കുടുംബങ്ങൾ മാനുഷീക വളർച്ചയുടെ പാഠശാലകളായിത്തീരട്ടെ!::Syro Malabar News Updates കുടുംബങ്ങൾ മാനുഷീക വളർച്ചയുടെ പാഠശാലകളായിത്തീരട്ടെ!
03-August,2019

"കുടുംബങ്ങൾ അവരുടെ പ്രാർത്ഥനാ ജീവിതത്തിലൂടെയും, സ്നേഹത്തിലൂടെയും യഥാർത്ഥ മാനുഷീക വളർച്ചയുടെ കൂടുതൽ പ്രകടമായ പാഠശാലകളായിത്തീരട്ടെ."
 
പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ, ആഗസ്റ്റ് മാസത്തിന്‍റെ പ്രാർത്ഥനാ നിയോഗമായി തിരുസഭാ മക്കൾക്ക് നൽകുന്നത് കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുവാനാണ്. യഥാർഥ മനുഷ്യ വികസനത്തിന്‍റെ  പാഠശാലകളായി ഓരോ കുടുംബവും രൂപാന്തരപ്പെടുവാൻ ദൈവത്തോടു അപേക്ഷിക്കണമെന്ന് പാപ്പാ നമ്മോടു ഈ പ്രാർത്ഥനാ നിയോഗത്തിലൂടെ ആഹ്വാനം ചെയ്യുന്നു. കുടുംബങ്ങൾ എങ്ങനെയാണ് മാനവവളർച്ചയുടെ പാഠശാലകളായിരിക്കേണ്ടതെന്നും പാപ്പാ വ്യക്തമാക്കുന്നു. പ്രാർത്ഥനയുടെയും സ്നേഹത്തിന്‍റെയും ജീവിതത്തിലൂടെ മനുഷ്യന്‍റെ വളർച്ചയെ സാധ്യമാക്കിയെടുക്കാമെന്ന് പാപ്പാ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
 
കാരുണ്യത്തിന്‍റെ അസാധാരണ ജൂബിലി വേളയിൽ, 2016 മാർച്ച് 19ന് വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുന്നാളിൽ ഫ്രാൻസിസ് പാപ്പായുടെ പരമാചാര്യത്വത്തിന്‍റെ നാലാം വർഷത്തിൽ റോമിൽ സെന്‍റ് പീറ്റേഴ്സിൽ വച്ച് സഭാ മക്കൾക്ക് പാപ്പാ നൽകിയ ഒരു അപ്പോസ്ത്തലപ്രബോധനമാണ് "AMORIS LAETITIA" അഥവാ "സ്നേഹത്തിന്‍റെ ആനന്ദം" എന്നറിയപ്പെടുന്ന പ്രബോധനം. കുടംബത്തിലെ സ്നേഹത്തെ കുറിച്ചും, സമൂഹത്തിന് കുടുംബം നൽകുന്ന സംഭാവനകളെ കുറിച്ചും പാപ്പാ ഈ പ്രബോധനത്തിലുടനീളം സംസാരിക്കുന്നു. ഈ പ്രബോധനം തിരുകുടുംബത്തോടുള്ള മനോഹരമായ ഒരു പ്രാർത്ഥനയോടുകൂടുയാണ് അവസാനിക്കുന്നത്.
 
