ഡബ്ലിൻ: പരിശുദ്ധ കന്യാമറിയത്തിന്റെയും മാർതോമാ ശ്ലീഹായുടെയും സീറോ മലബാർ സഭയിലെ സകല വിശുദ്ധരുടെയും സംയുക്ത തിരുനാൾ സെപ്തംബർ ഒന്നിന് ഇഞ്ചികോർ മേരി ഇമ്മാകുലേറ്റ് ദൈവാലയത്തിൽ ഡബ്ലിൻ സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ നടക്കും. ഇതോടനുബന്ധിച്ച്, ഡബ്ലിൻ സീറോ മലബാർ സഭയുടെ കുർബാന സെന്ററുകളിൽ ഈ വർഷം ആദ്യകുർബാന സ്വീകരണം നടത്തിയ കുട്ടികളും പങ്കെടുക്കുന്ന ‘ഏഞ്ചൽസ് മീറ്റും’ സംഘടിപ്പിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 31 വൈകിട്ട് 6:30ന് ദിവ്യബലി, കൊടിയേറ്റ്, ലദീഞ്ഞ് എന്നിവയോടെ തിരുനാളിന് തുടക്കം കുറിക്കും. സെപ്തംബർ ഒന്ന് ഉച്ചകഴിഞ്ഞ് 2.00ന് ഈ ൻ്രഷം ആദ്യ കുർബാന സ്വീകരിച്ച കുട്ടികളുടെ മദ്ബാഹ പ്രദക്ഷിണത്തോടുകൂടി തിരുനാൾ കർമങ്ങൾ ആരംഭിക്കും. തുടർന്ന് ആഘോഷമായ സമൂഹബലി, ലദീഞ്ഞ്, പ്രദക്ഷിണം, നേർച്ച വിതരണം, കൊടിയിറക്ക് എന്നിവ ഉണ്ടായിരിക്കും. ഡബ്ലിൻ സീറോ മലബാർ സഭ ചാപ്ലൈന്മാരായ ഫാ. ക്ലമന്റ് പാടത്തിപ്പറമ്പിൽ, ഫാ. രാജേഷ് മെച്ചിറാകത്ത്, ഫാ. റോയ് വട്ടക്കാട്ട് എന്നിവരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ.