സമര്‍പ്പിതര്‍:ദൈവസാന്നിധ്യം തിരിച്ചറിയുന്നവര്‍::Syro Malabar News Updates സമര്‍പ്പിതര്‍:ദൈവസാന്നിധ്യം തിരിച്ചറിയുന്നവര്‍
11-September,2019

 
സമര്‍പ്പിതന്‍ അല്ലെങ്കില്‍ സമര്‍പ്പിത, കാര്‍ത്താവിന്‍റെ ഹൃദയത്തിലും ജനത്തിന്‍റെ ഹൃദയത്തിലും ആയിരിക്കാന്‍ പഠിച്ചവ്യക്തിയാണ്, ഫ്രാന്‍സീസ് പാപ്പാ
 
 
മഡഗാസ്കറിന്‍റെ തലസ്ഥാന പട്ടണമായ അന്തനനാറിവൊയിലുള്ള അമ്പരീപെ പ്രദേശത്ത്, വിശുദ്ധ മിഖേലിന്‍റെ നാമത്തിലുള്ള കോളേജില്‍ വച്ച് ഞായറാഴ്ച (08/09/19) ഫ്രാന്‍സീസ് പാപ്പാ വൈദികരും സന്ന്യാസിസന്ന്യാസിനികളും വൈദിക വിദ്യാര്‍ത്ഥികളുമൊത്തു കൂടിക്കാഴ്ച നടത്തുകയും  അവരെ സംബോധന ചെയ്യുകയും ചെയ്തു.
 
ആരോഗ്യപരമായ കാരണങ്ങളാലൊ, പ്രായാധിക്യം മൂലമൊ, മറ്റെന്തെങ്കിലും അസൗകര്യത്താലൊ കൂടിക്കാഴ്ചയ്ക്കെത്താന്‍ കഴിയാത്ത വൈദികരെയും സന്ന്യാസിസന്ന്യാസിനികളെയും പ്രത്യേകം അനുസ്മരിക്കുകയും അവര്‍ക്കായി മൗനപ്രാര്‍ത്ഥന നടത്താന്‍ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തുകൊണ്ടാണ് ഫ്രാന്‍സിസ് പാപ്പാ തന്‍റെ പ്രഭാഷണം ആരംഭിച്ചത്.
 
ജനങ്ങളുടെ ചാരെ ആയിരിക്കുന്ന സഭ
 
ജനങ്ങളുടെ ഏറ്റവുമടുത്തായിരിക്കാന്‍ സദാ ശ്രമിക്കുന്ന ഒരു സഭയാണ് മഢഗാസ്ക്കറിലെ സഭയെന്ന് പാപ്പാ ശ്ലാഘിച്ചു. ഈ സഭ ജനങ്ങളില്‍ നിന്ന് അകന്നു നില്ക്കുകയല്ല പ്രത്യുത ദൈവജനത്തിനൊപ്പം സഞ്ചരിക്കുകയാണ് ചെയ്യുന്നതെന്നു പാപ്പാ പറഞ്ഞു.
 
മഢഗാസ്ക്കറിലെ പ്രേഷിതര്‍
 
അന്നാട്ടില്‍ പ്രേഷിതപ്രവര്‍ത്തനത്തിന്‍റെ വേരുകളായിത്തീര്‍ന്ന വിവിധ സമൂഹങ്ങളെ, ലാസറിസ്റ്റ് സമൂഹം, ഈശോസഭ, ക്ലൂണിയിലെ വിശുദ്ധ യൗസേപ്പിന്‍റെ സഹോദരികള്‍, ക്രിസ്റ്റ്യന്‍ ബ്രദേഴ്സ് സമൂഹം, സലേത്തെ പ്രേഷിതര്‍ തുടങ്ങിയ പ്രേഷിതസമൂഹങ്ങളെയും മെത്രാന്മാരും വൈദികരും സമര്‍പ്പിതരും അല്മായരുമായ നിരവധി പ്രേഷിതരെയും പാപ്പാ പ്രത്യേകം അനുസ്മരിച്ചു.
 
അത്മായവിശ്വാസികളുടെ വീരോചിത വിശ്വാസം
 
മതപീഢന കാലത്ത് സന്ന്യാസിസന്ന്യാസിനികള്‍ രാജ്യം വിട്ടു പോകേണ്ടിവന്നപ്പോള്‍  അന്നാട്ടില്‍ വിശ്വാസദീപം അണയാതെ നിലനിറുത്തിയ നിരവധിയായ അല്മായ വിശ്വാസികളെക്കുറിച്ചും പാപ്പാ പ്രത്യേകം പരാമര്‍ശിച്ചു. ഇതു നമ്മുടെ മാമ്മോദീസായെ, പ്രഥമവും പ്രധാനവുമായ കൂദാശയെ അനുസ്മരിക്കാന്‍ നമ്മെ ക്ഷണിക്കുകയാണെന്ന് പാപ്പാ പറഞ്ഞു.
 
