പേപ്പൽ ധ്യാനഗുരു’വിന് നാൽപ്പതാം പിറന്നാൾ; പ്രസ്തുത വിളിയിലേക്കുള്ള വഴി വെളിപ്പെടുത്തി ഫാ. കന്തലമെസ്സെ::Syro Malabar News Updates പേപ്പൽ ധ്യാനഗുരു’വിന് നാൽപ്പതാം പിറന്നാൾ; പ്രസ്തുത വിളിയിലേക്കുള്ള വഴി വെളിപ്പെടുത്തി ഫാ. കന്തലമെസ്സെ
09-October,2019

വത്തിക്കാൻ കൂരിയയെ 40 വർഷം തുടർച്ചയായി ധ്യാനിപ്പിച്ചു എന്നതുമാത്രമല്ല, മൂന്നു പാപ്പമാരെ ധ്യാനിപ്പിച്ച വൈദികൻ എന്ന ബഹുമതിയും ഫാ. കാന്തലമെസ്സെക്ക് മാത്രം അവകാശപ്പെട്ടതാണ്. വലിയ ആ ദൗത്യം ഏറ്റെടുക്കാൻ അദ്ദേഹം പ്രാപ്തനായത് എങ്ങിനെയെന്ന് അറിയേണ്ടേ…
 
റവ. റോയ് പാലാട്ടി സി.എം.ഐ
 
വത്തിക്കാൻ സിറ്റി: പാപ്പ ഉൾപ്പെടുന്ന വത്തിക്കാൻ കുരിയാ അംഗങ്ങളെ കഴിഞ്ഞ 40 വർഷം തുടർച്ചയായി ധ്യാനിപ്പിക്കുന്നത് കപ്പൂച്യൻ വൈദികനായ ഫാ. റനിയരോ കന്തലമെസ്സെയാണ്. ആധുനിക സഭയിൽ ആദ്യമായാണ് ഒരു പുരോഹിതൻ തുടർച്ചയായി ഇത്രയും നീണ്ടകാലം സഭയുടെ ഉന്നതസംഘത്തിന്റെ ധ്യാനം നയിക്കുന്നത്.
 
 അമേരിക്കയിലെ ക്യാൻസാസ് സിറ്റിയിൽ സംഘടപ്പിച്ച ഒരു കരിസ്മാറ്റിക് ശുശ്രൂഷയിലൂടെ ലഭിച്ച പ്രത്യേകമായൊരു അഭിഷേകമാണ് ഈ ഉദ്യമത്തിന് തന്നെ പ്രാപ്തനാക്കിയതെന്ന് ഫാ. കന്തലമെസ്സെ വെളിപ്പെടുത്തി. പേപ്പൽ ധ്യാനഗുരു എന്ന അംഗീകാരത്തിന്റെ നാൽപ്പതാം പിറന്നാൾ ആഘോഷിക്കുന്ന ഫാ. കാന്തലാമെസ്സ ‘ശാലോം വേൾഡി’ന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
 
‘യൂണിവേഴ്‌സിറ്റി പ്രൊഫസറായിരുന്ന എനിക്ക് പൊതുവേ കരിസ്മാറ്റിക് പ്രാർത്ഥനാ ശൈലികളോട് ആദ്യസമയത്ത് താൽപ്പര്യമില്ലായിരുന്നു. അങ്ങനെയിരിക്കെയാണ് അമേരിക്കയിൽ നടന്ന കരിസ്മാറ്റിക് കൺവൻഷനെക്കുറിച്ച് അറിഞ്ഞത്. പരമ്പരാഗത ശൈലിയിൽ പ്രാർത്ഥനയും ധ്യാനവും നടത്തിയിരുന്ന എനിക്കത് വേറിട്ട അനുഭവമായിരുന്നു,’അദ്ദേഹം തുടർന്നു:
 
‘പൊതുവെ എന്റെ ശിരസ്സിൽ കൈവെച്ച് പ്രാർത്ഥിക്കാൻ ആരെയും അനുവദിക്കാറില്ലായിരുന്നു. എന്തായാലും അന്ന് ടീം അംഗങ്ങൾ ചേർന്ന് എന്റെ ശിരസ്സിൽ കൈവെച്ച് ആത്മാഭിഷേകത്തിനായി പ്രാർത്ഥിച്ചു. അതെന്റെ ആത്മീയവഴിയിൽ ഒരു പുത്തൻ ഉണർവിനു വഴിയൊരുക്കി. അധികം വൈകാതെ യൂണിവേഴ്‌സിറ്റി ജോലി രാജിവെച്ചു. കുറേക്കൂടി തീക്ഷണമായി എന്തെങ്കിലും ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചു,’ വത്തിക്കാനിലെ കപ്പൂച്യൻ ആശ്രമത്തിൽവെച്ചു നടന്ന അഭിമുഖത്തിൽ ഫാ. കന്തലമെസ്സെ പങ്കുവെച്ചു.
 
അങ്ങനെയിരിക്കെയാണ് 45 വയസുകാരനായ ഇദ്ദേഹത്തിന് ജോൺ പോൾ രണ്ടാമൻ പാപ്പയുടെ ക്ഷണം ലഭിച്ചത്, 1980ൽ. വിശുദ്ധ ജോൺ പോൾ രണ്ടാമൻ, പോപ്പ് എമിരിറ്റ്‌സ് ബെനഡിക്ട് 16-ാമൻ, ഫ്രാൻസിസ് എന്നീ മൂന്ന് പാപ്പമാരെ ഇദ്ദേഹം ധ്യാനിപ്പിച്ചിട്ടുണ്ട്. നോമ്പുകാലത്തും ക്രിസ്മസ് കാലത്തുമുള്ള എല്ലാ വെള്ളിയാഴ്ചകളിലും പേപ്പൽ ധ്യാനഗുരു പാപ്പയെയും വത്തിക്കാൻ കുരിയയെയും ധ്യാനചിന്തകൾ നൽകി നയിക്കും.
 
‘ആദിമ ക്രിസ്തീയ സമൂഹത്തിന്റെ ഒരു പകർപ്പാണ് കരിസ്മാറ്റിക് ആത്മീയത. വരങ്ങളും കൃപദാനങ്ങളും പങ്കുവെക്കലും എല്ലാമുള്ള സമൂഹം. സഭയ്ക്ക് വലിയ അനുഗ്രഹമാണിത്,’ 85 വയസുകാരൻ  ഫാ. കന്തലമെസ്സെ പറഞ്ഞു. ബി.ബി.സി.യുടെ സീനിയർ റിപ്പോർട്ടറായിരുന്ന ഡേവിഡ് കെർ ആണ് ‘ശാലോം വേൾഡി’നുവേണ്ടി ഈ അഭിമുഖം നടത്തിയത്.

Source: sundayshalom

Attachments
Back to Top

Never miss an update from Syro-Malabar Church