കുടുംബങ്ങൾക്ക് വേണ്ടി പാപ്പായുടെ പ്രാർത്ഥന
 
ഈശോ, മറിയം യൗസേപ്പേ, യഥാർത്ഥ സ്നേഹത്തിന്‍റെ മഹത്വം നിങ്ങളിൽ ഞങ്ങൾ ധ്യാനിക്കുന്നു.വിശ്വാസത്തോടെ ഞങ്ങൾ തിരുകുടുംബത്തിലേക്കു തിരിയുന്നു. നസ്രത്തിലെ തിരുകുടുംബമേ, ഞങ്ങളുടെ കുടുംബങ്ങളും കൂട്ടായ്മയുടെയും പ്രാർത്ഥനയുടെയും ഭവനങ്ങളും സുവിശേഷത്തിന്‍റെ യഥാർത്ഥ പാഠശാലകളും ചെറിയ ഗാർഹികസഭകളുമാക്കി തീർക്കുവാൻ കനിയണമേ. നസ്രത്തിലെ തിരുക്കുടുംബമേ, കുടുംബങ്ങളിൽ ഇനി ഒരിക്കലും അക്രമവും,അവഗണനയും,വിഭാഗീയതയും അനുഭവപ്പെടാതിരിക്കട്ടെ. ഏതെങ്കിലും രീതിയിൽ മുറിവേൽക്കുകയോ അപകീർത്തിക്ക് വിധേയരാവുകയോ ചെയ്ത എല്ലാവരും സൗഖ്യവും ആശ്വാസവും   കണ്ടെത്തുവാൻ ഇടയാകട്ടെ!നസ്രത്തിലെ തിരുക്കുടുംബമേ, ഞങ്ങളെ ഒരിക്കൽ കൂടി ദൈവികപദ്ധതിയിൽ കുടുംബത്തിനുള്ള പവിത്രതയെയും അവിഭാജ്യതയെയും അതിന്‍റെ സൗന്ദര്യത്തെയും കുറിച്ച് ചിന്തയുള്ളവരാക്കേണമേ. ഈശോ മറിയം യൗസേപ്പേ, കാരുണ്യപൂർവ്വം ഞങ്ങളുടെ പ്രാർത്ഥനകേൾക്കേണമേ! ആമേൻ.
 
ദൈവം സൃഷ്ട്ടിച്ച കുടുംബം
 
കുടുംബം സഭയുടെയും സമൂഹത്തിന്‍റെയും അടിസ്ഥാന ഘടകമാണ്. കുടുംബമാണ് ഓരോ വ്യക്തിയുടെയും ആദ്യത്തെ പാഠശാല. എന്തുകൊണ്ടാണ് കുടുംബത്തെ ഇത്രമാത്രം ശ്രേഷ്ഠമായി സമൂഹം കാണുന്നത്. കാരണം കുടുംബ ജീവിതത്തിന്‍റെ ആരംഭവും അതിന്‍റെ അന്ത്യവും ദൈവത്തിൽ നിന്നാരംഭിച്ച് ദൈവത്തിൽ തന്നെ അവസാനിക്കുന്നത് കൊണ്ടാണ്. പറുദീസായുടെ പരിശുദ്ധിയിൽ  ദൈവം കുടുംബത്തെ സൃഷ്ടിക്കുന്നത് വളരെ മനോഹരമായി ഉല്‍പ്പത്തി പുസ്തകം നമ്മോടു പറഞ്ഞു തരുന്നു.
 
“ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്‌തു: മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല; അവനു ചേര്‍ന്ന ഇണയെ ഞാന്‍ നല്‍കും. ദൈവമായ കര്‍ത്താവ്‌ ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ സകല പക്ഷികളെയും മണ്ണില്‍നിന്നു രൂപപ്പെടുത്തി. അവയ്‌ക്കു മനുഷ്യന്‍ എന്തു പേരിടുമെന്ന്‌ അറിയാന്‍ അവിടുന്ന്‌ അവയെ അവന്‍റെ മുമ്പില്‍ കൊണ്ടുവന്നു. മനുഷ്യന്‍ വിളിച്ചത്‌ അവയ്‌ക്കു പേരായിത്തീര്‍ന്നു. എല്ലാ കന്നുകാലികള്‍ക്കും ആകാശത്തിലെ പറവകള്‍ക്കും വയലിലെ മൃഗങ്ങള്‍ക്കും അവന്‍ പേരിട്ടു. എന്നാല്‍, തനിക്കിണങ്ങിയ തുണയെ കണ്ടില്ല. അതുകൊണ്ട്‌, ദൈവമായ കര്‍ത്താവ്‌ മനുഷ്യനെ ഗാഢനിദ്രയിലാഴ്‌ത്തി, ഉറങ്ങിക്കിടന്ന അവന്‍റെ  വാരിയെല്ലുകളില്‍ ഒന്ന്‌ എടുത്തതിനുശേഷം അവിടം മാംസംകൊണ്ടു മൂടി. മനുഷ്യനില്‍നിന്ന്‌ എടുത്ത വാരിയെല്ലുകൊണ്ട്‌ അവിടുന്ന്‌ ഒരു സ്‌ത്രീക്കു രൂപംകൊടുത്തു. അവളെ അവന്‍റെ മുമ്പില്‍കൊണ്ടുവന്നു. അപ്പോള്‍ അവന്‍ പറഞ്ഞു: ഒടുവില്‍ ഇതാ എന്‍റെ അസ്ഥിയില്‍നിന്നുള്ള അസ്ഥിയും മാംസത്തില്‍നിന്നുള്ള മാംസവും. നരനില്‍നിന്ന്‌ എടുക്കപ്പെട്ടതുകൊണ്ട്‌ നാരിയെന്ന്‌ ഇവള്‍ വിളിക്കപ്പെടും.
അതിനാല്‍, പുരുഷന്‍ മാതാപിതാക്കളെ വിട്ട്‌ ഭാര്യയോടു ചേരും. അവര്‍ ഒറ്റ ശരീരമായിത്തീരും. പുരുഷനും അവന്‍റെ ഭാര്യയും നഗ്നരായിരുന്നു. എങ്കിലും അവര്‍ക്കു ലജ്ജ തോന്നിയിരുന്നില്ല.” (ഉല്‍പത്തി.2 :18-25)
 
