പെരുമഴയില്‍ പെട്ടവര്‍ക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ സാന്ത്വനം::Syro Malabar News Updates പെരുമഴയില്‍ പെട്ടവര്‍ക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ സാന്ത്വനം
16-August,2019

വര്‍ഷക്കാലത്തിന്‍റെ ദുരന്തത്തില്‍പ്പെട്ട തെക്കേ ഏഷ്യന്‍ രാജ്യങ്ങളിലെ ജനങ്ങളെ പാപ്പാ ഫ്രാന്‍സിസ് പൊതുവായി സാന്ത്വനം അറിയിച്ചു.

 

പേമരിയുടെ ദുരന്തത്തില്‍ വിഷമിക്കുന്നവരോട് സഹാനുഭാവം പ്രകടിപ്പിച്ചുകൊണ്ടാണ് ആഗസ്റ്റ് 15-Ɔο തിയതി, വ്യാഴാഴ്ച സ്വര്‍ഗ്ഗോരോപണനാളിലെ ത്രികാല പ്രാര്‍ത്ഥന വേദിയില്‍ പാപ്പാ സന്ദേശം നല്കിയത്.

പ്രാര്‍ത്ഥനയുടെ അന്ത്യത്തിലെ സാന്ത്വനവചസ്സുകള്‍
സഭ ആചരിച്ച പരിശുദ്ധ കന്യകാനാഥയുടെ സ്വര്‍ഗ്ഗാരോപണ മഹോത്സവത്തോട് അനുബന്ധിച്ച് വത്തിക്കാനില്‍ നടന്ന ത്രികാലപ്രാര്‍ത്ഥനയുടെ അന്ത്യത്തിലാണ് പാപ്പാ ഫ്രാന്‍സിസ് ഇന്ത്യപോലുള്ള തെക്കെ ഏഷ്യന്‍ രാജ്യങ്ങളില്‍ പേമാരിയും വെള്ളപ്പൊക്കവും മൂലം ക്ലേശിക്കുന്ന ജനങ്ങള്‍ക്ക് തന്‍റെ സാന്ത്വനവും പ്രാര്‍ത്ഥനയും നേര്‍ന്നത്.

ഇനിയും ഉറ്റവര്‍ക്കായുള്ള തിരച്ചില്‍
കേരളത്തിലെ പെരുംമഴയിലും വെള്ളപ്പാച്ചിലിലും മരണമടഞ്ഞവരുടെ എണ്ണം 102-എന്ന് വ്യാഴാഴ്ച സ്ഥിരപ്പെടുത്തിയെങ്കിലും ഇനിയും കാണാതായിട്ടുള്ളവര്‍ നിരവധിയാണ്. മരണമടഞ്ഞവരെയും അവരുടെ കുടുംബാംഗങ്ങളെയും, ഭവനരഹിതരാക്കപ്പെട്ടവരെയും പ്രാര്‍ത്ഥനയില്‍ പ്രത്യേകം അനുസ്മരിക്കുന്നതായി പാപ്പാ അറിയിച്ചു. അതുപോലെ വിവിധ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകുകയും വേദനിക്കുന്ന ജനതയെ പിന്‍തുണയ്ക്കുകയും ചെയ്യുന്നവരുടെ കരങ്ങളെ ദൈവം ശക്തിപ്പെടുത്തട്ടെയെന്നും ആശംസിച്ചു.

