മറിയം ത്രേസ്യാ വിശുദ്ധനിരയിലേക്കുയരുന്നതെങ്ങനെ? ::Syro Malabar News Updates മറിയം ത്രേസ്യാ വിശുദ്ധനിരയിലേക്കുയരുന്നതെങ്ങനെ?
25-August,2019

ഇതുസംബന്ധിച്ച് കേരള കത്തോലിക്കാ മെത്രാന്‍ സംഘം പ്രസിഡന്റ് ആര്‍ച്ചുബിഷപ് എം. സൂസ പാക്യം, വൈസ് പ്രസിഡന്റ് ബിഷപ് യൂഹാനോന്‍ മാര്‍ ക്രിസോസ്തം, സെക്രട്ടറി ജനറല്‍ ആര്‍ച്ചുബിഷപ് മാര്‍ മാത്യു മൂലക്കാട്ട് എന്നിവര്‍ ചേര്‍ന്ന് തയാറാക്കിയ സര്‍ക്കുലറിന്റെ പൂര്‍ണരൂപം ചുവടെ.

മറിയം ത്രേസ്യ എന്ന ഒരു വിശുദ്ധയെക്കൂടി സമ്മാനിച്ചുകൊണ്ട് 2019 ഒക്‌ടോബര്‍ 13-നു കേരളസഭ തിരുസഭയുടെ ചരിത്രത്തില്‍ ഒരിക്കല്‍ക്കൂടി സ്ഥാനം പിടിക്കുമ്പോള്‍ സന്തോഷിക്കാനും അഭിമാനിക്കാനും നമുക്കു വക ലഭിക്കുന്നു. ഒരു വിശുദ്ധനോ വിശുദ്ധയോ ആയി ജീവിക്കുകയെന്നാല്‍ എല്ലാ ജീവിതാനുഭവങ്ങളെയും, പ്രത്യേകിച്ചു സഹനങ്ങളെയും പരീക്ഷണങ്ങളെയും പരാജയങ്ങളെയും വിശ്വാസത്തിന്റെ കൃപയിലൂടെ സ്വീകരിച്ചു സ്‌നേഹത്തിനു സാക്ഷ്യം വഹിക്കുക എന്നതാണ്.
ദൈവിക പുണ്യങ്ങള്‍ വീരോചിതമായി ജീവിച്ചു എന്ന് സുദീര്‍ഘവും ശ്രമകരവും ശാസ്ത്രീയവുമായ പഠനങ്ങളിലൂടെ സ്ഥിരീകരിച്ചതിനു ശേഷമാണു തിരുസഭ മറിയം ത്രേസ്യയെ വിശുദ്ധയെന്നു പ്രഖ്യാപിക്കുന്നത്. ഈ പ്രക്രിയ ആരംഭിച്ചതു വിശ്വാസികള്‍ തന്നെയാണ്. തിന്മയില്‍നിന്നകന്നു ദൈവിക പുണ്യങ്ങളഭ്യസിക്കുകയും വിശുദ്ധജീവിതം നയിച്ച് കുടുംബങ്ങളില്‍ കരുണാര്‍ദ്രസ്‌നേഹം പകരുകയും ‘പുണ്യവതി’ എന്ന് അറിയപ്പെടുകയും ചെയ്തിരുന്ന മദര്‍ മറിയം ത്രേസ്യയുടെ മരണാനന്തരം അനേകര്‍ മദ്ധ്യസ്ഥസഹായം യാചിച്ചു പ്രാര്‍ത്ഥിച്ചിരുന്നു. അനുഗ്രഹം ലഭിച്ചവര്‍ പരസ്പരം വിവരം കൈമാറുകയും ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും ചെയ്യുകയുണ്ടായി. നീണ്ട 24 വര്‍ഷം മറിയം ത്രേസ്യയുടെ ആദ്ധ്യാത്മിക പിതാവും മദര്‍ സ്ഥാപിച്ച ഹോളി ഫാമിലി കോണ്‍ഗ്രിഗേഷന്റെ സഹസ്ഥാപകനും ധന്യന്‍ എന്ന പദവി ലഭിച്ചവനും ആയ ഫാ. ജോസഫ് വിതയത്തില്‍ തന്റെ മരണത്തിന് ഏഴു വര്‍ഷം മുമ്പ്, 1957-ല്‍, മദറിനെ സംബന്ധിച്ച എല്ലാ രേഖകളും തൃശൂര്‍ രൂപതാ മെത്രാനു (മാര്‍ ജോര്‍ജ്ജ് ആലപ്പാട്ട് പിതാവിനു) കൈമാറി.
