തടവറകളില്‍ സേവനം ചെയ്യുവര്‍ പ്രത്യാശയുടെ പരിപോഷകരാകണം!::Syro Malabar News Updates തടവറകളില്‍ സേവനം ചെയ്യുവര്‍ പ്രത്യാശയുടെ പരിപോഷകരാകണം!
15-September,2019

കാരഗൃഹങ്ങളില്‍ മാനവാന്തസ്സിനു ചേര്‍ന്ന ജീവിതസാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടേണ്ടതിന്‍റെ അനിവാര്യത പാപ്പാ ചുണ്ടിക്കാട്ടുന്നു.
 
നീതിയുടെയും പ്രത്യാശയുടെയും നെയ്ത്തുകാരാകാന്‍ കാരാഗൃഹവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ അനുഷ്ഠിക്കുന്നവര്‍ക്കാകുമെന്ന് മാര്‍പ്പാപ്പാ.
 
ഇറ്റലിയിലെ തടവറകളുടെ ചുമതലവഹിക്കുന്നവരും സുരക്ഷാപോലീസുകാരും മറ്റു പ്രവര്‍ത്തകരും തടവറപ്രേഷിതത്വം നടത്തുന്നവരും കുട്ടികള്‍ക്കായുള്ള കാരാഗൃഹങ്ങളുടെ ചുമതലവഹിക്കുന്നവരുമുള്‍പ്പടെയുള്ള പതിനൊരായിരത്തോളം പേരെ ശനിയാഴ്ച (14/09/19) വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ വച്ച് സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.
 
തടവറകളുടെ കാവല്‍ക്കാര്‍ സുരക്ഷാപ്രവര്‍ത്തകര്‍ ആയിരിക്കുന്നതിലുപരി, തിന്മകളുടെ വലയില്‍ കുടുങ്ങിയവരുടെ ചാരത്തായിരിക്കുകയും അങ്ങനെ ഭാവിയുടെ ശില്പിക്ളായിത്തീരുകയും ചെയ്യണമെന്ന് പാപ്പാ പ്രചോദനം പകര്‍ന്നു.
 
തടവറകള്‍ക്കും പൗരസമൂഹത്തിനുമിടയില്‍ സേതുബന്ധം തീര്‍ക്കാന്‍ വിളിക്കപ്പെട്ടവരാണ് അവര്‍ എന്ന് പാപ്പാ ഓര്‍മ്മപ്പെടുത്തി.
 
കാരഗൃഹങ്ങളില്‍ മാനവാന്തസ്സിനു ചേര്‍ന്ന ജീവിതസാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടേണ്ടതിന്‍റെ അനിവാര്യതയും പാപ്പാ ചുണ്ടിക്കാട്ടി. അല്ലാത്ത പക്ഷം തടവറകള്‍ വീണ്ടെടുക്കലിന്‍റെ ഇടത്തിനുപകരം രോഷത്തിന്‍റെ ധൂളിപേടകങ്ങളായി ഭവിക്കുമെന്നു പാപ്പാ മുന്നറിയിപ്പു നല്കി.
 
തടവറപ്രേഷിതരായ അജപാലകരെയും സന്ന്യാസിസന്യാസിനിളെയും സന്നദ്ധസേവകരെയും പ്രത്യേകം സംബോധന ചെയ്ത പാപ്പാ ദൈവികമായ ക്ഷമയുടെ വിശ്വാസയോഗ്യരായ സാക്ഷികളാകാന്‍ ആഹ്വാനം ചെയ്തു.
 
തടവുകാരെയും അനുസ്മരിച്ച പാപ്പാ അവര്‍ക്ക് ധൈര്യം പകര്‍ന്നു.
 
ദൈവത്തിന്‍റെ ഹൃദയത്തില്‍ വിലപ്പെട്ടവരാണ് അവരെന്നും അവരില്‍ വിസ്മയങ്ങള്‍ തീര്‍ക്കാന്‍ ആഗ്രഹിക്കുന്ന ദൈവത്തിന്‍റെ തിരുമുമ്പില്‍ അവര്‍ക്ക് പ്രാധാന്യം ഉണ്ടെന്നും പാപ്പാ പറഞ്ഞു.
 
പ്രത്യാശാരഹിതമായ ഒരു ഹൃദയത്തിന്‍റെ ഇരുളടഞ്ഞ അറയില്‍ കുടുങ്ങിക്കിടക്കരുതെന്നും പരാജയങ്ങള്‍ക്ക് അടിമകളാകരുതെന്നും പാപ്പാ തടവുകാരെ ഓര്‍മ്മിപ്പിച്ചു.
 
കാരാഗൃഹങ്ങളില്‍ സേവനമനുഷ്ഠിക്കുന്നവര്‍ പ്രത്യാശയുടെ അവകാശത്തിന്‍റെയും പുനരധിവാസത്തിനുള്ള അവകാശത്തിന്‍റെയും സാക്ഷികളാണെന്നും പാപ്പാ ശ്ലാഘിച്ചു.

Source: vaticannews.va

Attachments
Back to Top

Never miss an update from Syro-Malabar Church