സുവിശേഷപ്രഘോഷണ വെല്ലുവിളി
 
ഇന്ന് മഢഗാസ്ക്കറിലുള്ള വൈദികരും സമര്‍‍പ്പിതജീവിതം നയിക്കുന്നവരുമായ എല്ലാവരും അന്നാടിന്‍റെ എല്ലാ കോണുകളിലും സുവിശേഷദീപ്തി പരത്തുകയെന്ന വെല്ലുവിളി സ്വീകരിച്ചവരാണെന്നും അതിനു ധൈര്യം കാണിച്ചവരാണെന്നും പാപ്പാ ശ്ലാഘിച്ചു.
 
വെള്ളം, വൈദ്യുതി, പാതകള്‍, വിനിമയ മാദ്ധ്യമങ്ങള്‍ സാമ്പത്തിക വിഭവങ്ങള്‍ തുടങ്ങിയവയുടെ അഭാവത്താല്‍ ബുദ്ധിമുട്ടുകള്‍ നിറഞ്ഞ അവസ്ഥയിലൂടെ കടന്നുപോകുന്നവരാണ് ഈ പ്രേഷിതരില്‍ മിക്കവരും എന്നും ഈയൊരവസ്ഥയിലും സ്വന്തം ജനത്തിന്‍റെ ചാരെ ആയിരിക്കാന്‍, അവരോടുകൂടെ ആയിരിക്കാന്‍ തിരുമാനിച്ചവരാണ് അവരെന്നും പാപ്പാ അനുസ്മരിച്ചു.
 
സമര്‍പ്പിതജീവിതം നയിക്കുന്നവര്‍
 
സമര്‍പ്പിതന്‍ അല്ലെങ്കില്‍ സമര്‍പ്പിത, കാര്‍ത്താവിന്‍റെ ഹൃദയത്തിലും ജനത്തിന്‍റെ  ഹൃദയത്തിലും ആയിരിക്കാന്‍ പഠിച്ചവ്യക്തിയാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
 
എന്നാല്‍ ലൗകിക നേട്ടങ്ങളെയൊ പരാജയങ്ങളെയൊ, നമ്മുടെ പ്രവര്‍ത്തനങ്ങളുടെ പ്രയോജനത്തെയൊ സ്വാധീനശക്തിയെയൊ അധികരിച്ച് മണിക്കൂറുകള്‍ സംസാരിക്കാനുള്ള പ്രലോഭനത്തില്‍ വീഴുന്ന അപകടത്തെക്കുറിച്ചു പാപ്പാ മുന്നറിയിപ്പു നല്കി.
 
യേശു 72 ശിഷ്യരെ പ്രേഷിത ദൗത്യത്തിനായി, ഈരണ്ടു പേരാക്കി തിരിച്ച്  അയക്കുന്നതും അവരെല്ലാവരും സന്തോഷഭരിതരായി തിരിച്ചെത്തുന്നതുമായ സുവിശേഷഭാഗത്തെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് പാപ്പാ, യേശുനാഥന്‍ ആ വേളയില്‍ സ്വര്‍ഗ്ഗീയ പിതാവിനെ സ്തുതിക്കുകയാണ് ആദ്യം ചെയ്യുന്നതെന്നും  ഇതു സൂചിപ്പിക്കുന്നത് വൈദികരുടെയും സമര്‍പ്പിതരുടെയും വിളിയുടെ മൗലിക മാനത്തെയാണെന്നും ഓര്‍മ്മിപ്പിച്ചു. 
 
ദൈവസ്തുതിപ്പിന്‍റെ  മനുഷ്യര്‍
 
വൈദികരും സമര്‍പ്പിതജീവിതം നയിക്കുന്നവരും സ്തുതിയുടെ മനുഷ്യരാണെന്ന് പാപ്പാ പറഞ്ഞു. 
 
താന്‍ എവിടെ ആയിരുന്നാലും അവിടെ ദൈവത്തിന്‍റെ സാന്നിധ്യം തിരിച്ചറിയാനും കാണിച്ചുകൊടുക്കാനും കഴിയുന്ന വ്യക്തിയാണ് സമര്‍പ്പിതന്‍ അല്ലെങ്കില്‍ സമര്‍പ്പിത എന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.   

Source: vaticannews.va

Attachments
Back to Top

Never miss an update from Syro-Malabar Church