സീറോ മലബാർ ദേശീയ സംഗമം; ഘോഷയാത്ര വർണ ശബളമായി::Syro Malabar News Updates സീറോ മലബാർ ദേശീയ സംഗമം; ഘോഷയാത്ര വർണ ശബളമായി
04-August,2019

ഹൂസ്റ്റൺ: അമേരിക്കയിലെ സീറോ മലബാര്‍ രൂപതയിലെ വിശ്വാസി സമൂഹം ഒരുമിക്കുന്ന ഏഴാമത് ദേശീയ കണ്‍വന്‍ഷനിൽ രണ്ടാം ദിവസം രാവിലെ ഇടവകകൾ പങ്കെടുത്ത റാലി വർണ ശബളമായി. അമേരിക്കയിലെ വിവിധ നഗരങ്ങളിലായി വ്യാപിച്ചു കിടക്കുന്ന നാല്പതോളം സീറോ മലബാര്‍ ഇടവകകളും നാല്പത്തിയഞ്ചോളം മിഷനുകളും തങ്ങളുടെ ഇടവക സമൂഹത്തെ പ്രതിനിധീകരിച്ചു ബാനറുകളുമേന്തി അലങ്കാരങ്ങളോടെയും വാദ്യമേളങ്ങളുടേയും അകന്പടിയോടെ ഘോഷയാത്രയിൽ പങ്കു ചേർന്നു.

സീറോ മലബാർ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി , ഷിക്കാഗോ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് , സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട്‌, മിസിസൗഗ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസ് കല്ലുവേലിൽ, തലശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്‌ളാനി, ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ, കൺവൻഷൻ കൺവീനർ ഫാ. കുര്യൻ നെടുവേലിചാലുങ്കൽ തുടങ്ങി സഭാ പിതാക്കന്മാർക്കും മറ്റു വൈദികർക്കും വിശിഷ്ട അതിഥികൾക്കും പിന്നിലായി ഇടവക വികാരിമാരുടെ നേതൃത്വത്തിൽ രൂപതയിലെ നാലയിരത്തിൽ പരം വിശ്വാസികളും സഭാ വിശ്വാസം പ്രഘോഷിച്ചു ഘോഷയാത്രയിൽ പങ്കു ചേർന്നു.

ഘോഷയാത്രയിൽ മികച്ച രീതിയിൽ പങ്കെടുത്ത മൂന്നു ഇടവകകൾക്കുള്ള പുരസ്കാരങ്ങൾ
രൂപത വികാരി ജനറാളും കത്തീഡ്രല്‍ വികാരിയുമായ റവ. ഫാ. തോമസ് കടുകപ്പള്ളി, സഹ വികാരി ഫാ. കെവിൻ മുണ്ടയ്ക്കൽ എന്നിവരുടെ നേതൃത്വത്തിലെത്തിയ ഷിക്കാഗോ സെന്‍റ് തോമസ് കത്തീഡ്രലും ഫാ ജോൺ മേലേപ്പുറത്തിന്‍റെ നേതൃത്വത്തിൽ പങ്കെടുത്ത ന്യൂ യോർക്ക് ലോംഗ് ഐലൻഡ് സെന്‍റ് മേരീസ് ഇടവകയും ഫാ. ജോഷി എളമ്പാശേരിൽ നേതൃത്വം നൽകിയ ഡാളസ്, ഗാർലാൻഡ് സെന്‍റ് തോമസ് സീറോ മലബാർ ഫൊറോനയും സ്വന്തമാക്കി. 

രാവിലെ ഏഴിനു നടന്ന ഘോഷയാത്ര സെന്‍റ് ജോസഫ് നഗർ എന്ന് നാമകരണം ചെയ്യപ്പെട്ട ജോർജ് ആർ ബ്രൗൺ കൺവൻഷൻ സെന്‍ററിൽ നിന്ന് ആരംഭിച്ച്, കൺവൻഷൻ നഗരി ചുറ്റി കൺവൻഷൻ സെന്‍ററിൽ തന്നെ സമാപിച്ചു. 


Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church