട് മാസത്തിലൊരിക്കൽ പൂർണ്ണമായും ഭക്ഷണവും, വെള്ളവും ഉപേക്ഷിച്ച് ധ്യാനിക്കാനായി അദ്ദേഹം പോകുമായിരുന്നു. അന്ന് കർദ്ദിനാൾ സേറ കടന്നുപോയ ക്ലേശകരമായ നാളുകൾ പ്രാർത്ഥനയുടെ ശക്തിയാൽ സഭയ്ക്കുവേണ്ടി കൂടുതൽ ഊർജ്ജസ്വലമായി പ്രവർത്തിക്കാനുള്ള അവസരമാക്കി അദ്ദേഹം മാറ്റി. പ്രസ്തുത ഊർജ്ജം ഇക്കാലഘട്ടത്തിലെ വൈദികരിലേക്കും പകരാൻ അദേഹം ശ്രദ്ധാലുവാണ്.
 
വൈദികൻ മറ്റൊരു ക്രിസ്തുവായി മാറണമെന്ന് നിരന്തരമായി തന്റെ പ്രസംഗങ്ങളിലൂടെയും, എഴുത്തുകളിലൂടെയും സേറ പറയാറുണ്ട്. ഒപ്പം, സമൂഹത്തിലെ മറ്റെന്ത് കാര്യങ്ങളെക്കാളും ഉപരിയായി സുവിശേഷ വത്കരണത്തിന് വൈദികർ പ്രാധാന്യം നൽകണമെന്നും നിരന്തരമായി അദ്ദേഹം ഓർമ്മപ്പെടുത്താറുണ്ട്. കർദ്ദിനാൾ സേറ പറഞ്ഞ ഒരു വാചകത്തിലൂടെ തന്നെ ഈ ലേഖനം അവസാനിപ്പിക്കാം:
 
“മനുഷ്യൻ ജനിച്ചത് ബാങ്ക് അക്കൗണ്ട്  നിയന്ത്രിക്കാൻ വേണ്ടിയല്ല, മറിച്ച്  ദൈവത്തെ കണ്ടെത്താനും, അയൽക്കാരനെ സ്നേഹിക്കാനുമാണ്”

Source: sundayshalom

Attachments
Back to Top

Never miss an update from Syro-Malabar Church