കുടുംബം എന്നത് സ്ത്രീയും പുരുഷനും ചേർന്നതാണ്. സൃഷ്ടിയുടെ ആരംഭത്തിൽ ദൈവത്തിന്‍റെ  ഭാവനയിലുള്ള കുടുംബത്തിൽ സ്ത്രീയും പുരുഷനും ചേർന്ന കൂട്ടായ്മയുടെ സൗന്ദര്യമുണ്ടായിരുന്നു. ആദിമ മനുഷ്യന്‍റെ ആദ്യ നൊമ്പരം ഏകാന്തതയായിരുന്നു. ദൈവം അവനിണങ്ങിയ തുണയെ നൽകി  അവന്‍റെ ഏകാന്തതയ്ക്ക് ഉത്തരം നൽകി. അത് ഇന്നും തുടർന്നു കൊണ്ടിരിക്കുന്നു.  സന്തോഷത്തിലും ദുഃഖത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും ഒരുമിച്ച് ജീവിച്ചുകൊണ്ടും, പരസ്പരം സ്നേഹിച്ചും, സേവിച്ചും, സഹായിച്ചും, സമർപ്പിച്ചും പരസ്പര സമഗ്ര വികസനത്തിനു സഹായിക്കുന്നവരാണ് ദമ്പതികൾ.  അവരുടെ ദാമ്പത്യത്തിന്‍റെ പരിശുദ്ധി പൂർത്തീകരിക്കപ്പെടുന്നത് മക്കളെ ജനിപ്പിക്കുന്നതിലൂടെയാണ്. ഫ്രാൻസിസ് മാർപാപ്പാ ആഗസ്റ്റ് മാസത്തിലെ പ്രാർത്ഥന നിയോഗത്തിൽ കുടുംബം പ്രാർത്ഥനയിലൂടെയും സ്നേഹത്തിലൂടെയും മാനവ വളർച്ചയുടെ പാഠശാലകൾ ആയിരിക്കണമെന്ന് ആവശ്യപ്പെടുന്നു. പ്രാർത്ഥനാനുഭവത്തിന്‍റെ  സന്തോഷവും, പ്രശാന്തതയും എങ്ങനെയാണ് നമ്മുടെ കുടുംബങ്ങളിൽ സ്വന്തമാക്കാൻ കഴിയുന്നത്?
 
