ഒരു പുതിയ മിഷനറി മുന്നേറ്റത്തിന്റെ നൂറ്റാണ്ടിനു തുടക്കമായി…::Syro Malabar News Updates ഒരു പുതിയ മിഷനറി മുന്നേറ്റത്തിന്റെ നൂറ്റാണ്ടിനു തുടക്കമായി…
27-August,2019

അസാധാരണ പ്രേഷിതമാസത്തോടനുബന്ധിച്ച്  കെസിബിസി പുറപ്പെടുവിക്കുന്ന സര്‍ക്കുലര്‍
 
2019 ഒക്‌ടോബര്‍ മാസം അസാധാരണ പ്രേഷിതമാസമായി (Eximius Missionis Mensis) പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പാ പ്രഖ്യാപിച്ചിരിക്കുകയാണ്. ”ജ്ഞാനസ്‌നാനപ്പെട്ട് അയയ്ക്കപ്പെട്ടവര്‍: പ്രേഷിതദൗത്യവുമായി ക്രിസ്തുവിന്റെ സഭ ലോകത്തില്‍” (Baptized and Sent: The Church of Christ on Mission in the World) എന്നതാണ് ഈ മാസത്തിന്റെ വിചിന്തനവിഷയമായി തിരുസഭ നല്കിയിട്ടുള്ളത്. 1919-ല്‍ ബെനഡിക്ട് 15-ാമന്‍ പാപ്പാ പ്രസിദ്ധീകരിച്ച മാക്‌സിമൂം ഇല്ലൂദ് (”ഏറ്റവും വലിയ ആ കാര്യം”) എന്ന പ്രേഷിതദൗത്യത്തെക്കുറിച്ചുള്ള ചാക്രികലേഖനത്തിന്റെ ശതാബ്ദിയോടനുബന്ധിച്ചാണ് ഇപ്രകാരമൊരു പ്രഖ്യാപനം ഫ്രാന്‍സിസ് പാപ്പാ നടത്തിയിട്ടുള്ളത്.
 
ഒന്നാം ലോകമഹായുദ്ധത്തിന്റെ ഭീകരമായ കെടുതികളില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്ക്കാന്‍ ലോകജനതയെ സഹായിക്കാനുള്ള സഭയുടെ ദൗത്യം തിരിച്ചറിഞ്ഞാണ് ബെനഡിക്ട് 15-ാമന്‍ പാപ്പാ തന്റെ അപ്പസ്‌തോലിക ലേഖനത്തിലൂടെ സഭയുടെ പ്രേഷിതദൗത്യത്തിന് പുതിയൊരു മുഖവും നവചൈതന്യവും നല്കാന്‍ ശ്രമിച്ചത്. അദ്ദേഹം ഇപ്രകാരം ആഹ്വാനം ചെയ്യുന്നു: ”കാരുണ്യവാനായ ദൈവത്തിന്റെ ഒരു പ്രത്യേക അനുഗ്രഹം മൂലം സത്യവിശ്വാസം ലഭിക്കുകയും അതിന്റെ നിരവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുകയും ചെയ്യുന്നവര്‍, മിഷന്‍ വേലകളെ സഹായിക്കുക പരിശുദ്ധമായ ഒരു കടമയാണെന്ന് അവഗാഢം ചിന്തിക്കട്ടെ. എന്തുകൊണ്ടെന്നാല്‍ സ്വന്തം സഹോദരങ്ങളെ സംബന്ധിക്കുന്ന ഒരു പ്രമാണം ദൈവം എല്ലാവര്‍ക്കുമായി നല്കിയിരിക്കുന്നു.” കൊളോണിയലിസത്തിന്റെ തേര്‍വാഴ്ചകളില്‍ തമസ്‌കരിക്കപ്പെട്ട ദൈവവിശ്വാസവും മാനവികതയും സുവിശേഷവെളിച്ചത്തില്‍ പുനഃസ്ഥാപിക്കാന്‍ സുവിശേഷവത്കരണം മാത്രമാണ് ഏകമാര്‍ഗമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ഈ പ്രബോധനത്തിന്റെ വെളിച്ചത്തില്‍ അക്കാലത്ത് തിരുസഭ നടത്തിയ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്.
 
”തീര്‍ത്ഥാടക സഭ സ്വഭാവത്താല്‍തന്നെ പ്രേഷിതയാണ്. കാരണം അവള്‍ പിതാവായ ദൈവത്തിന്റെ നിശ്ചയമനുസരിച്ച് പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും പ്രേഷണത്തില്‍ നിന്നാണ് ജന്മമെടുക്കുന്നത്” (AG 2). ”ആകയാല്‍ നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജഞാനസ്‌നാനം നല്കുവിന്‍” (മത്താ 28:19-20) എന്ന യേശുക്രിസ്തുവിന്റെ ആഹ്വാനമാണ് സഭയുടെ പ്രേഷിതദൗത്യത്തിന് അടിസ്ഥാനം. ക്രിസ്തു തന്റെ സഭയെ ഏല്പിച്ച ഈ ദൗത്യം ക്രിസ്തുവിന്റെതന്നെ ദൗത്യത്തിന്റെ തുടര്‍ച്ചയാണ്. ”പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു” (യോഹ 20:21) എന്നാണ് യേശു തന്റെ ശിഷ്യരോടു പറഞ്ഞത്.
 
ദിവ്യഗുരുവിന്റെ ആഹ്വാനം സ്വീകരിച്ച അപ്പോസ്‌തോലന്‍മാരും ഇതര ശിഷ്യരും അന്ന് അറിയപ്പെട്ടിരുന്ന ലോകത്തിലെല്ലായിടത്തും ആ സ്‌നേഹസന്ദേശം എത്തിക്കാന്‍ ത്യാഗപൂര്‍വ്വം കടന്നുചെന്നു. എന്നാല്‍ പ്രേഷിതപ്രവര്‍ത്തനം അക്കാലത്തും എളുപ്പമായിരുന്നില്ലെന്ന് ചരിത്രം സാക്ഷ്യം നല്കുന്നു. ക്രിസ്തുശിഷ്യര്‍ ധാരാളം എതിര്‍പ്പുകള്‍ നേരിടുകയും മര്‍ദ്ദനങ്ങളും പീഡനങ്ങളും സഹിക്കുകയും അനേകര്‍ സ്വജീവന്‍ ബലിയായി അര്‍പ്പിക്കുകയും ചെയ്യേണ്ടിവന്നു. വിശുദ്ധ പൗലോസ്അപ്പോസ്തലന്‍ ഏഷ്യമൈനര്‍, ഗ്രീസ്, ടര്‍ക്കി തുടങ്ങിയ ദേശങ്ങളിലെല്ലാം ചുറ്റിസഞ്ചരിച്ച് സുവിശേഷം പ്രചരിപ്പിച്ചു. അക്കാലത്ത് സഭാംഗങ്ങള്‍ക്കിടയിലുണ്ടായിരുന്ന വഴക്കുകള്‍ തീര്‍ക്കുന്നതിനും അവരുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും വിശ്വാസത്തില്‍ അവരെ ഉറപ്പിക്കുന്നതിനും വേണ്ടി അദ്ദേഹം സുദീര്‍ഘങ്ങളായ ലേഖനങ്ങള്‍ എഴുതി.
 