1973-ല്‍ നാമകരണ നടപടിക്ക് ആരംഭം കുറിച്ചതോടെ ദൈവദാസി എന്ന ആദ്യപദവിക്ക് മദര്‍ അര്‍ഹയായി. രൂപതാതലപഠനത്തിനായി പ്രത്യേകം നിയോഗിക്കപ്പെട്ട ഹിസ്റ്റോറിക്കല്‍ കമ്മീഷന്‍, ട്രൈബ്യൂണല്‍ അംഗങ്ങള്‍ എന്നിവര്‍ മദര്‍ ജീവിച്ച സാഹചര്യം, ജീവിതശൈലി, സുകൃതങ്ങള്‍, എഴുത്തുകള്‍, ഉപദേശങ്ങള്‍ എന്നിവയും മദറുമായി അടുത്ത ബന്ധം പുലര്‍ത്തിയ വ്യക്തികളുടെ സാക്ഷ്യങ്ങളും ഗൗരവമായി പഠിച്ചു വിശകലനം ചെയ്തു രൂപരേഖകള്‍ തയ്യാറാക്കി റോമിലേക്ക് അയച്ചു. പോസ്റ്റുലേറ്റര്‍ റവ. ഡോ. ജോര്‍ജ്ജ് നെടുങ്ങാട്ട് ട.ഖ. യുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ജീശെശേീ ദൈവശാസ്ത്രഞ്ജരും കര്‍ദ്ദിനാള്‍മാരും പഠിച്ചതിനു ശേഷം വി. ജോണ്‍ പോള്‍ പാപ്പ അംഗീകരിച്ച് 1999-ല്‍ മദറിനെ ധന്യയെന്നു പ്രഖ്യാപിച്ചു.
ഇതിനിടയില്‍ 1974-ല്‍ തൃശ്ശൂര്‍ രൂപതയിലെ അമ്മാടം ഇടവകയിലെ പല്ലിശ്ശേരി മാത്യു എന്ന 14 വയസ്സുകാരന്റെ ഉള്ളിലേക്കു വളഞ്ഞിരുന്ന രണ്ടു കാല്പാദങ്ങളും നിവര്‍ന്നത് മദര്‍ മറിയം ത്രേസ്യയുടെ മദ്ധ്യസ്ഥതയാല്‍ നടന്ന അത്ഭുതമാണെന്നു വൈദ്യശാസ്ത്രജ്ഞര്‍, ദൈവശാസ്ത്രജ്ഞര്‍, കര്‍ദ്ദിനാള്‍ സംഘം എന്നിവര്‍ സ്ഥിരീകരിച്ചതിനാല്‍ 2000 ഏപ്രില്‍ 9-നു വത്തിക്കാനില്‍ വച്ചു ജോണ്‍ പോള്‍ പാപ്പ മറിയം ത്രേസ്യയെ വാഴ്ത്തപ്പെട്ടവള്‍ എന്നു വിളിച്ചു.

