പാപ്പാ ലുച്യാനിയുടെ ഭവനം സന്ദര്‍ശകര്‍ക്കായ് തുറന്നുകൊടുത്തു::Syro Malabar News Updates പാപ്പാ ലുച്യാനിയുടെ ഭവനം സന്ദര്‍ശകര്‍ക്കായ് തുറന്നുകൊടുത്തു
03-August,2019

33 ദിവസങ്ങള്‍ മാത്രം സഭയെ നയിച്ച “പാപ്പാ ലുച്യാനി” എന്നു വിളിപ്പേരുള്ള ജോണ്‍ പോള്‍ ഒന്നാമന്‍ പാപ്പായുടെ സ്നേഹസ്മരണയില്‍ ഒരു കുറിപ്പ് :
 
ഒരു പുണ്യാത്മാവിന്‍റെ സ്മാരകം
വടക്കെ ഇറ്റലിയില്‍ ആല്‍പൈന്‍ മലഞ്ചരുവിലെ അഗോര്‍ത്തോ (Canale di Agorto) ഗ്രാമത്തിലുള്ള “പുഞ്ചിരിക്കുന്ന പാപ്പാ” (The Smiling Pope) എന്ന അപരനാമത്താല്‍ അറിയപ്പെടുന്ന ദൈവദാസന്‍ ജോണ്‍ പോള്‍ ഒന്നാമന്‍റെ ശൈശവകാല ഭവനം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു. പാപ്പാ ലുച്യാനി ഫൗണ്ടേഷന്‍റെ പ്രസ്താവനയാണ് ഇക്കാര്യം പ്രസിദ്ധപ്പെടുത്തിയത്.
 
പരേതന്‍റെ പുരാവൃത്തം – പുസ്തക രൂപത്തില്‍
ജന്മഗേഹത്തെ മ്യൂസിയമായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ സ്തെഫാനിയ ഫലേസ്കാ രചിച്ച ദൈവദാസന്‍റെ ജീവിചരിത്രം വൈദികരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവനും പാപ്പാ ലൂചിയാന്നിയുടെ നാമകരണ നടപടിക്രമങ്ങളുടെ പേസ്റ്റുലേറ്ററുമായ, കര്‍ദ്ദിനാള്‍ ബനിയാമീനോ സ്തേലാ പ്രകാശനം ചെയ്തു. “പാപ്പാ ലുച്യാനി, പരേതന്‍റെ പുരാവൃത്തം” - (Pope Luciani, the Chronicle of His Death) എന്നാണ് ഇറ്റാലിയന്‍ ഭാഷയില്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന ജീവചരിത്രത്തിന്‍റെ പേര്. പാപ്പാ ബെനഡിക്ട് പതിനാറാമന്‍, പാപ്പാ ലുച്യാനിയെ ചികിത്സിച്ചിരുന്ന ഡോക്ടര്‍, റെനാത്തോ ബസ്സൊണേത്തി തുടങ്ങിയ പ്രമുഖരുടെ സാക്ഷ്യങ്ങളിലൂടെയാണ് അത്യപൂര്‍വ്വമായ രീതിയില്‍ വാക്കുകളിലൂടെയും ചിത്രങ്ങളിലൂടെയും, ചരിത്രരേഖകളിലൂടെയും ദൈവദാസന്‍, ജോണ്‍ പോള്‍ ഒന്നാമന്‍റെ ജീവിതരേഖ ഫലേസ്കാ വരച്ചുകാട്ടുന്നത്. ഗ്രന്ഥത്തിന്‍റെ ആമുഖം കുറിച്ചിരിക്കുന്നത് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിനാണ്.
 