പ്രഥമ പ്രേഷിതരായ അപ്പോസ്തലന്മാരുടെ പിന്‍ഗാമികളായ മെത്രാന്മാരോടു ചേര്‍ന്ന് ദൈവജനം മുഴുവനിലൂടെയുമാണ് പ്രേഷിതദൗത്യം സഭയില്‍ നിര്‍വഹിക്കപ്പെടുന്നത്. പരിശുദ്ധ പിതാക്കന്മാര്‍ കാലാകാലങ്ങളില്‍ തങ്ങളുടെ പ്രബോധനങ്ങള്‍ വഴി അജഗണങ്ങളെ ഇക്കാര്യം അനുസ്മരിപ്പിച്ചുകൊണ്ടിരിക്കുന്നു. ഒമ്പതാം പീയൂസ് പാപ്പാ ഓപ്പൂസ് ദിവിനീസ്സിമും (”ഏറ്റവും മഹത്തായ ദിവ്യകര്‍മം”) എന്ന ചാക്രികലേഖനത്തില്‍ പറയുന്നതുപോലെ, ”എല്ലാ കത്തോലിക്കാ പ്രവര്‍ത്തനങ്ങളിലും വച്ച് ഏറ്റം മഹത്തും പരിശുദ്ധവുമായത് മിഷനറി പ്രവര്‍ത്തനങ്ങളാണ്. ഓരോ വിശ്വാസിക്കും താന്‍ സ്വീകരിച്ച വിശ്വാസം മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ കടമയുണ്ട്.” രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ വൈദികര്‍ക്കായുള്ള രേഖയിലും ഇക്കാര്യം ഓര്‍മ്മിപ്പിക്കുന്നുണ്ട്: ”മുഴുവന്‍ ശരീരത്തിന്റെയും ദൗത്യത്തില്‍ പങ്കുവഹിക്കാത്ത ഒരു അവയവവുമില്ല. പ്രത്യുത, ഓരോ അംഗവും സ്വഹൃദയത്തില്‍ യേശുവിനെ വാഴ്ത്താനും പ്രവചനത്തിന്റെ ആത്മാവാല്‍ അവിടത്തേക്ക് സാക്ഷ്യം വഹിക്കാനും കടപ്പെട്ടിരിക്കുന്നു” (PO 2).
 
”സുവിശേഷത്തിന്റെ ആനന്ദം” എന്ന അപ്പോസ്‌തോലികാഹ്വാനത്തില്‍ ഫ്രാന്‍സിസ് പാപ്പായും ഇക്കാര്യം ാര്‍മ്മിപ്പിക്കുന്നുണ്ട്: ”സുവിശേഷം സ്വീകരിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ആരെയും ഒഴിവാക്കാതെ സുവിശേഷം പ്രഘോഷിക്കാന്‍ ക്രൈസ്തവര്‍ക്കു കടമയുണ്ട്” (EG 14). അതുകൊണ്ട്, ”നമുക്ക് നിസ്സംഗതയോടെ പള്ളിക്കെട്ടിടങ്ങളില്‍ സ്വസ്ഥമായി കാത്തിരിക്കാന്‍ പാടില്ല” (EG 15). നവസുവിശേഷവത്കരണത്തിന്റെ മൂന്നു സുപ്രധാന മേഖലകളെക്കുറിച്ചും ഫ്രാന്‍സിസ് പാപ്പാ ഈ പ്രബോധനത്തില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്:
 
(1) സാധാരണ അജപാലനശുശ്രൂഷയുടെ മണ്ഡലം. ആരാധനാസമൂഹത്തില്‍ സ്ഥിരം പങ്കെടുക്കുന്നവരും കര്‍ത്താവിന്റെ വചനത്താലും നിത്യജീവന്റെ അപ്പത്താലും പോഷിപ്പിക്കപ്പെടാനായി ഞായറാഴ്ചകളില്‍ (കര്‍ത്താവിന്റെ ദിവസത്തില്‍) ഒന്നിച്ചുകൂടുന്നവരുമായ വിശ്വാസികള്‍ക്കുവേണ്ടിയുള്ളതാണത്.
 
(2) മാമ്മോദീസ സ്വീകരിച്ചവരും എന്നാല്‍ തദനുസൃതം ജീവിക്കാത്തവരുമായ വ്യക്തികള്‍ക്കുവേണ്ടിയുള്ള ശുശ്രൂഷ. അവര്‍ക്ക് സഭയുമായി ഹൃദ്യമായ ബന്ധമൊന്നുമില്ല. വിശ്വാസത്തിന്റെ ആനന്ദവും സുവിശേഷത്തോടുള്ള പ്രതിജ്ഞാബദ്ധതയുള്ളവരാകാനുള്ള ആഗ്രഹവും ജനിപ്പിക്കുന്ന മാനസാന്തരം ഇക്കൂട്ടരില്‍ ഉണ്ടാകാന്‍വേണ്ടിയാണത്.
 
(3) യേശുക്രിസ്തുവിനെ ഇതുവരെ അറിഞ്ഞിട്ടില്ലാത്തവരുടെ ഇടയിലുള്ള ശുശ്രൂഷ. യേശുക്രിസ്തുവിനെ അറിഞ്ഞിട്ടും അവിടുത്തെ ഉപേക്ഷിച്ചു ജിവിക്കുന്നവര്‍ക്കുവേണ്ടിയുള്ള സുവിശേഷപ്രഘോഷണവും ഇതില്‍പ്പെടുന്നു. ഇവര്‍ക്കുവേണ്ടിയുള്ള പ്രഘോഷണമാണ് പ്രഥമവും പ്രധാനവുമായുള്ള സുവിശേഷവത്കരണം.
 
അസാധാരണ പ്രേഷിതമാസത്തില്‍ ശ്രദ്ധവയ്‌ക്കേണ്ട നാലുകാര്യങ്ങളെക്കുറിച്ച് ”ജ്ഞാനസ്‌നാനപ്പെട്ട് അയയ്ക്കപ്പെട്ടവര്‍” എന്ന രേഖയില്‍ പറയുന്നുണ്ട്:
 
1. വിശുദ്ധ കുര്‍ബാന, ദൈവവചനം, വ്യക്തിപരവും സമൂഹപരവുമായ പ്രര്‍ത്ഥനകള്‍ എന്നിവയിലൂടെ സഭയില്‍ ഇന്നും ജീവിക്കുന്ന ക്രിസ്തുവിനോടുള്ള വ്യക്തിപരമായ ബന്ധത്തിലുള്ള ജീവിതം.
 
2. പ്രേഷിതരായ വിശുദ്ധരുടെയും രക്തസാക്ഷികളുടെയും വിശ്വാസപ്രഘോഷകരുടെയും ലോകമാസകലമുള്ള സാക്ഷ്യങ്ങള്‍ മാതൃകയാക്കിക്കൊണ്ടുള്ള ക്രൈസ്തവജീവിതസാക്ഷ്യം.
 
3 വിശുദ്ധഗ്രന്ഥം, മതബോധനം, ആദ്ധ്യാത്മികശാസ്ത്രം, ദൈവശാസ്ത്രം തുടങ്ങിയവയില്‍ അധിഷ്ഠിതമായ വൈദിക-സന്ന്യസ്ത-അല്മായ മേഖലകളിലുള്ള പ്രേഷിത രൂപീകരണം.
 
4. ദരിദ്രരോടും വിലപിക്കുന്നവരോടും പക്ഷം ചേര്‍ന്നുകൊണ്ട് ക്രിസ്തുസ്‌നേഹം പ്രകടമാക്കുന്ന നിസ്വാര്‍ത്ഥമായ പ്രേഷിത സ്‌നേഹവും പരിചരണവും.
 
1893-ല്‍ ലെയോ 13-ാമന്‍ പാപ്പാ പറഞ്ഞു: ”ഭാരതമേ, നിന്റെ രക്ഷ നിന്റെ സന്താനങ്ങളില്‍.” അരനൂറ്റാണ്ടു കഴിഞ്ഞപ്പോള്‍ ഇന്ത്യ വിദേശാധിപത്യത്തില്‍നിന്ന് സ്വതന്ത്രയായി. ക്രമേണ വിദേശ മിഷനറിമാരുടെ ഇന്ത്യയിലേക്കുള്ള പ്രവാഹവും തടസ്സപ്പെട്ടു. ഭാരതം മുഴുവന്റെയും സുവിശേഷവത്ക്കരണം ഇന്ന് ഭാരതത്തിന്റെ സന്താനങ്ങളായ ഓരോ വിശ്വാസിയുടെയും കടമയാണ്. മിഷനറിമാരുടെ പ്രേഷിതചൈതന്യം നമ്മളും ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു. അസാധാരണ പ്രേഷിതമാസത്തിന്റെ പ്രഖ്യാപനം അതിന് അവസരമാക്കിയെടുക്കാന്‍ നമുക്ക് പരിശ്രമിക്കാം.
 
ഈ പ്രേഷിതമാസം കാര്യക്ഷമമാക്കാന്‍ ചിലകാര്യങ്ങള്‍ നിര്‍ദ്ദേശിക്കുന്നു:
 
1. നമ്മുടെ പ്രഥമ പ്രേഷിത കൃത്യം പ്രാര്‍ത്ഥനയാണ്. പ്രേഷിതര്‍ക്കുവേണ്ടിയും പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയും എല്ലാവരും തീക്ഷ്ണതയോടെ പ്രാര്‍ത്ഥിക്കണം.
 