വിശുദ്ധയായി പ്രഖ്യാപിക്കപ്പെടുന്നതിനുളള രണ്ടാമത്തെ അത്ഭുതം നടന്നത് 2009 ഏപ്രില്‍ 9-നാണ്. തൃശൂര്‍ അമല ആശുപത്രിയില്‍ പെരിഞ്ചേരി ചൂണ്ടല്‍ ജോഷി-ഷിബി ദമ്പതികളുടെ മൂന്നാമത്തെ സന്താനമായ ക്രിസ്റ്റഫര്‍ ജോഷി പൂര്‍ണ്ണവളര്‍ച്ചയെത്താതെ ജനിച്ചു. താമസിയാതെതന്നെ ജലൃശെേെമി േPulmonary Distress Syndrom എന്ന രോഗം മൂര്‍ഛിച്ച് Respiratory failure മൂലം ഗുരുതരാവസ്ഥയിലായി. മരണത്തോടു മല്ലടിച്ചിരുന്ന കുഞ്ഞിനു വേണ്ടി വാഴ്ത്തപ്പെട്ട മദര്‍ മറിയം ത്രേസ്യയുടെ മാദ്ധ്യസ്ഥ്യം അപേക്ഷിക്കുകയും മൂന്നാം ദിവസം തിരുശേഷിപ്പ് കുഞ്ഞിന്റെ മേല്‍ വച്ചു പ്രാര്‍ത്ഥിക്കുകയും ചെയ്തു. അരമണിക്കൂറിനു ശേഷം കുഞ്ഞ് അത്ഭുതാവഹമാംവിധം സുഖപ്പെടുകയും ശ്വാസോഛ്വാസം സാധാരണനിലയിലാകുകയും ചെയ്തു. ഇത്തരം രോഗമുളള കുഞ്ഞുങ്ങള്‍ക്കു കൊടുക്കേണ്ട മരുന്നോ വെന്റിലേറ്റര്‍ സഹായമോ അന്ന് അവിടെ ലഭ്യമായിരുന്നില്ല. അവ ഇല്ലാതെതന്നെ ദ്രുതഗതിയിലും പൂര്‍ണ്ണമായും ലഭിച്ച സുഖപ്രാപ്തി അത്ഭുതമാണ്, വൈദ്യശാസ്ത്രത്തിനു വിവരിക്കാനാവാത്തതാണ് എന്ന് ചികിത്സിച്ചിരുന്ന ഡോക്ടര്‍ ശ്രീനിവാസന്‍ സ്ഥിരീകരിക്കുകയുണ്ടായി. തൃശൂര്‍ മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് നിയോഗിച്ച ട്രൈബ്യൂണല്‍ അംഗങ്ങള്‍ ഈ അത്ഭുതം കൂലംകഷമായി പഠിച്ച് 2013 -ല്‍ റിപ്പോര്‍ട്ടു സമര്‍പ്പിച്ചു. പോസ്റ്റുലേറ്റര്‍ റവ. ഡോ. ബനഡിക്ട് വടക്കേക്കര O.F.M. Cap. ന്റെ നേതൃത്വത്തില്‍ ങശൃമരഹല ജീശെശേീ തയ്യാറാക്കി തിരുസംഘത്തിനു നല്‍കി. വൈദ്യശാസ്ത്രജ്ഞര്‍, ദൈവശാസ്ത്രജ്ഞര്‍, കര്‍ദ്ദിനാള്‍ സംഘം എന്നിവര്‍ ഘട്ടം ഘട്ടമായി പരിശോധിച്ച് ഐക്യകണ്‌ഠേന പാസാക്കി Positio പരിശുദ്ധ പിതാവിനു സമര്‍പ്പിച്ചതിനു ശേഷമാണു ജൂലായ് 1-ാം തീയതി കൂടിയ Public Consistory യില്‍ വാഴ്ത്തപ്പെട്ട മദര്‍ മറിയം ത്രേസ്യയെ ഒക്‌ടോബര്‍ 13-നു വിശുദ്ധയായി പ്രഖ്യാപിക്കുമെന്ന തീരുമാനമുണ്ടായത്.
വിശുദ്ധയായ മറിയം ത്രേസ്യ ജനിച്ചത് ഇരിഞ്ഞാലക്കുട രൂപതയിലെ പുത്തന്‍ചിറ ഇടവകയില്‍ ചിറമ്മല്‍ മങ്കിടിയാന്‍ തോമാ – താണ്ട ദമ്പതികളുടെ മൂന്നാമത്തെ സന്താനമായിട്ടാണ്. ”ചെറുപ്പം മുതലേ ദൈവത്തെ സ്‌നേഹിക്കാനുളള തീവ്രമായ ദാഹത്താല്‍ എന്റെ ആത്മാവ് ഏറെ ക്ലേശിച്ചിരുന്നു””എന്നു പറഞ്ഞാണു മറിയം ത്രേസ്യ തന്റെ ആത്മകഥ തുടങ്ങുന്നത്. ദൈവത്തെ സ്‌നേഹിക്കാനും ദൈവികപുണ്യങ്ങള്‍ അഭ്യസിക്കാനും വിശുദ്ധിയില്‍ ജീവിക്കാനും ഏറെ ത്യാഗങ്ങളും, സഹനങ്ങളും, പരീക്ഷണങ്ങളും അവള്‍ ഏറ്റെടുത്തു. തിരുക്കുടുംബം ഒന്നിച്ചും, മാതാവ്, ഉണ്ണീശോ, കുരിശു ചുമക്കുന്ന ഈശോ, യൗസേപ്പിതാവ് എന്നിവര്‍ ഓരോരുത്തരായും പ്രത്യക്ഷപ്പെട്ട് മറിയം ത്രേസ്യയെ സഹനങ്ങളിലും പൈശാചിക പരീക്ഷണങ്ങളിലും ആശ്വസിപ്പിക്കുകയും സഹായിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തിരുന്നതായി ത്രേസ്യയും മറ്റുള്ളവരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. തിരുക്കുടുംബാംഗങ്ങള്‍ അവളുടെ ജീവിതത്തില്‍ സന്തതസഹചാരികളായിരുന്നു.
