കണക്കുകൂട്ടലുകളും അവകാശവാദങ്ങളുമില്ലാത്ത വിശ്വാസി!::Syro Malabar News Updates കണക്കുകൂട്ടലുകളും അവകാശവാദങ്ങളുമില്ലാത്ത വിശ്വാസി!
08-October,2019

കടമകള്‍ നിര്‍വ്വഹിക്കുകയും പ്രയോജനരഹിതനായ ദാസനെന്നു കരുതുകയും ചെയ്യുന്ന മനോഭാവം വിശ്വാസിക്ക് അനിവാര്യം. എളിമയും ദൈവത്തിന് സ്വയം വിട്ടുകൊടുക്കുന്നതുമായ വിശ്വാസത്തിനുടമകളാകണം. ഫ്രാന്‍സീസ് പാപ്പായുടെ ഞായറാഴ്ചത്തെ മദ്ധ്യാഹ്നപ്രാര്‍ത്ഥനാ സന്ദേശം.
 
ഇക്കഴിഞ്ഞ ഞായാറാഴ്ച (06/10/19), അതായത്, ആറാം തീയതി മദ്ധ്യാഹ്നത്തില്‍ ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ നയിച്ച ത്രികാല പ്രാര്‍ത്ഥനയില്‍ വിവിധരാജ്യാക്കാരായ നിരവധി വിശ്വാസികള്‍ പങ്കുകൊണ്ടു. പ്രാദേശികസമയം 12 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 3.30-ന്, പാപ്പാ ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിന്, പതിവുപോലെ, പേപ്പല്‍ അരമനയുടെ ജാലകത്തിങ്കല്‍ പ്രത്യക്ഷനായപ്പോള്‍ ജനസഞ്ചയത്തിന്‍റെ  ആനന്ദാരവങ്ങള്‍ ഉയര്‍ന്നു. ആ ജാലകത്തിങ്കല്‍ മന്ദസ്മിതത്തോടെ കൈകള്‍ ഉയര്‍ത്തി  എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് പ്രത്യക്ഷനായ പാപ്പാ ത്രികാലജപം നയിക്കുന്നതിനുമുമ്പ് വിശ്വാസികളെ സംബോധനചെയ്തു. ഈ ഞായറാഴ്ച (06/10/19) ലത്തീന്‍ റീത്തിന്‍റെ   ആരാധനക്രമമനുസരിച്ച്  വിശുദ്ധകുര്‍ബ്ബാനമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥഭാഗങ്ങളില്‍, ലൂക്കായുടെ സുവിശേഷം 17-Ↄ○ അദ്ധ്യായം 5-10 വരെയുള്ള വാക്യങ്ങള്‍, അതായത്, തങ്ങളുടെ വിശ്വാസത്തെ ശക്തിപ്പെടുത്തണമെന്ന് അപേക്ഷിക്കുന്ന അപ്പസ്തോലന്മാര്‍ക്ക് യേശുനാഥന്‍ കടുകുമണിയോളമെങ്കിലും വിശ്വാസം ഉള്ളവരായിരിക്കാനും എളിമയോടെ കടമകള്‍ നിര്‍വ്വഹിക്കുന്നവരാകാനും നല്കുന്ന ഉപദേശം,  ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനവലംബം. പാപ്പായുടെ പ്രഭാഷണം ഇറ്റാലിയന്‍ ഭാഷയില്‍ ആയിരുന്നു. 
 
