ആണവസാങ്കേതികത ജീവിത മൂല്യങ്ങള്‍ക്ക് ഇണങ്ങണം::Syro Malabar News Updates ആണവസാങ്കേതികത ജീവിത മൂല്യങ്ങള്‍ക്ക് ഇണങ്ങണം
18-September,2019

ആണവശക്തിയുടെ ഉപയോഗം സംബന്ധിച്ച വിയന്ന രാജ്യാന്തര സംഗമത്തില്‍ വത്തിക്കാന്‍റെ പ്രതിനിധി, ആര്‍ച്ചുബിഷപ്പ് പോള്‍ ഗ്യാലഹര്‍
 
ആണവശക്തിയുടെ ഉപയോഗവും, സുസ്ഥിതി വികസന പദ്ധതിയും.
 
ആണവശക്തിയുടെ ഉപയോഗം യുഎന്‍ ആഗോള സുസ്ഥിതി വികസന പദ്ധതിയില്‍ ഉള്‍ച്ചേരുന്നതായിരിക്കണമെന്ന്, വത്തിക്കാന്‍റെ വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് പോള്‍ ഗ്യാലഹര്‍ പ്രസ്താവിച്ചു. വിയെന്നയിലെ യുഎന്‍ കേന്ദ്രത്തില്‍ ചേര്‍ന്ന രാജ്യാന്തര ആണവോര്‍ജ്ജ പ്രവര്‍ത്തക സംഘത്തിന്‍റെ (International Conference of Atomic Energy Agency) 63-Ɔമത് സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണ് ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ വത്തിക്കാന്‍റെ നിലപാട് വ്യക്തമാക്കിയത്. ആണവോര്‍ജ്ജം ചെറുതോ വലുതോ ആവട്ടെ, ഏത് അളവിലും എവിടെല്ലാം ഉല്പാദിപ്പിക്കപ്പെടുന്നുണ്ടോ അത് മനുഷ്യന്‍റെ വളര്‍ച്ചയ്ക്കും വികസനത്തിനും ഉപകരിക്കുന്ന വിധത്തിലായിരിക്കമെന്ന യുഎന്‍ നിലപാടിനോട് വത്തിക്കാന്‍ ചേര്‍ന്നു നില്ക്കുന്നതായി ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ യുഎന്‍ സമ്മേളനത്തെ അറിയിച്ചു.
 
ആണവോര്‍ജ്ജം വികസനത്തിനായി ഉപയോഗിക്കണം.
 
രാജ്യാന്തര ആണവോര്‍ജ്ജ സംഘടന (IAEA) വിഭാവനം ചെയ്തിരിക്കുന്നതുപോലെ മാനവികതയുടെ വികസന പദ്ധതികള്‍ക്കും സമഗ്രവികസനത്തിനുംവേണ്ടി മാത്രമേ ആണവോര്‍ജ്ജം ഉപയോഗിക്കാന്‍ പാടുള്ളൂ. മനുഷ്യന്‍റെ ആരോഗ്യം, ജലവും പരിസ്ഥിതിയും, കാലാവസ്ഥ വ്യതിയാനം, ഭക്ഷ്യസുരക്ഷ, ദാരിദ്ര്യനിര്‍മ്മാജ്ജനത്തിന് സഹായകമാകുന്ന മെച്ചപ്പെട്ട കാര്‍ഷികമേഖല എന്നീ തലങ്ങളെ തുണയ്ക്കുന്നതായിരിക്കണം ആണവോര്‍ജ്ജത്തിന്‍റെ ഉപയോഗമെന്ന് ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ അഭിപ്രായപ്പെട്ടു. ആണവോര്‍ജ്ജത്തിന്‍റെ ഉല്പാദനം അപരിഹാര്യമായ പ്രതിസന്ധികള്‍ പൊതുഭവനമായ ഭൂമിയില്‍ സൃഷ്ടിക്കുന്നുണ്ടെങ്കില്‍, സാങ്കേതിക-സാമ്പത്തിക നേട്ടങ്ങള്‍ക്കായുള്ള ആണവവികസന പദ്ധതികള്‍ രാഷ്ട്രങ്ങള്‍ ഉപേക്ഷിക്കേണ്ടതാണെന്ന് ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ സമ്മേളനത്തോട് അഭ്യര്‍ത്ഥിച്ചു.
 
ആണവസാങ്കേതികത മനസാക്ഷിക്ക് ഇണങ്ങണം.
 
സാമൂഹ്യപുരോഗതി ലക്ഷ്യമാക്കാത്ത ഒരു ആണവ സാങ്കേതികതയും ക്രിയാത്മകമായി കാണരുതെന്നും, പൊതുനന്മ ലക്ഷ്യമാക്കുന്നുണ്ടെങ്കില്‍ അതില്‍ ഭൂമുഖത്തെ ഓരോ സ്ത്രീ പുരുഷന്മാരുടെ സമഗ്രപുരോഗതി ലക്ഷ്യംവയ്ക്കുന്നതായിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാനവകുലത്തിന്‍റെ സുസ്ഥിതിക്കും ഭാവിനിലനില്പിനുമായി ശാസ്ത്രലോകവും വിശ്വാസ ലോകവും തമ്മിലുള്ള സഹകരണവും സംവാദവും അനിവാര്യമാണെന്ന് 2012-ല്‍ മുന്‍പാപ്പാ ബെനഡിക്ട് 16-Ɔമന്‍ ഉദ്ബോധിപ്പിച്ചിട്ടുണ്ട്. അതുപോലെ മാനവരാശിയുടെ വന്‍ശാസ്ത്ര പുരോഗതിയും സാങ്കേതിക വികസനങ്ങളും മനുഷ്യന്‍റെ മനസാക്ഷിക്കും ജീവിതമൂല്യങ്ങള്‍ക്കും ഇണങ്ങുന്നതായിരിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസും പ്രസ്താവിച്ചിട്ടുള്ളത് ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ സമ്മേളനത്തെ അനുസ്മരിപ്പിച്ചു.

Source: vaticannews

Attachments
Back to Top

Never miss an update from Syro-Malabar Church