ന്യൂഡല്‍ഹി: രാഷ്ട്രനിര്‍മിതിയില്‍ കത്തോലിക്കാസഭയുടെ, പ്രത്യേകിച്ച് സീറോ മലബാര്‍ സഭയുടെ പങ്ക് മാതൃകാപരമാണെന്നു കേന്ദ്ര വാര്‍ത്താ വിനിമയ വകുപ്പുമന്ത്രി കപില്‍ സിബല്‍. സീറോ മലബാര്‍ സഭ പ്രേഷിതവര്‍ഷാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ചു ന്യൂഡല്‍ഹി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ളബില്‍ നടന്ന അന്താരാഷ്ട്ര സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ വിദ്യാഭ്യാസ, ആതുരസേവന രംഗങ്ങളില്‍ കത്തോലിക്കാ സഭ തുടക്കമിട്ട പുരോഗതിയുടെ വെളിച്ചം ഇന്നും പ്രകാശം പരത്തുന്നുണ്ട്. പൊതുസമൂഹത്തില്‍ സാക്ഷരതയുടെയും ഉന്നതവിദ്യാഭ്യാസത്തിന്റെയും ആവശ്യകതയെക്കുറിച്ചു സഭ എക്കാലത്തും ജാഗ്രത പുലര്‍ത്തിയിരുന്നു. അതിന്റെ നിദര്‍ശനമെന്നോണം സഭയുടെ സ്ഥാപനങ്ങള്‍ ഇന്നും സേവനത്തിന്റെ ചൈതന്യം പ്രതിഫലിപ്പിക്കുന്നുണ്െടന്നു കപില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രനിര്‍മിതിയില്‍ സീറോ മലബാര്‍ സഭയുടെ പങ്ക് എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷം വഹിച്ചു. മതാന്തര സൌഹാര്‍ദം സംരക്ഷിക്കുന്നതിലും ഭാരതീയ പൈതൃകത്തിനനുസരിച്ച വിശ്വാസശൈലികള്‍ രൂപപ്പെടുത്തുന്നതിനും സീറോ മലബാര്‍ സഭാംഗങ്ങള്‍ക്കു കടമയുണ്െടന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
കേന്ദ്ര ഭക്ഷ്യവകുപ്പ് സഹമന്ത്രി പ്രഫ.കെ.വി. തോമസ്, ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്റര്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, എക്സിക്യുട്ടീവ് ഡയറക്ടര്‍ റവ. ഡോ. പീറ്റര്‍ കണ്ണമ്പുഴ എന്നിവര്‍ പ്രസംഗിച്ചു. സിഎന്‍ഇഡബ്ള്യുഎ പ്രസിഡന്റ് മോണ്‍. ജോണ്‍ കോസര്‍, സാന്തോം ബൈബിള്‍ സെന്റര്‍ ഡയറക്ടര്‍ റവ. ഡോ. സെബാസ്റ്റ്യന്‍ കിഴക്കേയില്‍ എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മോഡറേറ്ററായിരുന്നു.
ഉച്ചകഴിഞ്ഞു നടന്ന പാനല്‍ ചര്‍ച്ചയില്‍ ബിഷപ് മാര്‍ ജോസഫ് കുന്നോത്ത് മോഡറേറ്ററായി. ആര്‍ച്ച്ബിഷപ് ഡോ. തോമസ് മേനാംപറമ്പില്‍, റവ.ഡോ. ജോണ്‍ ചാത്തനാട്ട്, ഡോ. സിറിയക് തോമസ്, ഫാ. ജസ്റിന്‍ അക്കര, മേരിക്കുട്ടി പുത്തന്‍പുരയ്ക്കല്‍, സിസ്റര്‍ കരുണ മണിയാട്ട് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
സമാപന സമ്മേളനത്തില്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷം വഹിച്ചു. ഫരീദാബാദ് ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, പ്രേഷിതവര്‍ഷം കേന്ദ്രകമ്മിറ്റി കണ്‍വീനര്‍ ബിഷപ് മാര്‍ സെബാസ്റ്യന്‍ വടക്കേല്‍, സെക്രട്ടറി ഫാ. ജോസ് ചെറിയമ്പനാട്ട് എന്നിവര്‍ പ്രസംഗിച്ചു.
ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റം, ബിഷപ്പുമാരായ മാര്‍ വിജയാനന്ദ്, മാര്‍ ബോസ്കോ പുത്തൂര്‍, മാര്‍ ആന്റണി ചിറയത്ത്, മാര്‍ മാത്യു വാണിയക്കിഴക്കേല്‍, മാര്‍ ജോണ്‍ വടക്കേല്‍, മാര്‍ റമിജിയൂസ് ഇഞ്ചനാനിയില്‍, മാര്‍ ജോണ്‍ വടക്കേല്‍, മാര്‍ തോമസ് തുരുത്തിമറ്റം, മാര്‍ ലോറന്‍സ് മുക്കുഴി, മാര്‍ ബര്‍ണബാസ് എന്നിവര്‍ പങ്കെടുത്തു. സീറോ മലബാര്‍ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്ററും ഫരീദാബാദ് രൂപതയും സംയുക്തമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
ഇന്നു രാവിലെ ദ്വാരക ഡിഡിഎ ഗ്രൌണ്ടില്‍ പ്രേഷിതവര്‍ഷാചരണത്തിന്റെ സമാപനച്ചടങ്ങുകള്‍ നടക്കും. രാവിലെ പത്തിനു മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ സമൂഹബലി. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് മുഖ്യാതിഥിയാകും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിക്കും. വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോറെ പെനാക്കിയോ, ഫരീദാബാദ് ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ബിഷപ്പുമാര്‍, രാഷ്ട്രീയ, സാമൂഹ്യ നേതാക്കള്‍ എന്നിവര്‍ പ്രസംഗിക്കും.