സെന്‍റ് തോമസിന്‍റെ വിശ്വാസം പ്രഘോഷിക്കണം, കൂട്ടായ്മാനുഭവം വളർത്തണം: മാർ ആലഞ്ചേരി::Syro Malabar News Updates സെന്‍റ് തോമസിന്‍റെ വിശ്വാസം പ്രഘോഷിക്കണം, കൂട്ടായ്മാനുഭവം വളർത്തണം: മാർ ആലഞ്ചേരി
03-August,2019

ഹൂസ്റ്റൺ: വിശുദ്ധ തോമാശ്ലീഹാ പകർന്നുതന്ന വിശ്വാസപാരമ്പര്യം പ്രഘോഷിക്കാനും ആ പൈതൃകത്തിൽ ഉറച്ചുനിന്ന് കൂട്ടായ്മാനുഭവം ശക്തിപ്പെടുത്താനും വിശ്വാസികൾ തയാറാകണമെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ഹൂസ്റ്റണിൽ നടക്കുന്ന സീറോ മലബാർ നാഷണൽ കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാർത്തോമ വിശ്വാസപൈതൃകം ശക്തിപ്പെടുത്താനുള്ള അവസരമായി കൺവൻഷൻ മാറണമെന്നും അദ്ദേഹം കൂട്ടിചേർത്തു.
 
‘എന്‍റെ കർത്താവേ, എന്‍റെ ദൈവമേ’ എന്ന് വിശ്വാസം പ്രഘോഷിച്ച മാർത്തോമാ ശ്ലീഹായുടെ പിൻഗാമികളാണ്‌ നാം. ഈ വിശ്വാസ പാരമ്പര്യം നമ്മുടെ പിൻതലമുറയിലേക്ക് പകർന്നുകൊടുക്കണം. കുട്ടികളിലും യുവജനങ്ങളിലുമാണ് സഭയുടെ ഭാവി. ഇവിടെ സമ്മേളിച്ചിരിക്കുന്ന യുവജനങ്ങളുടെ വലിയ സാന്നിധ്യം ശ്രദ്ധേയമാണ്. ഇതുവരെ നടന്ന ഇതര കൺവൻഷനുകളുമായി താരതമ്യം ചെയ്യുമ്പോൾ ദൈവീക സ്പർശമുള്ള കൺവൻഷൻ എന്നാണ് ഇത്തവണത്തെ സമ്മേളനത്തെ മാർ ആലഞ്ചേരി വിശേഷിപ്പിച്ചത്.
 
ഒന്നൊഴിച്ചു എല്ലാ കൺവൻഷനിലും പങ്കെടുത്തിട്ടുണ്ട്. പങ്കാളിത്തം കൊണ്ടും സംഘാടനമികവുകൊണ്ടും ഏറെ സവിശേഷതകളുള്ള കൺവൻഷനാണിതെന്നും മാർ ആലഞ്ചേരി പറഞ്ഞു. കൺവൻഷൻ കൺവീനർ ഫാ. കുര്യൻ നെടുവേലിചാലുങ്കലിനെ പ്രത്യേകം അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല.
 
ഷിക്കാഗോ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് അധ്യക്ഷത വഹിച്ചു. പ്രേഷിതവേലയുടെ ഉത്തരവാദിത്വവും മാർതോമായുടെ വിശ്വാസ മാർഗവും ഉൾക്കൊള്ളണമെന്ന് അദ്ദേഹം യുവതലമുറയെ ആഹ്വാനം ചെയ്തു. അമേരിക്കയിലെ സീറോ മലബാർ സഭ ചരിത്രപരമായ 18 വർഷം പൂർത്തിയാക്കിയ സാഹചര്യത്തിൽ വിശ്വാസപ്രഘോഷണത്തിന്‍റെ അടുത്ത പടിയെക്കുറിച്ച് ചിന്തിക്കേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു.
 
സഹായമെത്രാൻ മാർ ജോയ് ആലപ്പാട്ട് സ്വാഗതം ആശംസിച്ചു. 1970 മുതൽ ഇന്ത്യയിൽ നിന്നുവന്ന കുടിയേറ്റ ജനതയിലൂടെ ആരംഭിച്ച്, ഇന്ന് വലിയൊരു കൂട്ടായ്മയായി മാറിയ അമേരിക്കയിലെ സീറോ മലബാർ സഭയുടെ ചരിത്രവഴികൾ പരാമർശിച്ചുകൊണ്ടായിരുന്നു സ്വാഗത പ്രസംഗം.
 
മിസിസൗഗ സീറോ മലബാർ ബിഷപ് മാർ ജോസ് കല്ലുവേലിൽ, തലശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ളാനി, ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ, ഹൂസ്റ്റൺ മേയർ സിൽവസ്റ്റർ ടർണർ, ജസ്റ്റീസ് കുര്യൻ ജോസഫ്, ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് ജോർജ് കെ.പി, കൺവെൻഷൻ കൺവീനർ ഫാ. കുര്യൻ നെടുവേലിചാലുങ്കൽ, കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്‍റ് അഡ്വ. ബിജു പറയന്നിലം, കൺവൻഷൻ ചെയർമാൻ അലക്‌സാണ്ടർ കുടക്കച്ചിറ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. കൺവൻഷൻ സെക്രട്ടറി പോൾ ജോസഫ് നന്ദി പറഞ്ഞു. അനീഷ് സൈമൺ പരിപാടിയുടെ എംസി ആയിരുന്നു.

Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church