കൂടത്തായി കൂട്ടക്കൊലപാതകം: പ്രതിയുടെ ആത്മീയ ജീവിതത്തെക്കുറിച്ച് പ്രചരിപ്പിക്കുന്ന വാർത്തകൾ വ്യാജം::Syro Malabar News Updates കൂടത്തായി കൂട്ടക്കൊലപാതകം: പ്രതിയുടെ ആത്മീയ ജീവിതത്തെക്കുറിച്ച് പ്രചരിപ്പിക്കുന്ന വാർത്തകൾ വ്യാജം
08-October,2019

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതകത്തിൽ കുറ്റവാളിയായി പൊലീസ് കണ്ടെത്തിയ ജോളിയുടെ ആത്മീയ ജീവിതവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് വ്യക്തമാക്കി താമരശേരി അതിരൂപത. ജോളി കഴിഞ്ഞ 20 വർഷമായി മതാധ്യാപികയായിരുന്നുവെന്നും ഭക്തസംഘടനാ ഭാരവാഹിയാണെന്നും ദൈവാലയ തിരുകർമങ്ങളിൽ അനുദിനം സംബന്ധിക്കുന്ന വ്യക്തിയാണെന്നും ധ്യാനങ്ങളിൽ സ്ഥിരമായി പങ്കെടുക്കുന്ന ആളാണെന്നുമുള്ള പ്രചരണങ്ങൾ വ്യാജമാണെന്ന് വ്യക്തമാക്കി കോടഞ്ചേരി ഫെറോന ഇടവക പ്രസ്താവന പുറപ്പെടുവിച്ചത്.
 
മലയാള മനോരമ ഉൾപ്പെടെയുള്ള മുഖ്യധാര മാധ്യമങ്ങൾ വ്യാജ പ്രചരണം നടത്തുന്ന പശ്ചാത്തലത്തിലാണ് കഴിഞ്ഞ രണ്ടര വർഷമായി കോടഞ്ചേരി ഇടവകാംഗമായ ജോളിയെ സംബന്ധിച്ച് ഫൊറോന ഇടവക വികാരിയായ ഫാ. തോമസ് നാഗപറമ്പിൽ പ്രസ്താവന പുറപ്പെടുവിച്ചത്. അടിസ്ഥന രഹിതമായ വാർത്തകൾ സൃഷ്ടിച്ച് നടത്തുന്ന മുതലെടുപ്പുകൾക്കെതിരെ വിശ്വാസികൾ ജാഗ്രത പാലിക്കണമെന്നും പ്രസ്താന മുന്നറിയിപ്പ് തരുന്നു.
 
പ്രസ്താവനയുടെ പൂർണരൂപം ചുവടെ:
 
കൂടത്തായി കൂട്ടക്കൊലപാതകത്തിൽ കുറ്റവാളിയായി പൊലീസ് കണ്ടെത്തിയ ജോളി എന്ന സ്ത്രീ കഴിഞ്ഞ 20 വർഷമായി മതാധ്യാപികയായിരുന്നുവെന്നും പള്ളി ഭക്തസംഘടനാ ഭാരവാഹിയാണെന്നും ദിവസവും പള്ളി തിരുക്കർമങ്ങളിൽ സംബന്ധിക്കുന്ന വ്യക്തിയാണെന്നും സ്ഥിരം ധ്യാനങ്ങളിൽ പങ്കെടുക്കുന്ന ആളാണെന്നുമുള്ള വ്യാജ വാർത്തകൾ ശ്രദ്ധിച്ചു. കഴിഞ്ഞ രണ്ടര വർഷമായി കോടഞ്ചേരി ഇടവകാംഗമെന്ന നിലയിൽ ജോളിയെ സംബന്ധിച്ച് മേൽപ്പറഞ്ഞ വാർത്തകളൊന്നും സത്യമല്ല.
 
ഈ ഇടവകയിൽ അംഗമാകുന്നതിന് വർഷങ്ങൾമുമ്പ് കൂടത്തായി ഇടവകാംഗമെന്ന നിലയിൽ അവർ മാതൃവേദിയിലും കുടുംബയൂണിറ്റിലും ഭാരവാഹിയായിരുന്നു എന്ന് മനസിലാക്കാൻ കഴിഞ്ഞു. പള്ളിത്തിരുക്കർമങ്ങളിലെ നിത്യപങ്കാളിയോ മതാധ്യാപികയോ ആയി ജോളിയെ ചിത്രീകരിക്കുന്നത് പൂർണമായും വ്യാജമാണ്. അടിസ്ഥന രഹിതമായ വാർത്തകൾ സൃഷ്ടിച്ച് നടത്തുന്ന മുതലെടുപ്പുകൾക്കെതിരെ വിശ്വാസികൾ ജാഗ്രത പാലിക്കണം.
 

Source: sundayshalom.com

Attachments
Back to Top

Never miss an update from Syro-Malabar Church