എട്ടുനോമ്പ് തിരുന്നാളും വനിതാ ധ്യാനവും ::Syro Malabar News Updates എട്ടുനോമ്പ് തിരുന്നാളും വനിതാ ധ്യാനവും
11-September,2019

സിംഗപ്പൂർ: സീറോ-മലബാർ കാത്തലിക് സിംഗപ്പൂർ (SMCS) കമ്മ്യൂണിറ്റിയൂടെ നേതൃത്വത്തിൽ വനിതകൾക്കായി ദ്വിദിന ധ്യാനവും തുടർന്ന് മർത്ത് മറിയത്തിന്റെ പിറവിത്തിരുന്നാളും (എട്ടുനോമ്പ് തിരുന്നാൾ) വിപുലമായ രീതിയിൽ സെപ്റ്റംബർ 7, 8 തീയതികളിൽ വുഡ്ലാൻസിലുള്ള സെയ്ന്റ് ആന്റണീസ് ദൈവാലയത്തിൽ നടത്തെപ്പെട്ടു. 
പരിഷ്‌കൃതരെന്നു നമ്മൾ സ്വയം അവകാശപ്പെടുമ്പോഴും മാറിയ സാംസ്കാരിക പശ്ചാത്തലത്തിലും, തിരക്കുപിടിച്ചതും സങ്കീർണവുമായ മെട്രോ-കോസ്മോപോളിറ്റൻ നഗര ജീവിതത്തിന്റെ നിമ്നോന്നതങ്ങളിലൂടെ സഞ്ചരിക്കുന്ന കുടുംബങ്ങളിലെ ക്രിസ്തീയമായ മൂല്യങ്ങളും, ധാർമ്മികതയും, പാരമ്പര്യങ്ങളും നിലനിർത്തുവാനും അത് വരും തലമുറയ്ക്ക് പകർന്നു കൊടുക്കുവാനും, ആരോഗ്യകരമായ കുടുംബബന്ധങ്ങളെ പരിപോഷിപ്പിക്കുവാനും; മകൾ, ഭാര്യ, അമ്മ, സഹോദരി, കൂട്ടുകാരി, എന്നീ നിലകളിലുള്ള സ്ത്രീയുടെ ഉത്തരവാദിത്വത്തിന്റെ മഹനീയതകൾ പ്രശസ്തനായ ധ്യാനപ്രസംഗകൻ റവ. ഫാ. ജോസഫ് പുത്തൻപുരക്കൽ വിശദമായി പ്രതിപാദിച്ചു. പ്രതീക്ഷിച്ചതിലുമധികമായ പ്രതികരണമാണ് ധ്യാനത്തിനുണ്ടായത്. രണ്ട് ദിവസങ്ങളിലെ ധ്യാനം, മാതാവിന്റെ പിറവിത്തിരുന്നാളിനോടനുബന്ധിച്ചുള്ള വി. കുർബാനയോടുകൂടി സമാപിച്ചു. 
പ്രാരംഭ ദിവസം ഫാ. സാം തടത്തിൽ സ്വാഗതവും, സമാപന ദിവസം SMCS പ്രസിഡന്റ് ഡോ. റോയ് ജോസഫ് നന്ദിയും പറഞ്ഞു. ധ്യാനത്തോടനുബന്ധിച്ചു സീറോ-മലബാർ കാത്തലിക് സിംഗപ്പൂർ (SMCS) വനിതാ വിഭാഗത്തിന്റെ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഇതുമൂലം കൂടുതൽ സ്ത്രീ-പ്രാതിനിധ്യം ഉണ്ടാകും. SMCS വൈസ് പ്രസിഡന്റ് ശ്രീമതി വിനീത തോമസ് പരിപാടികൾക്ക്  നേതൃത്വം നൽകി.

Source: smcim

Attachments
Back to Top

Never miss an update from Syro-Malabar Church