ദൈവികപുണ്യങ്ങളായ വിശ്വാസം, ശരണം, ഉപവി എന്നിവയും സാന്മാര്‍ഗിക പുണ്യങ്ങളായ വിവേകം, നീതി, ആത്മധൈര്യം, ആത്മസംയമനം എന്നിവയും മറ്റു നിരവധി പുണ്യങ്ങളും വീരോചിതമായി ജീവിച്ചാണ് അവള്‍ വിശുദ്ധിയുടെ ഉന്നതപദവിയിലേക്കുയര്‍ത്തപ്പെട്ടിരിക്കുന്നത്. ‘ദൈവം ദൈവമല്ലേ?’ ‘ദൈവം ദൈവമാണെന്നുളള ശരണം മാത്രമാണെനിക്കുള്ളത്,’ ‘നമ്മുടെ ദൈവം നമ്മുടെ ശരണം’ എന്ന പുണ്യവതിയുടെ ആത്മമന്ത്രങ്ങള്‍ അവളുടെ ആഴമായ വിശ്വാസത്തെയും ശരണത്തെയും സൂചിപ്പിക്കുന്നു.
നീണ്ട മണിക്കൂറുകള്‍ ദിവ്യകാരുണ്യ സന്നിധിയില്‍ ചെലവഴിച്ചും ദിവ്യബലിയര്‍പ്പണത്തിനായി പ്രത്യേകവിധത്തില്‍ ഒരുങ്ങിയും കാല്‍വരിനാഥനോടൊപ്പം ബലിയര്‍പ്പിച്ചും ദിവ്യകാരുണ്യത്തോടുളള സ്‌നേഹവും ഭക്തിയും അവള്‍ സ്വന്തമാക്കി. തനിക്ക് അറിവില്ലാതിരുന്ന സുറിയാനി ഭാഷയില്‍ ബലിയര്‍പ്പിച്ചിരുന്ന ആ കാലഘട്ടത്തില്‍ ബലിയര്‍പ്പണത്തിന്റെ അന്തഃസത്ത ഗ്രഹിച്ച് ബലിയില്‍ സംബന്ധിച്ചിരുന്ന രീതി ആത്മകഥയില്‍ എഴുതിയിരിക്കുന്നത് വായിക്കുന്നവരെ അതിശയിപ്പിക്കും. വി. കുര്‍ബാനയും ദിവ്യകാരുണ്യവും ജീവസ്രോതസ്സായിരുന്നു ത്രേസ്യയ്ക്ക്.
