സുഷമാ സ്വരാജിന്റെ നിര്യാണത്തിൽ കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി അനുശോചിച്ചു.::Syro Malabar News Updates സുഷമാ സ്വരാജിന്റെ നിര്യാണത്തിൽ കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി അനുശോചിച്ചു.
07-August,2019

 
കാക്കനാട്: മുൻ വിദേശകാര്യ മന്ത്രിയും മുതിർന്ന രാഷ്ട്രീയ പ്രവർത്തകയും മുൻ സുപ്രീം കോടതി അഭിഭാഷകയും ഭാരതീയ ജനതാ പാർട്ടിയുടെ മുതിർന്ന നേതാവുമായിരുന്ന സുഷമാ സ്വരാജിന്റെ ദേഹവിയോ​ഗത്തിൽ സീറോ മലബാർ സഭ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുശോചനം അറിയിച്ചു. യമനിൽ തീവ്രവാദികളുടെ തടവിലായിരുന്ന മലയാളി വൈദികൻ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിൽ നിർണായകമായ നയതന്ത്ര ഇടപെടൽ നടത്തിയ വ്യക്തിയാണ് ശ്രീമതി സുഷമ സ്വരാജെന്നും ഇറാക്കിൽ മലയാളി നഴ്സുമാരുടെ മോചനം തുടങ്ങിയ പ്രവാസികളുടെ നിരവധിയായ പ്രശന്ങ്ങൾക്ക് പരിഹാരം കണ്ടെത്തിയ നയതന്ത്രജ്ഞ എന്ന നിലയിൽ സുഷമ സ്വരാജ് മലയാളികൾക്കും സീറോ മലബാർ സഭയ്ക്കും പ്രിയങ്കരിയായിരുന്നുവെന്നും കർദിനാൾ പറഞ്ഞു. 2016 സെപ്റ്റംബറിൽ വത്തിക്കാനിൽ നടന്ന മദർതെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിൽ എത്തിയ ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിച്ചത് ശ്രീമതി സുഷമ സ്വരാജ് ആയിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി, ഡെൽഹിയുടെ ആദ്യ വനിതാമുഖ്യമന്ത്രി, ഹരിയാന നിയമസഭ കണ്ട ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി തുടങ്ങിയ പ്രത്യേകതകൾ സുഷമാ സ്വരാജിലെ പ്രതിഭയുടെ സാക്ഷ്യങ്ങളായിരുന്നു.
മതേതര മൂല്യങ്ങളെ ഉയർത്തി പിടിച്ച് ജനക്ഷേമത്തിനു വേണ്ടി നിലനിന്ന ഭരണാധികാരി എന്ന നിലയിൽസഭയും സമൂഹവും എക്കാലവും ശ്രീമതി സുഷമ സ്വരാജിനെ ഓർമ്മിക്കും. ശ്രീമതി സുഷമ സ്വരാജിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു; കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും അനുശോചനം അറിയിക്കുന്നു. 
 
ബിഷപ്പ് ജോസഫ് പാംപ്ലാനി 
ചെയർമാൻ, സീറോമലബാർ സഭാ മീഡിയാ കമ്മീഷൻ
ഫാ. ആന്റണി തലച്ചെല്ലൂർ
സെക്രട്ടറി, സീറോമലബാർ സഭാ മീഡിയാ കമ്മീഷൻ

Source: SM Media Commission

Attachments
Back to Top

Never miss an update from Syro-Malabar Church