കാറോയപട്ടം സ്വീകരിച്ച് ബ്രദർ ജോർജ്; ചിക്കാഗോയിൽ വീണ്ടും വരും നവവൈദികൻ::Syro Malabar News Updates കാറോയപട്ടം സ്വീകരിച്ച് ബ്രദർ ജോർജ്; ചിക്കാഗോയിൽ വീണ്ടും വരും നവവൈദികൻ
24-August,2019

നിലവിൽ ചിക്കാഗോ  രൂപതയിൽനിന്ന് 12 സെമിനാരി അർത്ഥികൾ
 
ചിക്കാഗോ: പൗരോഹിത്യത്തിലേക്കുള്ള പാതയിലെ പ്രഥമ പട്ടമായ കാറോയപട്ടം സ്വീകരിച്ച് ബ്രദർ ജോർജ് പാറയിൽ. ചിക്കാഗോ സീറോ മലബാർ കത്തീഡ്രലിൽ അർപ്പിച്ച തിരുക്കർമമധ്യേയാണ് ചിക്കാഗോ സീറോ മലബാർ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് ബ്രദർ ജോർജിന് കാറോയ പട്ടവും വൈദിക വസ്ത്രവും നൽകിയത്. അമേരിക്കയിൽ ജനിച്ചുവളർന്ന ഒരു നവവൈദികനെക്കൂടി അധികം വൈകാതെ സ്വീകരിക്കാനുള്ള പ്രാർത്ഥനാ നിർഭരമായ കാത്തിരിപ്പിലാണ് ഇനി ചിക്കാഗോ സീറോ മലബാർ രൂപത.
 
പാറയിൽ രാജു- ബെറ്റി ദമ്പതി കളുടെ മകനാണ് ബ്രദർ ജോർജ്. വൈദികരും കന്യാസ്ത്രീകളും വൈദിക വിദ്യാർത്ഥികളും ബന്ധുമിത്രാധികളും ഇടവകാംഗങ്ങളും ഉൾപ്പെടെ നൂറുകണക്കിന് വിശ്വാസികൾ സന്നിഹിതരായിരുന്നു. ചിക്കാഗോ രൂപതാ സഹായമെത്രാൻ മാർ ജോയ് ആലപ്പാട്ട് അഭിനന്ദനവും പ്രാർത്ഥനയും ആശംസിച്ച് സന്ദേശം അയച്ചിരുന്നു.
 
ചിക്കാഗോ സീറോ മലബാർ രൂപതയെയും വിശിഷ്യാ, ഇടവകയേയും സംബന്ധിച്ച് സുപ്രധാനവും അനുഗ്രഹപ്രദവുമായ ഒരു ദിനമായിരുന്നു ഇതെന്ന് വികാരി ജനറൽ ഫാ. തോമസ് കടുപ്പിൽ പറഞ്ഞു. അമേരിക്കയിൽതന്നെ ജനിച്ചുവളർന്ന, ചിക്കാഗോ സീറോ മലബാർ രൂപതാംഗങ്ങളായ 12 പേർ സെമിനാരികളിൽ പരിശീലനം നടത്തുന്നുവെന്നത് ശ്ലാഘനീയവും ദൈവകൃപയുടെ പ്രത്യക്ഷമായ പ്രതീകമാണെന്നും രൂപതാ വൊക്കേഷൻ ഫോർമേഷൻ ഡയറക്ടർകൂടിയായ ഫാ. പോൾ ചാലിശ്ശേരി പറഞ്ഞു.
 
എല്ലാവർക്കുന്നന്ദി അർപ്പിച്ച കത്തീഡ്രൽ സഹവികാരി ഫാ. കെവിൻ മുണ്ടയ്ക്കൽ, വൈദിക പാതയിലേക്കും സമർപ്പിത ജീവിതാന്തസിലേക്കും കടന്നുവരാൻ യുവജനങ്ങളെ ഉത്ബോധിപ്പിച്ചു. ബ്രദർ ജോർജിന്റെ മാതാപിതാക്കളെ ജനസമൂഹം ഹർഷാരവങ്ങളോടെ അഭിനന്ദിച്ചതും ശ്രദ്ധേയമായി.

Source: sundayshalom

Attachments
Back to Top

Never miss an update from Syro-Malabar Church