കുരിശിന്‍ ചുവട്ടിലിരുന്ന് ഈശോയുടെ പീഡാനുഭവം ധ്യാനിച്ചിരുന്ന അവള്‍ പീഡാനുഭവത്തില്‍ പങ്കുചേരാനും ഈശോയുമായി താദാത്മ്യപ്പെടാനും ആഗ്രഹിച്ചതിന് നാഥന്‍ സമ്മാനമായി നല്‍കിയ തിരുമുറിവുകള്‍ അവളെ പഞ്ചക്ഷതം പേറുന്നവളാക്കി. ”മതി കര്‍ത്താവേ മതി; ഈ കുരിശ് ഞാന്‍ ചുമന്നുകൊള്ളാം””എന്നുള്ളതു കുരിശും വഹിച്ച് ഈശോ പ്രത്യക്ഷപ്പെട്ടപ്പോഴുളള അവളുടെ വാക്കുകളായിരുന്നു. സഹിക്കുന്നവരിലും ത്രേസ്യ കണ്ടത് പീഡ സഹിക്കുന്ന ഈശോയെയാണ്. അതുകൊണ്ടു തന്നെ രോഗികള്‍, മരണാസന്നര്‍, അനാഥര്‍, പാവപ്പെട്ടവര്‍, പാപികള്‍ എന്നിവര്‍ മദര്‍ മറിയം ത്രേസ്യയുടെ സ്‌നേഹത്തിനും കരുണയ്ക്കും പ്രാര്‍ത്ഥനയ്ക്കും അര്‍ഹരായി. സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ അനുവാദമില്ലാതിരുന്ന കാലത്ത് ഇവരെ തേടി ത്രേസ്യ കുടുംബങ്ങളിലേക്കു ചെന്നു. അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു സഹായിക്കുകയും ശക്തിപ്പെടുത്തുകയും തകര്‍ന്ന കുടുംബങ്ങളെയും കുടുംബബന്ധങ്ങളെയും കൂട്ടിയിണക്കുകയും ചെയ്തിരുന്നു എന്നത് പ്രവാചക ധീരതയോടെയുള്ള ഉപവി പ്രവര്‍ത്തനമാണ്. അതുതന്നെയാണ് അവളെ കുടുംബങ്ങളുടെ മദ്ധ്യസ്ഥയും കുടുംബപ്രേഷിതരുടെ മാതൃകയുമാക്കിയത്. അവളിലെ ഉപവിയുടെ അലിവ് അറിയാത്തവര്‍ പുത്തന്‍ചിറയിലും പ്രാന്തപ്രദേശങ്ങളിലും വളരെ വിരളമായിരുന്നു.
സാന്മാര്‍ഗിക പുണ്യങ്ങളായ വിവേകത്തിന്റെ പൂര്‍ണ്ണതയും നീതിയുടെ ശബ്ദവും ആത്മസംയമനത്തിന്റെ കരുത്തും, ആത്മധൈര്യത്തിന്റെ ശക്തിയും മറിയം ത്രേസ്യയുടെ ജീവിതത്തിലും ശുശ്രൂഷാമേഖലകളിലും പ്രസ്പഷ്ടമായിരുന്നു. വിനയം, വിധേയത്വം, വിട്ടുവീഴ്ചാ മനോഭാവം, തപസ്സ്, പ്രായശ്ചിത്തം, പരിത്യാഗം എന്നിവ അവളുടെ സുകൃതങ്ങളും ജീവിതശൈലിയും ആയിരുന്നു. എളിമയുടെയും അനുസരണത്തിന്റെയും ആള്‍രൂപമായിരുന്നു അവള്‍ എന്നാണ് സമകാലീനര്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. ദൈവൈക്യം ലക്ഷ്യമാക്കിയുള്ള തന്റെ ആത്മീയ യാത്രയില്‍ തിരുക്കുടുംബവും പാടുപീഡകള്‍ സഹിച്ച് ക്രൂശിതനായ ഈശോയും, ദിവ്യകാരുണ്യവുമായിരുന്നു വിശുദ്ധയുടെ ആത്മീയ സ്രോതസ്സുകള്‍. ഈ ശക്തിത്രയങ്ങളിലാണ് മദര്‍ മറിയം ത്രേസ്യ തന്റെ ആദ്ധ്യാത്മികത പടുത്തുയര്‍ത്തിയത്.