പ്രഭാഷണം:
 
പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം,
 
വിശ്വാസാഭിവൃദ്ധിക്കായുള്ള പ്രാര്‍ത്ഥന
 
ഇന്നത്തെ സുവിശേഷത്താള്‍ അവതരിപ്പിക്കുന്നത് “ഞങ്ങളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കണമേ” എന്ന ശിഷ്യന്മാരുടെ പ്രാര്‍ത്ഥനയില്‍ ആവിഷ്കൃതമായ വിശ്വാസം എന്ന പ്രമേയമാണ്.. ഇതു മനോഹരമായ ഒരു പ്രാര്‍ത്ഥനയാണ്. “കര്‍ത്താവേ, ഞങ്ങളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കണമേ” എന്ന് ദിവസത്തില്‍ നാം ഏറെ യാചിക്കണം. യേശു രണ്ടു സാദൃശ്യങ്ങളിലൂടെ, അതായത് കടുകുമണിയുടെയും സേവനസന്നദ്ധനായ ഭൃത്യന്‍റെയും ഉപമകളിലൂടെ, ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരമരുളുന്നു. അവിടന്നു പറയുന്നു: നിങ്ങള്‍ക്ക് ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോടു ചുവടോടെ ഇളകി കടലില്‍ ചെന്നു വേരുറയ്ക്കുക എന്നു പറഞ്ഞാല്‍ അതു നിങ്ങളെ അനുസരിക്കും. സിക്കമിന്‍ കാറ്റിനെ ചെറുക്കത്തക്കവിധം മണ്ണില്‍ ആഴത്തില്‍ വേരുന്നിയ വന്‍ വൃക്ഷമാണ്. ആകയാല്‍ യേശു മനസ്സിലാക്കിത്തരാന്‍ ഉദ്ദേശിക്കുന്നത് ചെറിയൊരു വിശ്വാസമാണെങ്കിലും അതിന് സിക്കമിന്‍ മരത്തെപ്പോലും വേരോടെ പിഴുതെറിയത്തക്ക ശക്തിയുണ്ട് എന്നാണ്. കടലില്‍ ചെന്നു വേരുറയ്ക്കുക എന്നത് അസാധ്യമായ ഒരു കാര്യമാണ്. എന്നാല്‍ വിശ്വാസമുള്ളവന് അസാധ്യമായിട്ടൊന്നുമില്ല. കാരണം അവന്‍ സ്വന്തം കരുത്തിലല്ല മറിച്ച് സകലവും സാധ്യമായവനായ ദൈവത്തിന്‍റെ ശക്തിയിലാണ് ശരണം വയ്ക്കുന്നത്.
 
കടുകുമണിയോളമുള്ള വിശ്വാസം
 
കുടുകുമണിയോട് സാദൃശപ്പെടുത്തപ്പെട്ട വിശ്വാസം ഊറ്റംകൊള്ളുന്നതും അമിതാത്മവിശ്വാസം കാട്ടുന്നതുമല്ല. ചിലപ്പോഴൊക്കെ മണ്ടത്തരങ്ങള്‍ ചെയ്തുകൂട്ടിക്കൊണ്ട് വലിയ വിശ്വാസിയാണെന്ന് ഭാവിക്കുന്നയാളുടേതു പോലുള്ളതുമല്ല. വിശ്വാസം, അതിന്‍റെ എളിമയാല്‍ ദൈവത്തിന്‍റെ വലിയ ആവശ്യം അനുഭവപ്പെടുന്നതും അതിന്‍റെ ചെറുമയില്‍ പൂര്‍ണ്ണവിശ്വാസത്തോടെ ദൈവത്തിന് സ്വയം വിട്ടുകൊടുക്കുന്നതുമായ ഒന്നാണ്. ജീവിതത്തിന്‍റെ നിമ്നോന്നതികളില്‍  പ്രത്യാശയോടെ നോക്കാന്‍ ഈ വിശ്വാസം നമ്മെ പ്രാപ്തരാക്കുകയും തിന്മയ്ക്കല്ല ഒരിക്കലും അവസാനവാക്ക് എന്ന അവബോധത്തോടെ, പരാജയങ്ങളെയും സഹനങ്ങളെയും സ്വീകരിക്കാന്‍ നമ്മെ സഹായിക്കുകയും ചെയ്യുന്നു.
 
വിശ്വാസമുണ്ടോ?
 
