ദുബായ്: ഓരോ മനുഷ്യനും അപരനുവേണ്ടി സൃഷ്ടിക്കപ്പെട്ടവനാണെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. കത്തോലിക്ക കോണ്ഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ ദുബായിൽ സംഘടിപ്പിച്ച പ്രഥമ ആഗോള സമ്മേളനത്തിൽ ദീപം തെളിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കത്തോലിക്ക കോണ്ഗ്രസ് സഭയിലും സമൂഹത്തിലും ജനങ്ങളുടെ എല്ലാ ജീവിത മേഖലകളിലും സമർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കണം. കൃഷി, ബിസിനസ്, രാഷ്ട്രീയം, വിദ്യാഭ്യാസം ഇങ്ങനെ എല്ലാ രംഗങ്ങളിലും സേവനനിരതരാകണം. കത്തോലിക്ക കോണ്ഗ്രസ് സഭയുടെ സാമൂഹ്യ മുഖമാണു ലോകത്തിനു വെളിവാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കത്തോലിക്ക കോണ്ഗ്രസിലൂടെ സമൂഹത്തിന്റെ പൂർണ സംരക്ഷണത്തിനായി പദ്ധതികൾ ആരംഭിക്കുക എന്നതാണ് ഗ്ലോബൽ മീറ്റിന്റെ മുഖ്യ ലക്ഷ്യമെന്ന് അധ്യക്ഷത വഹിച്ച ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം പറഞ്ഞു. ക്രിസ്തുവിൽ എല്ലാ വിശ്വാസികളും ഒരേ സാഹോദര്യമാണ് അനുഭവിക്കുന്നതെന്ന് ഉദ്ഘാടന സന്ദേശം നൽകിയ യുഎഇ ബിഷപ് പോൾ ഹിൻഡർ പ്രസ്താവിച്ചു.
സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. ബിഷപ് ലെഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ആമുഖ പ്രഭാഷണം നടത്തി. രാമനാഥപുരം ബിഷപ് മാർ പോൾ ആലപ്പാട്ട്, ബെന്നി പുളിക്കക്കര, അഡ്വ. ടോണി പുഞ്ചക്കുന്നേൽ, സോണി മനോജ് എന്നിവർ സംസാരിച്ചു.
സമൂഹത്തിന്റെ ശാക്തീകരണം എന്ന വിഷയത്തിൽ ഇസാഫ് ചെയർമാൻ പോൾ തോമസ് മുഖ്യപ്രഭാഷണം നടത്തി. പി.ജെ. ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ച യോഗം തലശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോർജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്തു. തോമസ് ചാഴികാടൻ എംപി, രാഷ്ട്ര ദീപിക ലിമിറ്റഡ് എംഡി ഫാ. മാത്യു ചന്ദ്രൻകുന്നേൽ, ജോണിക്കുട്ടി തോമസ്, സിജിൽ പാലക്കലോടി, മുൻ എംപി പി.സി. തോമസ്, ബെന്നി ആന്റണി, റോയി വർഗീസ് ചാക്കോ എന്നിവർ പ്രസംഗിച്ചു.