2. ഓരോ വിശ്വാസിയും മിഷനറിയാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നു എന്ന അവബോധം വളര്‍ത്തുന്നതിന് രൂപതാ-ഫെറോനാ-ഇടവക തലങ്ങളില്‍ സെമിനാറുകളും ക്ലാസുകളും എക്‌സിബിഷനും സംഘടിപ്പിക്കുക.
 
3. മിഷനറി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ രൂപതാതലത്തില്‍ പ്രത്യേകം പരിശീലനം സിദ്ധിച്ച ആനിമേറ്റര്‍മാരുടെ ടീമംഗങ്ങളെ ഒരുക്കുകയും അവരുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.
 
4. സ്‌നേഹത്തിന്റെയും പങ്കുവയ്പിന്റെയും പരിത്യാഗത്തിന്റെയും ശീലം അര്‍ത്ഥികളില്‍ വളര്‍ത്തുന്നതിന് ആവശ്യമായ പ്രേഷിത ബോധ്യങ്ങളുള്ള പരിശീലകരെ രൂപപ്പെടുത്തുക.
 
5. കുട്ടികള്‍, കൗമാരക്കാര്‍, യുവജനങ്ങള്‍ എന്നിങ്ങനെ തിരിച്ച് ഓരോ വിഭാഗത്തിനും ആവശ്യമായ പ്രേഷിതരൂപീകരണം നല്കുന്നതിന് സംവിധാനങ്ങള്‍ ഒരുക്കുക.
 
6. വൈദിക പരിശീലനത്തിന്റെ പ്രാരംഭദശമുതല്‍തന്നെ അര്‍ത്ഥികളില്‍ പ്രേഷിതസ്വഭാവം രൂപപ്പെടുന്നതിന് അവസരമൊരുക്കുക.
 
7. മിഷനെക്കുറിച്ചും മിഷന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചും കൂടുതല്‍ പഠിക്കാന്‍ മിഷനെക്കുറിച്ചുള്ള സഭാപ്രബോധനങ്ങള്‍ അടിസ്ഥാനമാക്കി പ്രത്യേക കോഴ്‌സുകളും പഠനശിബിരങ്ങളും സംഘടിപ്പിക്കുക. (Eg. Ad Gentes, 1965; Evangelii Nuntiandi, 1975; Redempotoris Missio, 1990; Evangelii Gaudium, 2013). പിഒസിയില്‍ നടന്നുവരുന്ന വിറ്റ്‌നസസ് ഓഫ് മേഴ്‌സി എന്ന പ്രേഷിത പരിശീലന പരിപാടിയിലേക്ക് കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കുന്നത് പ്രേഷിതാഭിമുഖ്യമുള്ള വിശ്വാസികളെ രൂപപ്പെടുത്തുന്നതിന് സഹായകമാണ്്.
 
8. രൂപതകളില്‍ മതബോധനരംഗത്ത് കൂടുതല്‍ പ്രേഷിത രൂപീകരണം ലഭിക്കത്തക്കവിധം മതാധ്യാപകര്‍ക്കായി മിഷന്‍യാത്രകള്‍ ഉള്‍പ്പെടെയുള്ള പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുകയും കുട്ടികളില്‍ പ്രേഷിത ചൈതന്യം രൂപപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.
 
9. യുവതീയുവാക്കള്‍ക്ക് മിഷന്‍ രംഗത്ത് താത്പര്യം ലഭിക്കത്തക്കവിധം യുവജനസംഘടനകളുടെ പരിശീലന പ്രവര്‍ത്തനങ്ങള്‍ പരിഷ്‌കരിക്കുക. ഇന്നത്തെ ലോകത്തിന്റെ പ്രശ്‌നങ്ങളെ മിഷന്‍ തീക്ഷ്ണതയോടെ അഭിമുഖീകരിക്കാന്‍ മറ്റാരെക്കാള്‍ യുവജനങ്ങള്‍ക്കാണല്ലോ കഴിയുക.
 
10. കേരളത്തിനു പുറത്തുള്ള മിഷന്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് മിഷനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനും പഠിക്കാനും വൈദികര്‍ക്കും സന്ന്യസ്തര്‍ക്കും അല്മായര്‍ക്കും (സംഘടനാതലത്തില്‍) അവസരങ്ങള്‍ ഒരുക്കുക.
 