നമുക്ക് ശരിക്കും വിശ്വാസം ഉണ്ടോ, അതായത്, ചെറുതെങ്കിലും യഥാര്‍ത്ഥവും നിര്‍മ്മലവും ആത്മാര്‍ത്ഥവുമാണോ നമ്മുടെ വിശ്വാസം എന്ന് എങ്ങനെ അറിയാന്‍ സാധിക്കും? സേവനത്തെ വിശ്വാസത്തിന്‍റെ പരിമാണമായി ചൂണ്ടിക്കാട്ടിക്കൊണ്ട് യേശു ഇതിന് വിശദീകരണം നല്കുന്നു. മര്‍ക്കടമുഷ്ടിക്കാരനും നിസ്സംഗനുമായ ഒരു യജമാനന്‍റെ  രൂപമാകയാല്‍, ആദ്യ വീക്ഷണത്തില്‍, അല്പം ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായ ഒരു ഉപമയിലൂടെയാണ് യേശു ഇതു ചെയ്യുന്നത്. വാസ്തവത്തില്‍ ഇത്തരമൊരു യജമാനനെ അവതരിപ്പിക്കുന്നതിലൂടെ ഉപമയുടെ യഥാര്‍ത്ഥ സത്ത, അതായത്, ദാസന്‍റെ  സേവനസന്നദ്ധ മനോഭാവം എടുത്തുകാട്ടുകയാണ്. ദൈവവുമായുള്ള ബന്ധത്തില്‍ വിശ്വാസിയായ മനുഷ്യന്‍ ഇപ്രകാരമായിരിക്കും എന്നാണ് യേശു പറയാന്‍ ഉദ്ദേശിക്കുന്നത്. വിശ്വാസി, കണക്കുകൂട്ടലുകളും അവാകാശവാദങ്ങളും കൂടാതെ, ദൈവഹിതത്തിന് പൂര്‍ണ്ണമായി വിട്ടുകൊടുക്കും.
 
പരസേവനവും സന്തോഷവും
 
ദൈവത്തോടുള്ള ഈ മനോഭാവം സമൂഹത്തിലെ പെരുമാറ്റരീതികളിലും, അതായത്, പരസ്പരം ശുശ്രൂഷിക്കുന്നവരായിരിക്കുന്നതിലുള്ള സന്തോഷത്തില്‍ പ്രതിഫലിക്കും.  പരസേവനത്തിന്‍റെ ഫലമായ അംഗീകാരങ്ങളിലൊ നേട്ടങ്ങളിലൊ അല്ല, പ്രത്യുത, ഈ ആനന്ദത്തില്‍ അതിന്‍റെ പ്രതിഫലം ദര്‍ശിക്കുകയും ചെയ്യും. ഇതാണ് യേശു തന്‍റെ  വിവരണത്തിന്‍റെ അവസാനം ഉദ്ബോധിപ്പിക്കുന്നത്:” നിങ്ങളും കല്പിക്കപ്പെട്ടവയെല്ലാം ചെയ്തതിനു ശേഷം, ഞങ്ങള്‍ പ്രയോജനശൂന്യരായ ദാസന്മാരാണ്; കടമ നിര്‍വ്വഹിച്ചതേയുള്ളു എന്നു പറയുവിന്‍” (ലൂക്കാ 17:10)
 
ശുശ്രൂഷകന്‍റെ ഭാവം
 
പ്രയോജനമില്ലാത്ത സേവകര്‍, അതായത്, തങ്ങള്‍ കൃതജ്ഞതയ്ക്ക് അര്‍ഹരാണെന്ന് ഭാവിക്കാത്തവരും അവകാശവാദങ്ങള്‍ ഇല്ലാത്തവരും. “ഞങ്ങള്‍ പ്രയോജനരഹിതരായ ദാസരാണ്” എന്നത് സഭയ്ക്ക് ഏറെ നന്മ പ്രദാനംചെയ്യുന്ന എളിമയുടെയും സന്നദ്ധമനോഭാവത്തിന്‍റെയും പ്രകാശനമാണ്. അത്, സഭയില്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ശരിയായ മനോഭാവത്തെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു. എളിയ ശുശ്രൂഷ. ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിക്കൊണ്ട് യേശു ഈ ശുശ്രൂഷയ്ക്ക് സാക്ഷ്യമേകി. (യോഹന്നാന്‍ 13:3-17).
 