സിറിയയിലെ പീഡിതര്‍ക്കു സമ്മാനം
സിറിയയിലെ പീഡിതരായ ക്രൈസ്തവര്‍ക്കു നല്കാനായി 6000 ജപമാലകള്‍ പാപ്പാ ഫ്രാന്‍സിസ് ത്രികാലപ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍ ആശീര്‍വ്വദിച്ചു നല്കി. അവിടത്തെ പീഡിതരായ കത്തോലിക്കര്‍ക്കും യുദ്ധത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും നല്കുവാന്‍, സിറിയയില്‍ പ്രവര്‍ത്തിക്കുന്ന, ആവശ്യത്തിലായിരിക്കുന്ന സഭയെ തുണയ്ക്കുന്ന പ്രസ്ഥാനം (The Church in Need Foundation) സംഘടിപ്പിച്ച പാപ്പാ ഫ്രാന്‍സിസിന്‍റെ പേരിലുള്ള സമ്മാനമാണിത്.
മരത്തിന്‍റെ മുത്തുകളും, ചരടിന്‍റെ മാലയുമുള്ള ഈ ജപമാലകള്‍ നിര്‍മ്മിച്ചത് ബെതലഹേമിലെ കര്‍മ്മലീത്താ സന്ന്യാസിനിമാരാണ്. സന്തോഷത്തോടെ അവ പാപ്പാ ആശീര്‍വ്വദിക്കുകയും, ഈ ജപമാലകള്‍ പീഡിതരായ ക്രൈസ്തവരുടെ സമീപത്തുള്ള തന്‍റെ സാന്നിദ്ധ്യത്തിന്‍റെ അടയാളമാവട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

പോളണ്ടുകാര്‍ക്കു പ്രത്യേക ആശംസ!
പോളണ്ടിലെ ചെസ്റ്റോചോവ മേരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ആഘോഷിക്കുന്ന സ്വര്‍ഗ്ഗോരോപിതയുടെ മഹോത്സവത്തില്‍ പങ്കെടുക്കുന്ന വന്‍തീര്‍ത്ഥാടന സമൂഹത്തിനും “കറുത്തമ്മ”യുടെ (the Black Madonna) അനുഗ്രഹപ്രാപ്തി സമൃദ്ധമായി ഉണ്ടാവട്ടെയെന്നും പാപ്പാ ആശംസിച്ചു. കമ്യൂണിസ്റ്റ് ഭരണത്തിനുശേഷം പോളണ്ട് വത്തിക്കാനുമായി നയതന്ത്ര ബന്ധം പുനര്‍സ്ഥാപിച്ചതിന്‍റെ 100-Ɔο വാര്‍ഷികദിനവുമാണ് ഈ ആഗസ്റ്റ് 15എന്ന വസ്തുതയും ത്രികാലപ്രാര്‍ത്ഥനാവേദിയില്‍ പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിക്കുകയുണ്ടായി.

സംഘടനകള്‍ക്കുള്ള അഭിവാദ്യം
സൈക്കിളില്‍ വലേന്‍സിയയില്‍നിന്നും റോമിലെത്തിയ “വിശുദ്ധ വിന്‍സെന്‍റിന്‍റെ കൂട്ടായ്മ” (festeros de San Vincente) എന്ന വെനസ്വേലന്‍ ഗ്രൂപ്പിനും, “ദൈവിക സമ്മാനം” (Donum Dei) എന്ന മിഷണറി കുടുംബത്തിനും, വിശുദ്ധ മരിയ ക്ലാരറ്റിന്‍റെ അല്‍മായ സഖ്യത്തിനും, സ്കൂള്‍ ക്യാമ്പില്‍ പങ്കെടുക്കുന്ന ഫ്ലോറന്‍സിലെ നൊവോളിയില്‍നിന്നുമുള്ള യുവജനങ്ങള്‍ക്കും പാപ്പാ പ്രത്യേകമായി ആശംസകള്‍ നേര്‍ന്നു.

തീര്‍ത്ഥാടകരോടും സന്ദര്‍ശകരോടും ഒരുവാക്ക്
ഇറ്റയിലുടെ വിവിധ ഭാഗങ്ങളില്‍നിന്നും, ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍നിന്നും എത്തിയിട്ടുള്ള തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ടാണ് പാപ്പാ ത്രികാലപ്രാര്‍ത്ഥനാ പരിപാടി ഉപസംഹരിച്ചത്.


Source: vaticannews

Attachments
Back to Top

Never miss an update from Syro-Malabar Church