പറുദീസയിൽ  ആരംഭിച്ച പ്രാർത്ഥനാനുഭവം  
 
കുടുംബത്തിന്‍റെ പ്രാർത്ഥനാനുഭവം ആരംഭിക്കുന്നത് പറുദീസയിൽ തന്നെയാണ്. ഏദൻ തോട്ടത്തിൽ കുടുംബത്തിന് ജന്മം നൽകിയ ദൈവം അവരോടൊപ്പം സഞ്ചരിക്കുന്നു. ഏദൻ തോട്ടത്തിന്‍റെ സമൃദ്ധിയുടെയും സൗന്ദര്യത്തിന്‍റെയും മദ്ധ്യേ ദൈവവും പുരുഷനും സ്ത്രീയും ഉലാത്തുന്ന രംഗം ബൈബിളിൽ നാം കാണുന്നു. ഇതാണ് പ്രാർത്ഥനാ അനുഭവം. ദൈവത്തോടൊത്ത് കുടുംബം സഞ്ചരിക്കുന്നു. ദൈവത്തോടൊപ്പം കുടുംബം പങ്കുവയ്ക്കുന്നു. ദൈവത്തോടൊപ്പമിരുന്ന് ഭക്ഷിക്കുന്നു. ദൈവത്തിന്‍റെ സ്വപ്നങ്ങൾക്കിണങ്ങി ജീവിക്കുന്നു. ഇന്ന് നമ്മുടെ കുടുംബങ്ങളിലുണ്ടാകുന്ന സമ്മർദ്ദങ്ങളിലും, സംഘർഷങ്ങളിലും മാത്രമല്ല നമ്മുടെ സന്തോഷങ്ങളിലും ദൈവത്തിന്‍റെ സാന്നിധ്യം ഉണ്ടാകുമ്പോഴാണ് നമ്മുടെ കുടുംബങ്ങൾ വിശുദ്ധിയുടെ ദേവാലയങ്ങളും വികസനത്തിന്‍റെ  പാഠശാലകളായി മാറുന്നത്.
 
ഒരു സ്ത്രീയും പുരുഷനും കുടുംബജീവിതത്തിന്‍റെ പരിശുദ്ധിയിലേക്ക് പ്രവേശിക്കേണ്ടത് എങ്ങനെയെന്ന് പഴയനിയമത്തിൽ തോബിത്തിന്‍റെ പുസ്തകം നമ്മെ പഠിപ്പിക്കുന്നു. തോബിത്തിന്‍റെ പുത്രനായ തോബിയാസിന്‍റെ  വിവാഹ രാത്രിയെക്കുറിച്ച് ബൈബിൾ പരാമർശിക്കുന്നതിങ്ങനെയാണ്.
 
“മണവറയില്‍ അവര്‍ തനിച്ചായപ്പോള്‍ തോബിയാസ്‌ എഴുന്നേറ്റ് സാറായോടു പറഞ്ഞു: നമുക്ക്‌ എഴുന്നേറ്റു കര്‍ത്താവിന്‍റെ കാരുണ്യത്തിനായി പ്രാര്‍ഥിക്കാം.
തോബിയാസ്‌ ഇങ്ങനെ പ്രാര്‍ത്ഥിച്ചു: ഞങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമേ, അവിടുന്ന്‌ വാഴ്‌ത്തപ്പെടട്ടെ! അവിടുത്തെ വിശുദ്ധവും മഹനീയവുമായ നാമം എന്നെന്നും വാഴ്‌ത്തപ്പെടട്ടെ! ആകാശവും അങ്ങയുടെ സകലസൃഷ്‌ടികളും അങ്ങയെ വാഴ്‌ത്തട്ടെ! അവിടുന്ന്‌ ആദത്തെ സൃഷ്‌ടിച്ചു. അവനു തുണയും താങ്ങുമായി ഹവ്വായെ ഭാര്യയായി നല്‍കി. അവരില്‍നിന്നു മാനവവംശം ഉത്ഭവിച്ചു. അവിടുന്ന്‌ പറഞ്ഞു: മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല. അവനുവേണ്ടി അവനെപ്പോലുള്ള ഒരു തുണയെ നമുക്കു സൃഷ്‌ടിക്കാം.കര്‍ത്താവേ, ഞാന്‍ ഇവളെ സ്വീകരിക്കുന്നത്‌ ജഡികമായ അഭിലാഷത്താലല്ല, നിഷ്‌കളങ്കമായ പ്രേമത്താലാണ്‌. അങ്ങയുടെ കാരുണ്യം എനിക്ക്‌ ഉണ്ടാകണമേ! ഇവളോടൊത്തു വാര്‍ദ്ധക്യത്തിലെത്തുന്നതിന്‌ അവിടുന്ന്‌ അനുഗ്രഹിച്ചാലും! അവള്‍ ആമേന്‍ എന്ന്‌ ഏറ്റുപറഞ്ഞു.”(തോബിത്‌.8 : 4-8)
 
