വൈദിക ബ്രഹ്മചര്യം: ആശങ്കകൾ ഒഴിവാക്കണമെന്ന് വീണ്ടും വത്തിക്കാൻ കർദിനാൾ::Syro Malabar News Updates വൈദിക ബ്രഹ്മചര്യം: ആശങ്കകൾ ഒഴിവാക്കണമെന്ന് വീണ്ടും വത്തിക്കാൻ കർദിനാൾ
04-October,2019

വത്തിക്കാൻ സിറ്റി: വൈദിക ബ്രഹ്മചര്യവുമായി ബന്ധപ്പെട്ടുണ്ടായിരിക്കുന്ന ആശങ്കകൾ ഒഴിവാക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ട് കർദിനാൾ മാർക്ക് ഓലെറ്റ്. സമീപകാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി വൈദികരുടെ ബ്രഹ്മചര്യ ജീവിതത്തിൽ സംഭവിച്ച വീഴ്ചകൾ സഭയുടെ വേദനയാണ്. എന്നാൽ അതിനുള്ള പരിഹാരം വിശുദ്ധമായ ഒരു പാരമ്പര്യത്തെ നീക്കം ചെയ്യണമോ എന്ന ആലോചനയല്ല മറിച്ച്, വിശുദ്ധമായ വൈദികരെ രൂപപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുകയാണ് വേണ്ടതെന്നും ബിഷപ്പുമാർക്കുവേണ്ടിയുള്ള തിരുസംഘം തലവനും ലാറ്റിനമേരിക്കയ്ക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ കമ്മീഷൻ അധ്യക്ഷനുമായ അദ്ദേഹം പറഞ്ഞു.
 
‘ഫ്രൻഡ്‌സ് ഓഫ് ബ്രയ്ഡ് ഗ്രും: എ റിന്യുവ്ഡ് വിഷൻ ഫോർ പ്രീസ്റ്റ്‌ലി സെലിബസി’ എന്ന തന്റെ ഗ്രന്ഥത്തിന്റെ പ്രകാശനവേളയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാൻ ആമസോൺ സിനഡിന്റെ പശ്ചാത്തലത്തിലും സമീപകാലത്ത് ജർമനിയിലും മറ്റ് ചില ലത്തീൻ സഭാ സമ്മേളനങ്ങളിലും നടക്കുന്ന ചർച്ചകളിലും വൈദികബ്രഹ്മചര്യവുമായി ബന്ധപ്പെട്ട് വിവാദങ്ങളും ആശങ്കകളും സൃഷ്ടിക്കപ്പെടുന്നത് ശരിയല്ല. ഫ്രാൻസിസ് പാപ്പയുടെ ആലോചനകൾക്കും ചിന്തകൾക്കും ഉതകുന്നവയല്ല ഇവ. യഥാർത്ഥമായ ദൈവാലോചനയെ തടസപ്പെടുത്തുന്ന നടപടികൾ ഒഴിവാക്കണമെന്നും കർദിനാൾ കൂട്ടിച്ചേർത്തു.
 
നിത്യപുരോഹിതനായ ക്രിസ്തുവിനെ സ്വന്തം വ്യക്തിത്വത്തിൽ പകർത്താനും അവിടുത്തേക്കായി സമർപ്പണം ചെയ്യാനും പൗരോഹിത്യ നിയോഗാർത്ഥം വിളിക്കപ്പെടുന്നവർ നൽകുന്ന ദാനമാണ് ബ്രഹ്മചര്യം. വൈദികരുടെ കുറവു നികത്താനും ബ്രഹ്മചര്യജീവിതത്തിലെ വീഴ്ചകൾ പരിഹരിക്കാനും പെട്ടെന്നുള്ള വൈദികബ്രഹ്മചര്യത്തിന്റെ അനിവാര്യതയെ വിവാദ വിഷയമാക്കുന്നത് വിശുദ്ധമായ അപ്പസ്‌തോലിക പാരമ്പര്യത്തോടുള്ള അപരാധമാണ്.
 
കർദിനാൾ ഓലെറ്റിന്റെ വാക്കുകളെ വളരെ പ്രാധാന്യത്തോടെയാണ് ന്യൂയോർക്ക് ടൈംസ് (ഒക്ടോബർ രണ്ട്) ഉൾപ്പെടെയുള്ള മുഖ്യധാരാ മാധ്യമങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. കർദിനാൾ റോബർട്ട് സേറ, റെയ്മണ്ട് ബുർക്ക്, ജെർഹാദ്‌ മുള്ളർ തുടങ്ങിയവർ ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഈ വിഷയവുമായ് ബന്ധപ്പെട്ട് പാൻ ആമസോൺ ചർച്ചകളെ വിമർശനപരമായി വിശ്വാസീസമൂഹത്തിനു മുമ്പിൽ അവതരിപ്പിച്ചിരുന്നു. സെപ്തംബർ 28ന് പാപ്പ എമരിത്തൂസ് ബനഡിക്ട് 16-ാമന്റെ പൂർവ വിദ്യാർത്ഥികൾ ഒരുമിച്ചുകൂടിയപ്പോഴും ഇതേ വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
 
ഫ്രാൻസിസ് പാപ്പയുടെ ഉപദേശകൻ എന്ന നിലയിലും ആമസോൺ സിനഡിന്റെ അംഗമെന്ന നിലയിലും കർദിനാൾ ഓലെറ്റിന്റെ വാക്കുകൾ കൂടുതൽ മൂർച്ചയേറിയതാണ്. ആമസോണിന്റെ പ്രത്യേക സാഹചര്യങ്ങളും പ്രാദേശിക യാഥാർത്ഥ്യങ്ങളും സങ്കീർണമായ സാംസ്‌ക്കാരിക സവിശേഷതകളും കണക്കിലെടുത്ത് കാര്യക്ഷമമായ അജപാലന സംവിധാനങ്ങൾ ലഭ്യമാക്കാൻ കാര്യമായി പ്രാർത്ഥിക്കേണ്ടതുണ്ട്. അതേസമയം, അത് ഒരു ദൈവിക സംവിധാനത്തിന്റെ വിശുദ്ധമായ മുന്നേറ്റത്തെ കളങ്കപ്പെടുത്തുകയുമരുത്.

Source: sundaysalom.com

Attachments
Back to Top

Never miss an update from Syro-Malabar Church