കുടുംബ ശുശ്രൂഷയ്ക്കായി തന്റെ 38-ാമത്തെ വയസ്സില്‍ 1914 മെയ് 14-ന് കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ ഹോളി ഫാമിലി’എന്ന പേരില്‍ ഒരു സന്ന്യാസിനീസമൂഹത്തിനു രൂപം കൊടുക്കാനും അനേകം പേരെ അതിലേക്ക് ആകര്‍ഷിക്കാനും ദൈവം അനുഗ്രഹമേകി. ഒരാത്മാവുപോലും നഷ്ടപ്പെട്ട് പോകരുത് എന്ന ആഗ്രഹത്താല്‍ ഹൃദയത്തില്‍ ദൈവസ്‌നേഹാഗ്നിയും കാലില്‍ ചിറകുമായി കുടുംബങ്ങളെ രക്ഷയിലേക്കാനയിക്കാന്‍ മദര്‍ ഓടിനടന്നു. പാപികളുടെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കാനും പ്രവര്‍ത്തിക്കാനും ശുദ്ധീകരാത്മാക്കള്‍ക്കായി പ്രാര്‍ത്ഥനയും പരിത്യാഗങ്ങളും നടത്താനും സദാ ഉത്സുകയായിരുന്നു. അറിവുപകരാന്‍ വിദ്യാലയങ്ങള്‍ സ്ഥാപിച്ചും അഗതികള്‍ക്കായി അനാഥമന്ദിരങ്ങള്‍ പണിതീര്‍ത്തും തന്റെയും സമൂഹത്തിന്റെയും പ്രേഷിതരംഗങ്ങള്‍ മദര്‍ വിപുലീകരിച്ചു.
സാധാരണ ജനത്തിനു ഗ്രഹിക്കാന്‍ കഴിയാത്ത തരത്തിലുളള മൗതികാനുഭവങ്ങള്‍, പഞ്ചക്ഷത -ക്രൂശിതാനുഭവങ്ങള്‍, പൈശാചികാക്രമണങ്ങള്‍ എന്നിവ നിറഞ്ഞതും കാലഘട്ടത്തിനപ്പുറമുളള ഉന്നതമായ ചിന്താഗതികളോടെ വെല്ലുവിളികളെ സധൈര്യം ഏറ്റെടുത്തുകൊണ്ടുളളതും സംഭവബഹുലവും പ്രശ്‌നസങ്കുലിതവുമായിരുന്നു 50 വര്‍ഷം നീണ്ട ത്രേസ്യയുടെ ജീവിതം. ഈ ജീവിതത്തില്‍ 24 വര്‍ഷം ത്രേസ്യയ്ക്കു ശക്തിയും പ്രചോദനവുമായി നിലകൊണ്ടതും മാര്‍ഗനിര്‍ദ്ദേശങ്ങളും സഹായസഹകരണങ്ങളും നിര്‍ലോഭം നല്‍കി നയിച്ചതും ആത്മീയപിതാവ് ധന്യന്‍ ജോസഫ് വിതയത്തില്‍ അച്ചനാണ്. കോണ്‍ഗ്രിഗേഷന്‍ സ്ഥാപിച്ച് 12-ാമത്തെ വര്‍ഷത്തില്‍ 1926 ജൂണ്‍ 8-ാം തീയതി മദര്‍ പരലോകം പുല്‍കി. മൂന്നാമത്തെ ഭവനമായ തുമ്പൂര്‍ മഠത്തിന്റെ വെഞ്ചിരിപ്പു വേളയിലുണ്ടായ തിക്കിലും തിരക്കിലും പളളിയുടെ ക്രാസിക്കാല്‍ മറിഞ്ഞുണ്ടായ മുറിവാണ് മരണകാരണമായി മാറിയത്. മദറിന്റെ മരണസമയത്തു തന്നെ മൂന്ന് ഭവനങ്ങളും 55 അംഗങ്ങളും 2 സ്‌കൂളുകളും 10 കുട്ടികളുളള അനാഥാലയവും ഉണ്ടായിരുന്നു എന്നത് ദൈവകൃപ എന്നേ പറയാന്‍ കഴിയുളളൂ. കാരണം 100 വര്‍ഷങ്ങള്‍ക്കുമുമ്പ് ഒന്നാം ലോകമഹായുദ്ധത്തിന്റെ കെടുതികളുളള കാളവണ്ടി യുഗത്തിലാണ് ഈ വളര്‍ച്ച എന്നതു തികച്ചും അത്ഭുതാവഹമാണ്.