ലോകം അറിയുംമുന്‍പേ യാത്രയായി
പുതുയുഗ സന്ധിയില്‍ ക്രൈസ്തവ ആത്മീയതയുടെ ചക്രവാളത്തിലേയ്ക്ക് പുഞ്ചിരിയുമായി കടന്നുവന്ന ജോണ്‍ പോള്‍ ഒന്നാമന്‍ പാപ്പാ കാലംചെയ്തിട്ട് 4 പതിറ്റാണ്ടുകള്‍ പിന്നിട്ടു.
ജനം അടുത്തറിയും മുന്‍പേ സ്ഥാനോരോഹണത്തിന്‍റെ 33-Ɔ൦ ദിനത്തില്‍ മങ്ങാത്ത സ്മരണകള്‍ ലോകത്തിനും സഭയ്ക്കും നല്കിക്കൊണ്ട് 65-Ɔത്തെ വയസ്സില്‍ 1978 സെപ്റ്റംമ്പര്‍ 28-Ɔ൦ തിയതി പാപ്പാ ലുച്യാനി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. രക്തം കട്ടപിടിക്കുന്ന അത്യപൂര്‍വ്വ രോഗമാണ് “പുഞ്ചിരിക്കുന്ന പാപ്പായെ” മരണത്തിന്‍റെ പിടിയില്‍ അമര്‍ത്തിയത്.
 
നല്ലിടയന്‍റെ ജീവിതമാതൃക
വടക്കെ ഇറ്റലിയിലെ അഗോര്‍ത്തോ എന്ന ആല്‍പ്പൈന്‍ താഴ്വാര ഗ്രാമത്തിലെ ലുച്യാനി കുടുംബത്തില്‍ 1912 ഒക്ടോബര്‍ 17-Ɔ൦ തിയതിയായിരുന്നു അല്‍ബീനോ ലുച്യാനിയുടെ ജനനം. 1935-ല്‍ വടക്കെ ഇറ്റലിയിലെ ബെല്ലൂനോ രൂപതയില്‍ പൗരോഹിത്യം സ്വീകരിച്ചു. രൂപതയുടെ സെമിനാരി റെക്ടറായും സമര്‍ത്ഥനായ അദ്ധ്യാപകനുമായി സേവനംചെയ്യവെ 1958-ല്‍ ജോണ്‍ 23-Ɔമന്‍ പാപ്പാ അദ്ദേഹത്തെ ബെല്ലൂനോ രൂപതയുടെതന്നെ മെത്രാനായി നിയോഗിച്ചു. 1969-ല്‍ കര്‍ദ്ദിനാള്‍ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ട ബിഷപ്പ് ലുച്യാനിയെ 1978-ല്‍ പോള്‍‍ ആറാമന്‍ പാപ്പ വെനീസിലെ പാത്രിയര്‍ക്കിസായി നിയോഗിച്ചു.
 
എളിമ ജീവിത നിയമമാക്കിയ കര്‍ദ്ദിനാള്‍ ലുച്യാനി അജപാലന മേഖലയില്‍ ക്രിസ്തുവിന്‍റെ ഇടയരൂപവും സ്നേഹവും എവിടെയും പ്രകടമാക്കിയിരുന്നു.
 
പണ്ഡിതനായ അജപാലകന്‍
സൈദ്ധാന്തിക ദൈവശാസ്ത്രം, ധാര്‍മ്മിക ദൈവശാസ്ത്രം, സഭാനിയമം, ക്രൈസ്തവ കലകള്‍ എന്നീ വിഷയങ്ങളില്‍ ഡോക്ടര്‍ ബിരുദങ്ങളുണ്ടായിരുന്ന കര്‍ദ്ദിനാള്‍ ലൂചിയാനി നല്ല അദ്ധ്യാപകനും വാഗ്മിയുമായിരുന്നു. അദ്ദേഹത്തിന്‍റെ ജീവിതബന്ധിയായ പ്രഭാഷണങ്ങളും പ്രസംഗങ്ങളും ജനപ്രീതിയാര്‍ജ്ജിച്ചു. പോള്‍ ആറാമന്‍ പാപ്പായുടെ കാലവിയോഗത്തെ തുടര്‍ന്നാണ് വെനീസിലെ പാത്രിയര്‍ക്കിസായിരുന്ന കര്‍ദ്ദിനാള്‍ അല്‍ബീനോ ലുച്യാനിയെ 1978 ആഗസ്റ്റ് 26-Ɔ൦ തിയതി വിശുദ്ധ പത്രോസിന്‍റെ 263-Ɔമത്തെ പിന്‍ഗാമിയായി കര്‍ദ്ദിനാള്‍ സംഘം തിരഞ്ഞെടുത്തത്.
 

Source: vaticannews

Attachments
Back to Top

Never miss an update from Syro-Malabar Church