കന്യകാമറിയത്തോടുള്ള യാചന
 
വിശ്വാസത്തിന്‍റെ മഹിളയായ കന്യകാമറിയം ഈ സരണിയില്‍ സഞ്ചരിക്കാന്‍ നമ്മെ സഹായിക്കട്ടെ. ജപമാല നാഥയുടെ തിരുന്നാളിന്‍റെ തലേന്ന്, പൊമ്പെയില്‍, ആചാരമനുസരിച്ച് തുടരുന്ന പ്രാര്‍ത്ഥനയ്ക്കായി സമ്മേളിച്ചിരിക്കുന്നവരോടുള്ള ഐക്യത്തില്‍ നമുക്ക് അവളുടെ മാദ്ധ്യസ്ഥ്യം യാചിക്കാം.         
 
 ഈ വാക്കുകളില്‍ തന്‍റെ സന്ദേശം ഉപസംഹരിച്ച പാപ്പാ തുടര്‍ന്ന് കര്‍ത്താവിന്‍റെ  മാലാഖ എന്ന പ്രാര്‍ത്ഥന നയിക്കുകയും ആശീര്‍വാദം നല്കുകയും ചെയ്തു. 
 
ആശീര്‍വ്വാദാനന്തരം പാപ്പാ, ആമസോണ്‍ പ്രദേശത്തെ അധികരിച്ചുള്ള മെത്രാന്മാരുടെ സിനഡിന്‍റെ ഉദ്ഘാടന ദിവ്യബലി വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ഞായറാഴ്ച (06/10/19) തന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ടത് അനുസ്മരിച്ചു.
ആമസോണ്‍ പ്രദേശത്ത് സഭയ്ക്കുള്ള ദൗത്യത്തെയും സുവിശേഷവത്ക്കരണത്തെയും സമഗ്ര പരിസ്ഥിതി വിജ്ഞാനീയത്തെയും അധികരിച്ച് സിനഡുപിതാക്കന്മാര്‍ മൂന്നാഴ്ചക്കാലം ചര്‍ച്ചചെയ്യുമെന്നു പാപ്പാ പറഞ്ഞു.
 
ഈ സിനഡുസമ്മേളനത്തിന് എല്ലാവരുടെയും പ്രാര്‍ത്ഥനാസഹായം പാപ്പാ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.  
 
തുടര്‍ന്ന് ഇറ്റലിക്കാരും മറ്റുരാജ്യാക്കാരുമടങ്ങുന്ന വിശ്വാസികളെയും തീര്‍ത്ഥാടകരെയും പാപ്പാ അഭിവാദ്യം ചെയ്തു. 
തദ്ദനന്തരം പാപ്പാ എല്ലാവര്‍ക്കും  ശുഭ ഞായര്‍ ആശംസിക്കുകയും, തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുതെന്ന പതിവഭ്യര്‍ത്ഥന നവീകരിക്കുകയും ചെയ്തു. അതിനുശേഷം, എല്ലാവര്‍ക്കും നല്ല ഉച്ചവിരുന്നു നേര്‍ന്ന മാര്‍പ്പാപ്പാ വീണ്ടും കാണാം, “അരിവെദേര്‍ച്ചി" (arrivederci) എന്ന് ഇറ്റാലിയന്‍ ഭാഷയില്‍ പറഞ്ഞുകൊണ്ട് സുസ്മേരവദനനായി കൈകള്‍ വീശി ജാലകത്തിങ്കല്‍ നിന്ന് പിന്‍വാങ്ങി
 

Source: vaticannews

Attachments
Back to Top

Never miss an update from Syro-Malabar Church