തോബിയാസിന്‍റെയും അവന്‍റെ ഭാര്യയുടെയും പ്രാർത്ഥനയുടെ ബലമാണ് പിന്നീടുള്ള തോബിത്തിന്‍റെ ജീവിതത്തിൽ കാണുവാൻ കഴിയുന്നത്. ഇങ്ങനെ പ്രാർത്ഥനയുടെ ബലത്തിൽ നിന്നാണ് കുടുംബജീവിതം വിടരുന്നുവെങ്കിൽ കുടുംബം എപ്പോഴും സ്നേഹത്തിന്‍റെ സുഗന്ധവും സൗന്ദര്യവും പകരുന്നതായിരിക്കും.
 
കുടുംബത്തെ കുറിച്ച് സഭാപ്രബോധനങ്ങൾ
 
കുടുംബത്തെ കുറിച്ച് സഭാപ്രബോധനങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു. രണ്ടാം വത്തിക്കാൻ കൗൺസിൽ "ആനന്ദവും പ്രത്യാശയും"(Gaudium et Spes) എന്ന അജപാലന പ്രമാണരേഖയിൽ "വിവാഹത്തിന്‍റെയും കുടുംബത്തിന്‍റെയും അന്തസ്സ് പ്രോത്സാഹിപ്പിക്കാനുള്ള" താത്പര്യം പ്രകടമാക്കി കൊണ്ട് സ്നേഹത്തെ കുടുംബത്തിന്‍റെ കേന്ദ്രത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്തു. 'ജനതകളുടെ പ്രകാശം'  (Lumen Gentium )എന്ന പ്രബോധനത്തിൽ ദമ്പതികൾക്കു ഗാർഹീക സഭ രൂപീകരിക്കുവാൻ കൃപ ലഭിക്കുന്നുവെന്ന് വെളിപ്പെടുത്തുന്നു. രണ്ടാം വത്തിക്കാൻ കൗൺസിസിലിന്‍റെ  പശ്ചാത്തലത്തിൽ പോൾ ആറാമൻ മാർപാപ്പാ ‘മനുഷ്യ ജീവൻ’ (Humane Vitae) എന്ന ചാക്രീക ലേഖനത്തിലൂടെ  വിവാഹത്തെയും കുടുംബത്തെയും കുറിച്ചുള്ള സഭയുടെ പ്രബോധനം കൂടുതൽ വികസിപ്പിച്ചു. “ഉത്തരവാദിത്വമുള്ള മാതൃത്വത്തിന്‍റെയും പിതൃത്വത്തിന്‍റയും കാര്യത്തിൽ ഭാര്യഭർത്താക്കന്മാർ അവരുടെ കടമകളെക്കുറിച്ച് തികഞ്ഞ അവബോധം ഉള്ളവരായിരിക്കണം എന്ന് വൈവാഹികസ്നേഹം ആവശ്യപ്പെടുന്നു.” എന്ന് പാപ്പാ വെളിപ്പെടുത്തി.
 