ഒരോ കാലഘട്ടത്തിന്റെയും സംസ്‌കാരത്തിന്റെയും വ്യത്യസ്തതകളും വെല്ലുവിളികളും അനുസരിച്ച് തങ്ങള്‍ക്കു ലഭിച്ച ദൈവാനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികരിച്ചവരാണ് വിശുദ്ധര്‍. ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കുന്ന വഴികളുപയോഗിച്ച് തങ്ങളുടെ ഇച്ഛാശക്തിയെ വരുതിയിലാക്കി ശുദ്ധമനസ്സാക്ഷിയോടെ ദൈവത്തെ പ്രാപിക്കാന്‍ ശ്രമിച്ചവരാണവര്‍. അങ്ങനെ അവര്‍ ആത്മീയ യോദ്ധാക്കളായി മാറി. കാരണം, അതിന് ഒരുപാട് അച്ചടക്കപരമായ അഭ്യാസം (മരെലശേരശാെ) ആവശ്യമാണ്. അത് സ്‌നേഹത്തിന്റെ വഴികൂടിയാണ്. സ്‌നേഹത്തിന്റെ പാതയില്‍ വ്യക്തിയുടെ ആത്മാവ് ദൈവാത്മാവുമായി യോജിക്കപ്പെടുന്നു. അത് ചിലപ്പോള്‍ മറ്റുള്ളവര്‍ക്കു ഗ്രഹിക്കാന്‍ തക്കവണ്ണം പ്രകാശിതമാകുന്നു. അതിന്റെ പ്രതിഫലനമാണ് പഞ്ചക്ഷതവും മറ്റും. ഇക്കാര്യങ്ങള്‍ മറിയം ത്രേസ്യയില്‍ സാ ക്ഷാത്കരിക്കപ്പെട്ടു എന്നു പറയാം. അതിനാലാണ് അവള്‍ വിശുദ്ധരുടെ പട്ടികയില്‍ ചേര്‍ക്കപ്പെടുവാന്‍ യോഗ്യയാണെന്ന് സഭ കരുതുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നത്. നമ്മള്‍ അതില്‍ സന്തോഷിക്കുകയും ദൈവത്തിന് സ്തുതികളര്‍പ്പിക്കുകയും ചെയ്യുന്നു.
ഗഹനങ്ങളായ ഉദ്‌ബോധനങ്ങള്‍ മറിയം ത്രേസ്യയില്‍ കാണുന്നില്ല. സാധാരണത്വം നിറഞ്ഞ, അതേസമയം ഏറെ പ്രയോഗികമായ, കാര്യങ്ങളാണവള്‍ നിര്‍ദ്ദേശിക്കുകയും പ്രാവര്‍ത്തികമാക്കി കാണിക്കുകയും ചെയ്തത്. ”നിങ്ങള്‍ നല്ലവരാകാന്‍ നിങ്ങളുടെ ഹൃദയം കര്‍ത്താവിന് കൊടുക്കുക. പകരം കര്‍ത്താവിന്റെ ഹൃദയം ചോദിച്ചു വാങ്ങുക;” ”തമ്മില്‍ തമ്മില്‍ സ്‌നേഹിക്കുക; തമ്മില്‍ തമ്മില്‍ സഹായിക്കുക” എന്ന് തുടങ്ങിയ വചനങ്ങളിലൂടെ ദൈവത്തിനും സഹോദരങ്ങള്‍ക്കും വേണ്ടി ജീവിക്കുവാന്‍ വി. മറിയം ത്രേസ്യ നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. വിശുദ്ധയുടെ ജീവിത മാതൃക ഉള്‍ക്കൊണ്ട് വിശുദ്ധ ജീവിതം നയിക്കാന്‍ നമുക്ക് മാദ്ധ്യസ്ഥ്യം യാചിക്കാം. ഒക്‌ടോബര്‍ 13-ന് റോമില്‍വച്ചു നടക്കുന്ന നാമകരണ കര്‍മ്മങ്ങളിലും നവംബര്‍ 16-ന് കുഴിക്കാട്ടുശ്ശേരിയില്‍ നടക്കുന്ന കൃതജ്ഞതാബലിയിലും ആത്മീയമായും നേരിട്ടും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നതിന് വിശ്വാസികളേവരെയും ആഹ്വാനം ചെയ്യുന്നു. കുടുംബങ്ങളുടെ മദ്ധ്യസ്ഥയായ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയിലൂടെ ദൈവം നിങ്ങളെ ഓരോരുത്തരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.


Source: sundayshalom

Attachments




Back to Top

Never miss an update from Syro-Malabar Church