11. ഏതെങ്കിലും മിഷന്‍ രൂപതയെയോ മിഷന്‍ മേഖലയെയോ പ്രത്യേകമായി തെരഞ്ഞെടുത്ത് അവരെ ആത്മീയമായും അജപാലനപരമായും സാമ്പത്തികമായും സഹായിക്കുന്നതിനും നമ്മുടെ വിഭവങ്ങള്‍ അവരുമായി പങ്കുവയ്ക്കുന്നതിനും സൗകര്യങ്ങള്‍ ഒരുക്കുക.
 
12. ”അസാധാരണ പ്രേഷിതമാസത്തിന്റെ” (2019 ഒക്‌ടോബര്‍) ഔദ്യോഗിക ഉദ്ഘാടനം രൂപതാതലത്തില്‍ നടത്തുക. ലോഗോ അടങ്ങിയ ഒരു കൊടിയോ ബാനറോ ഇടവകകള്‍തോറും പ്രദര്‍ശിപ്പിക്കുന്നത് ഉചിതമായിരിക്കും.
 
13. മിഷന്‍മേഖലകളില്‍ ദീര്‍ഘകാലം ശുശ്രൂഷ നിര്‍വഹിച്ച മിഷണറിമാരെ രൂപതാതലത്തില്‍ പ്രത്യേകമായി ആദരിക്കുന്നത് മിഷന്‍ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കും.
 
14. വൈദിക-സന്ന്യസ്ത ജീവിതത്തിലേക്ക് കടന്നുവരാന്‍ താത്പര്യമുള്ളവരെ കണ്ടെത്തി ദൈവവിളി പ്രോത്സാഹിപ്പിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ വയ്ക്കുക.
 
15. മിഷന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചും മിഷനറിമാരെക്കുറിച്ചും കൂടുതല്‍ അറിയാനും പഠിക്കാനും പ്രത്യേക അവസരങ്ങള്‍ കുടുംബ കൂട്ടായ്മകളിലും മറ്റു വേദികളിലും ഒരുക്കാവുന്നതാണ്.
 
16. പ്രാദേശികമായി നടത്താവുന്ന മിഷന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠനവും ചര്‍ച്ചകളും സംഘടിപ്പിക്കുക.
 
17. അല്മായ പ്രേഷിത സംരംഭങ്ങള്‍ക്ക് പിന്തുണയും പ്രോത്സാഹനവും നല്കി വളര്‍ത്തുക.
 
18. മിഷന്‍ ഞായറിലേക്കുള്ള വിഭവസമാഹരണം കൂടുതല്‍ ക്രിയാത്മകമായും കാര്യക്ഷമമായും നടത്തുക.
 
ഉപസംഹാരം
 
സാര്‍വത്രിക സഭയിലെ അംഗങ്ങള്‍ എന്ന നിലയില്‍ കേരളത്തിലെ സഭകള്‍ സുവിശേഷ പ്രഘോഷണരംഗത്ത് കാലാകാലങ്ങളായി സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. ഭാരതം മുഴുവനും സഭയുടെ മിഷന്‍ മേഖലയായി കണ്ടുകൊണ്ട് മൂന്നു പ്രാദേശിക സഭകളും മിഷന്‍ മേഖലയില്‍ കൈകോര്‍ക്കുന്ന ഒരു പുതിയ മിഷനറി മുന്നേറ്റത്തിന്റെ നൂറ്റാണ്ടിനു തുടക്കം കുറിക്കാന്‍ ഫ്രാന്‍സിസ് പാപ്പാ പ്രഖ്യാപിച്ചിരിക്കുന്ന ഈ അസാധാരണ പ്രേഷിതമാസത്തിന്റെ ആചരണങ്ങളും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളും സഹായകമാകട്ടെ. പ്രേഷിത പ്രവര്‍ത്തനങ്ങളെ ഫലദായകമാക്കുന്ന പരിശുദ്ധാത്മാവ് നമ്മുടെ എല്ലാ പ്രേഷിത സംരംഭങ്ങളെയും നയിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുമാറാകട്ടെ.

Source: sundayshalom

Attachments
Back to Top

Never miss an update from Syro-Malabar Church