‘സുവിശേഷ പ്രഘോഷണം’(Evangelii Nuntiandi)  എന്ന അപ്പോസ്തലിക ആഹ്വാനത്തിൽ പോൾ ആറാമൻ മാർപാപ്പാ കുടുംബവും സഭയും തമ്മിലുള്ള ബന്ധത്തെ ഉയർത്തിക്കാണിച്ചു. ‘കുടുംബങ്ങൾക്കുള്ള വളരെ കൃതജ്ഞതയോടെ കൂടി” (Grattissimam Sane) എന്ന ലേഖനത്തിൽ എന്ന അജപാലന പ്രമാണരേഖയില്‍ വിശേഷിച്ച് ‘കുടുംബം ഒരു പങ്കാളിത്തം’(Familiaris Consortio) എന്ന തന്‍റെ അപ്പോസ്തോലിക ആഹ്വാനത്തിലും മനുഷ്യസ്നേഹത്തെ കുറിച്ചുള്ള പ്രബോധനത്തിലും വിശുദ്ധ ജോൺപോൾ രണ്ടാമൻ കുടുംബത്തിന് പ്രത്യേക ശ്രദ്ധ നൽകി. ഈ രേഖകളിൽ കുടുംബത്തെ ‘സഭയുടെ മാർഗ്ഗം’ എന്നാണ് മാർപാപ്പാ നിർവചിച്ചത്. ‘ദൈവം സ്നേഹമാകുന്നു’ (Deus Caritas Est) എന്ന തന്‍റെ ചാക്രികലേഖനത്തിൽ ക്രൂശിതനായ ക്രിസ്തുവിന്‍റെ സ്നേഹത്തിൽ മാത്രം പൂർണ്ണമായി പ്രകാശിതമാകുന്ന സ്ത്രീപുരുഷ സ്നേഹത്തിന്‍റെ സത്യം എന്ന വിഷയം ബെനഡിക്ട് പതിനാറാമൻ മാർപാപ്പാ വീണ്ടും പരാമർശിച്ചു. ‘സത്യത്തിൽ സ്നേഹം’ (Caritas In Veritate) എന്ന ചാക്രികലേഖനത്തിൽ സാമൂഹ്യജീവിതത്തിലെ ഒരു തത്വം എന്ന നിലയിൽ സ്നേഹത്തിന്‍റെ പ്രാധാന്യം അദ്ദേഹം ഉയർത്തിക്കാട്ടിയെന്ന് ഫ്രാൻസിസ് പാപ്പാ ‘സ്നേഹത്തിന്‍റെ ആനന്ദം’ എന്ന അപ്പോസ്തോലിക പ്രബോധനത്തിൽ ചൂണ്ടിക്കാണിക്കുന്നു.
 
കുടുംബത്തിൽ മാതാപിതാക്കളുടെ സ്നേഹമാണ് മക്കളുടെ വിശുദ്ധ ജീവിതത്തിന്‍റെ അടിസ്ഥാനം. മക്കളുടെ ആദ്യത്തെ ഗുരുക്കന്മാര്‍ മാതാപിതാക്കന്മാരാണ്.വിവാഹം എന്ന കൂദാശയിലൂടെ ദൈവത്തിന്‍റെയും സഭയുടെയും സമൂഹത്തിന്‍റെയും മുന്നിൽ ഒന്നായിത്തീർന്ന സ്ത്രീ പുരുഷന്മാരുടെ പ്രാർത്ഥനയുടെയും സ്നേഹത്തിന്‍റെയും അടിസ്ഥാനത്തിൽ നിന്നാണ് കുടുംബത്തിന്‍റെ പരിശുദ്ധി ജനിക്കുന്നത്.
 
ഇന്ന് നമ്മുടെ കുടുംബങ്ങളിൽ നിന്നും സ്നേഹവും പ്രാർത്ഥനയും അന്യമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കുടുംബങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ പാപ്പാ നമ്മോടു ഈ മാസം ആവശ്യപ്പെടുന്നു. നമ്മുടെ കുടുംബങ്ങളിൽ നന്മ നൽകുവാനും ആ നന്മയുടെ അനുഭവം മറ്റുള്ള കുടുംബങ്ങളിൽ പടരുവാനും അങ്ങനെ ഈ ലോകമാകുന്ന വലിയ കുടുംബത്തിൽ എല്ലാവരും ശാന്തിയുടെയും  സമാധാനത്തിന്‍റെയും സംതൃപ്തിയുടെയും അനുഭവം സ്വന്തമാക്കാൻ നമ്മുടെ കുടുംബങ്ങളെ ദൈവം അനുഗ്രഹിക്കുവാൻ നമുക്ക് പാപ്പായോടു ചേർന്ന് പ്രാർത്ഥിക്കാം. തിരുക്കുടുംബത്തിന്‍റെ സ്നേഹവും പരിശുദ്ധ ത്രീത്വത്തിന്‍റെ ഐക്യവും നമ്മുടെ കുടുംബങ്ങളിലുണ്ടാകട്ടെ.

Source: vaticannews

Attachments
Back to Top

Never miss an update from Syro-Malabar Church